ഞാന്‍ വേറെ ആര്‍ക്കെങ്കിലും ഡേറ്റ് കൊടുത്താല്‍ അദ്ദേഹം പിണങ്ങും; വേണു നാഗവള്ളിയെ കുറിച്ച് പറഞ്ഞ് ഉര്‍വശി
സൂര്യ നായകനായ സുരൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് നടി ഉര്‍വശി. ഏറെ കാലത്തിന് ശേഷം ഉര്‍വശിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേത്. സിനിമ പുറത്ത് വന്നതോടെ വലിയ പ്രശംസകളും നടിയെ തേടി എത്തി. പല അഭിമുഖങ്ങളിലും തന്റെ വിശേഷങ്ങള്‍ ഓരോന്നായി ഉര്‍വശി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അന്തരിച്ച നടനും സംവിധായകനുമായ വേണു നാഗവള്ളിയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് നടി. ബാല്യകാലം മുതല്‍ അടുത്ത് അറിയാവുന്ന വേണു നാഗവള്ളിയെന്നും അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം താന്‍ നായികയായതിന് പിന്നിലെ കാര്യവും ഉര്‍വശി വ്യക്തമാക്കുന്നുണ്ട്.

'എന്റെ എല്ലാമായിരുന്നു വേണു അങ്കിള്‍. എന്റെ ചെറിയ പ്രായം തൊട്ടേ അങ്കിളിനെ അറിയാം. കുടുംബത്തോടും വലിയ അടുപ്പമുള്ള ആളായിരുന്നുവെന്നും ഉര്‍വശി പറയുന്നു. അമ്മയ്‌ക്കൊപ്പം ആകാശവാണിയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് അങ്കിള്‍ ഇടയ്‌ക്കൊക്കെ വീട്ടില്‍ വരുമായിരുന്നു. ഒരു ചേതക് സ്‌കൂട്ടറില്‍ സുന്ദരനായ വേണു അങ്കിള്‍ വീട്ടില്‍ വന്നിറങ്ങും.
എന്നെയും കല്‍പ്പന ചേച്ചിയേയും സ്‌കൂട്ടറിന് പിന്നില്‍ ഇരുത്തി ഒന്ന് ചുറ്റിയടിച്ചിട്ടെ വേണു അങ്കിള്‍ തിരികെ പോകാറുള്ളു. അന്ന് മുതലുള്ള അടുപ്പമാണ് വേണു അങ്കിളിനോടുള്ളത്. പിന്നീട് ഞാന്‍ സിനിമയില്‍ വന്ന ശേഷം വേണു അങ്കിളിന്റെ മിക്ക സിനിമയിലും നായിക ഞാനായിരുന്നു. ചുരുക്കം ചില സിനിമകളില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ വന്നിട്ടുള്ളു എന്നാണ് ഉര്‍വശി പറയുന്നത്.
Recommended Video
താന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്തെന്ന് അറിഞ്ഞാല്‍ അദ്ദേഹം പിണങ്ങുമായിരുന്നു. സിനിമയില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത ഒരു പ്രതിഭയായിരുന്നു വേണു നാഗവള്ളി. കോടി കണക്കിന് പൈസ കൊണ്ടു വച്ചിട്ടു ഒരു സിനിമ ചെയ്യണമെന്നു പറഞ്ഞാല്‍ ഞാന്‍ ഒന്ന് ആലോചിക്കട്ടെ ആദ്യം നിങ്ങള്‍ ഈ പൈസ എടുത്തോണ്ട് പൊയ്‌ക്കോളൂ എന്ന് പറയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. സിനിമയില്‍ അങ്ങനെയുള്ളവര്‍ വിരളമാണെന്നും ഉര്‍വശി വ്യക്തമാക്കുന്നു.


Click it and Unblock the Notifications











