നാട്ടിലെത്താന്‍ കൊതിയാകുന്നു! ലണ്ടനില്‍ നിന്നും മാനസപുത്രി താരം ശ്രീകല
എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ശ്രീകല. സീരിയലുകള്‍ക്ക് പുറമെ സിനിമയിലും തിളങ്ങിയിരുന്നു താരം. മാനസപുത്രിയില്‍ സോഫിയ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് നടി മലയാളികളുടെ ഇഷ്ടം നേടിയത്. മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളില്‍ ശ്രീകല അഭിനയിച്ചിരുന്നു.
സീരിയലുകളില്‍ നിറഞ്ഞുനിന്ന താരം കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവിനൊപ്പം യുകെയിലാണ്. ഭര്‍ത്താവ് വിപിന്‍ അവിടെ ഐടി പ്രൊഫഷനലാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലണ്ടനിലെ ജീവിതത്തെക്കുറിച്ച് ശ്രീകല മനസുതുറന്നിരുന്നു.

നഗരത്തില്‍ നിന്നും മാറിയുളള ഒരുള്‍ പ്രദേശത്താണ് ലണ്ടനില്‍ ഞങ്ങളുടെ വീടെന്ന് ശ്രീകല പറയുന്നു. നാട്ടിലെ പോലെയല്ല ഇവിടുത്ത സംസ്‌കാരം. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. കോവിഡ് സമയത്ത് രോഗം വന്നാല്‍ വീട്ടിലിരിക്കുക. പാരസെറ്റമോള്‍ കഴിക്കുക. ഇതാണ് രീതി. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് പലരും ആശുപത്രികളില്‍ എത്തുക.

നമ്മുടെ സ്വന്തം ഫ്‌ളാറ്റില്‍ പോലും അനാവശ്യമായി ഒച്ചയൊന്നും ഉണ്ടാക്കാന്‍ പാടില്ല. ഞാന്‍ വന്ന സമയത്ത് ഫ്‌ളാറ്റില്‍ നൃത്തം അഭ്യസിച്ചിരുന്നു. അടുത്ത ദിവസം താഴെയുളളവര്‍ വന്ന് പരാതി പറഞ്ഞു. നമ്മുടെ നാട്ടില്‍ വളരെ ഭംഗിയായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വാര്‍ത്തകളിലൂടെ കാണാറുണ്ട്. നാട് എറ്റവുമധികം മിസ് ചെയ്യുന്ന സമയമാണ്. ഫ്‌ളാറ്റിനുളളില്‍ അടച്ചിരുപ്പാണ്.

രാത്രിയാകുമ്പോള്‍ ആരും കാണാതെ ഫ്‌ളാറ്റിന്റെ കോമ്പൗണ്ടിലൂടെ കുറച്ചുനേരം വലംവെയ്ക്കും. അത് മാത്രമാണ് ഒരാശ്വാസം. ഞങ്ങളുടെ അടുത്തൊന്നും അധികം മലയാളികളില്ല. കോവിഡ് എത്രയം വേഗം നിയന്ത്രണ വിധേയമാകണേ എന്നാണ് ഇപ്പോഴുളള പ്രാര്‍ത്ഥന. എന്നിട്ട് വേണം നാട്ടിലേക്കുളള യാത്ര പ്ലാന്‍ ചെയ്യാന്‍. അഭിമുഖത്തില്‍ നടി പറഞ്ഞു.

കണ്ണുരാണ് ശ്രീകലയുടെയും ഭര്‍ത്താവ് വിപിന്റെയും സ്വദേശം. ഇവര്‍ക്ക് സംവേദ് എന്നൊരു മകനുണ്ട്. മകന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. സീരിയലുകളുടെ ആസ്ഥാനമായ തിരുവന്തപുരത്ത് രണ്ട് വര്‍ഷം മുന്‍പ് ഒരു വില്ല വാങ്ങിച്ച കാര്യവും ശ്രീകല പറഞ്ഞു. എന്നാല്‍ അവിടെ അധികം താമസിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് ഓണ്‍സൈറ്റ് വര്‍ക്കിന് യുകെയിലേക്ക് പോയതിനാല്‍ ശ്രീകലയും മകനും കൂടെ പോവുകയായിരുന്നു. മലയാളത്തില്‍ കാര്യസ്ഥന്‍, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛന്‍, ഉറുമി, നാടോടി മന്നന്‍, തിങ്കള്‍ മുതല്‍ വെളളി വരെ തുടങ്ങിയ സിനിമകളില്‍ ശ്രീകല അഭിനയിച്ചിരുന്നു. കൂടാതെ 25ധികം സീരിയലുകളിലും നടി തന്റെ കരിയറില്‍ അഭിനയിച്ചു.


Click it and Unblock the Notifications











