സീരിയലില്‍ ഒരുമിച്ചഭിനയിച്ച് ഇഷ്ടത്തിലായി, ഇപ്പോള്‍ മനം പോലെ മാംഗല്യമായി! വിവാഹത്തെ കുറിച്ച് നടി സ്വാസിക
സീരിയലിലും സിനിമയിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന നടിയാണ് സ്വാസിക വിജയ്. മുന്‍പ് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന നടി ഉടന്‍ വിവാഹിതയാവാന്‍ പോവുകയാണ്. താന്‍ പ്രണയത്തിലാണെന്ന് ഒരു സൂചന പോലും തരാതെയാണ് സ്വാസിക തന്റെ വിവാഹത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകള്‍ക്കിടയിലായിരുന്നു ജനുവരിയില്‍ താന്‍ വിവാഹിതയാവുമെന്ന് പറഞ്ഞത്. തിരുവനന്തപുരത്ത് വച്ച് ഈ മാസമാണ് സ്വാസികയുടെ വിവാഹം. ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ തന്റെ വിവാഹത്തെ കുറിച്ചും വരനെ പറ്റിയുമൊക്കെ നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

താനിപ്പോള്‍ വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് സ്വാസിക പറയുന്നത്. ജനുവരി ഇരുപത്തിയാറിനാണ് വിവാഹം. തന്റെ വീട് മൂവാറ്റുപുഴയാണെങ്കിലും തിരുവനന്തപുരത്ത് വച്ചാണ് വിവാഹം നടക്കുന്നതെന്ന് പറയുകയാണ് സ്വാസിക. താന്‍ വിവാഹം കഴിക്കുന്നയാളുടെ പേര് പ്രേം ജേക്കബ് എന്നാണ്. തിരുവനന്തപുരത്താണ് വീട്. അദ്ദേഹത്തിന്റെ പിതാവ് ജേക്കബ് ജോര്‍ജ് ജേര്‍ണലിസ്റ്റാണ്.
ഞങ്ങള്‍ രണ്ട് പേരും സീരിയലില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് രണ്ടാളും കാണുന്നത്. മനംപോലെ മാംഗല്യം എന്ന സീരിയലിലാണ് അഭിനയിച്ചിരുന്നത്. അതിന്റെ പേര് പോലെ തന്നെ ജീവിതത്തിലും സംഭവിച്ചു. അന്ന് ഒരുമിച്ച് അഭിനയിച്ചെങ്കിലും അതൊക്കെ കഴിഞ്ഞിട്ടാണ് ഞങ്ങള്‍ ഇഷ്ടത്തിലാവുന്നത്.
പ്രേമിന്റെ സഹോദരന്‍ ശ്യാമും അഭിനയിക്കാന്‍ ഇഷ്ടമുള്ള ആളാണ്. ഇരുവരും കൂടുതല്‍ അഭിനയത്തില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. പ്രേം തമിഴിലും തെലുങ്കിലുമൊക്കെ സീരിയല്‍ ചെയ്തു. സഹോദരന്‍ ശ്യാമും സിനിമയുമായി തിരക്കിലാണ്.
അതേ സമയം അഭിനയിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും നടി പറയുകയാണ്. സിനിമയോ, സീരിയലോ, നാടകമോ എന്താണെങ്കിലും താന്‍ അഭിനയിക്കാന്‍ തയ്യാറാണ്. സിനിമില്‍ മാത്രമേ അഭിനയിക്കുകയുള്ളു എന്നൊന്നും പറയാറില്ല. അഭിനയിക്കുക എന്ന് പറയുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. രാവിലെ മേക്കപ്പ് ചെയ്തിട്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ട് ഡാന്‍സോ, അഭിനയമോ എന്താണെങ്കിലും ചെയ്യുക എന്നത് മാത്രമാണ് എന്റെ ഇഷ്ടം.

എപ്പോഴും സിനിമ തന്നെ കിട്ടുമെന്ന് കരുതി അത് ഫോക്കസ് ചെയ്തിട്ടില്ല. അതുപോലെ നായിക വേഷം മാത്രമേ ചെയ്യുകയുള്ളു എന്നുമില്ല. ക്യാരക്ടര്‍ റോളുകളും ചെറിയ വേഷങ്ങളുമൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും കളയാതെ താന്‍ ചെയ്യുമെന്നാണ് നടി പറയുന്നത്.
കഴിഞ്ഞ വര്‍ഷം ചതുരം എന്ന സിനിമയിലൂടെ ഗംഭീര പ്രകടനമായിരുന്നു സ്വാസിക കാഴ്ച വെച്ചത്. അലന്‍സിയറിനൊപ്പമുള്ള അഭിനയവും ബെഡ്‌റൂം സീനുകളുമൊക്കെ മനോഹരമായി അവതരിപ്പിച്ച് നടി ഞെട്ടിച്ചിരുന്നു. മലയാളത്തിലെ പല നടിമാരും ചെയ്യാന്‍ മടിക്കുന്ന റോളുകള്‍ ചെയ്യാനും സ്വാസിക തയ്യാറാണ്. താനിങ്ങനെ അഭിനയിക്കുന്നതില്‍ പ്രതിശ്രുത വരനായ പ്രേമിനും കുഴപ്പമൊന്നുമില്ലെന്നാണ് സ്വാസിക പറഞ്ഞത്.
അഭിനയിക്കാന്‍ അത്രത്തോളം ഇഷ്ടമുള്ള ആളാണ് പ്രേം. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളില്‍ രണ്ടാളും ഒരുപോലെ അഭിനയിക്കും. താനിങ്ങനെ ചെയ്യുന്നതില്‍ എതിര്‍പ്പൊന്നും അദ്ദേഹത്തിനില്ല. താന്‍ ആഗ്രഹിച്ചത് പോലൊരു പങ്കാളിയെ പ്രേമിലൂടെ കണ്ടെത്താന്‍ സാധിച്ചുവെന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications











