ബിഗ് ബോസ് അവളുടെ ലൈഫ് ഇല്ലാണ്ടാക്കിയെന്ന് പറയുന്നു, എന്റെ സ്റ്റേറ്റ്മെന്റിനെ കുറിച്ച് അദ്ദേഹം ചോദിച്ചു; വീണ
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും ശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു വീണ നായർ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ആ സമയത്ത് സജീവമായിരുന്നു വീണ. 63 ദിവസം ഹൗസില്‍ പൂര്‍ത്തിയാക്കിയശേഷമാണ് നടി എലിമിനേഷനിലൂടെ പുറത്തായത്. മകനേയും ഭർത്താവിനേയും കാണാനോ സംസാരിക്കാനോ കഴിയാതെയുള്ള ഹൗസിലെ ജീവിതം വീണയ്ക്ക് നരക തുല്യമായിരുന്നു. അതുകൊണ്ട് തന്നെ പുറത്തായപ്പോൾ വീണ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഭർത്താവിനും മകനും അരികിലേക്ക് വേഗം ഓടി എത്താം എന്നതുകൊണ്ടായിരുന്നു.
ദാമ്പത്യത്തെ അത്രയേറെ സ്നേഹിച്ചിരുന്ന വീണ ഭർത്താവ് അമാനുമായുള്ള ബന്ധം വേർപ്പെടുത്തിയെന്നത് പ്രേക്ഷകർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. ബിഗ് ബോസ് കാരണമാണ് വീണയുടെ കുടുംബജീവിതം തകർന്നതെന്നും പ്രചരിച്ചിരുന്നു. അതിനുള്ള മറുപടി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ വീണ പറഞ്ഞു.

ബിഗ് ബോസ് വിവാഹമോചനത്തിന് കാരണമായിട്ടില്ലെന്ന് വീണ തറപ്പിച്ച് പറഞ്ഞു. കല്യാണത്തിനുശേഷം സിനിമയും സീരിയലും ഒന്നും വേണ്ടെന്ന് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷെ അങ്ങനെ ഞാൻ ചെയ്തില്ല. അത് വളരെ നല്ല കാര്യമായി എനിക്ക് ഇന്ന് തോന്നുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കുക എന്നതാണ് ഒരു പെണ്ണിന് വേണ്ടതെന്ന് ഞാൻ എനിക്ക് പരിചയമുള്ളവരോടെല്ലാം ഇപ്പോൾ പറയാറുണ്ട്.
ചെറിയൊരു വരുമാന സ്രോതസ് എങ്കിലും സ്ത്രീകൾക്ക് വേണം. ഇന്റിപെന്റന്റ് ആവണം. ഭർത്താവിനെ കളഞ്ഞിട്ടോ വേർപിരിഞ്ഞിട്ടോ ഉള്ള ഇന്റിപെന്റസി അല്ല ഞാൻ ഉദ്ദേശിക്കുന്നത്. സാമ്പത്തികമായുള്ള ഇന്റിപെന്റൻസിയാണ്. ആയിരം രൂപയെങ്കിലും നമ്മുടെ കയ്യിൽ വേണം. നമ്മൾ അത് സ്വന്തമായി ഉണ്ടാക്കണം. അതിനോളം വലിയ അച്ചീവ്മെന്റ് വേറെയൊന്നുമില്ല.
വിവാഹശേഷം കരിയർ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചപ്പോൾ അതിന് സമ്മതിക്കാതിരുന്നത് കണ്ണൻ (മുൻ ഭർത്താവ് അമാൻ) തന്നെയാണ്. അന്ന് പുള്ളി അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഇന്ന് എനിക്ക് ഇവിടെ ഇങ്ങനെ ഇരുന്ന് സംസാരിക്കാൻ പറ്റുന്നത്. ഇന്റസ്ട്രി വിട്ടിരുന്നുവെങ്കിൽ എന്റെ ലൈഫ് എങ്ങനെയായി പോയേനെയെന്ന് എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല.
ഇന്റസ്ട്രി വിട്ടിരുന്നുവെങ്കിൽ വീട്ടമ്മയായി ഒതുങ്ങിപ്പോയേനെ. പക്ഷെ അങ്ങനെ ഹാപ്പിയായി ജീവിക്കുന്നവരുമുണ്ട്. എന്റെ ചിറ്റയുടെ മക്കളെല്ലാം വീട്ടമ്മമാരായി ഹാപ്പിയായി ജീവിക്കുന്നവരാണ്. എന്നാൽ ഇനിയുള്ള തലമുറയിലെ പെൺകുട്ടികൾക്ക് ജോലി വേണം. ഒരു വീട്ടിലെ രണ്ട് പേർക്ക് വരുമാനമുള്ളത് വളരെ നല്ല കാര്യമാണ്. എമർജൻസി ഉണ്ടായാൽ എടുക്കാൻ ഒരു ആയിരം രൂപയെങ്കിലും നമ്മുടെ കയ്യിൽ വേണം. നാളെ എന്താണ് സംഭവിക്കുകയെന്ന് പറയാൻ പറ്റില്ലല്ലോ.

വിവാഹം കഴിച്ചാലും ഡിവോഴ്സ് ആകണമെന്ന് കരുതി ആരും വിവാഹം കഴിക്കില്ലല്ലോ. പിന്നീട് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പലവിധ കാരണങ്ങൾ കൊണ്ടാകും. ഒരുപാട് ഇഷ്ടപ്പെട്ടൊരാൾ ഇനി ജീവിതത്തിൽ വേണ്ടായെന്ന് വെക്കുമ്പോൾ മാനസീകമായി നമ്മൾ ഒരുപാട് വിഷമിക്കുമല്ലോ. ബിഗ് ബോസിൽ കാണിച്ച് കൂട്ടിയതിന്റെ ബാക്കിയാണ് നീ ഇപ്പോൾ അനുഭവിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്.
അതൊന്നും ഇപ്പോൾ എന്നെ ഏശുന്നില്ല. മാത്രമല്ല ബിഗ് ബോസ് കാരണമല്ല എന്റെ ലൈഫിൽ പ്രശ്നങ്ങളുണ്ടായത്. അങ്ങനൊരു ധാരണ കേരളത്തിലെ ഭൂരിഭാഗം ആളുകൾക്കുമുണ്ട്. ബിഗ് ബോസ് അവളുടെ ലൈഫ് ഇല്ലാണ്ടാക്കി എന്നൊക്കെയാണ് പറയുന്നത്. ഞാൻ ബിഗ് ബോസിൽ പറഞ്ഞ കാര്യങ്ങളുടെ പേരിൽ എന്നെ വേണ്ടായെന്ന് വെക്കാൻ മാത്രം മോശക്കാരനല്ല അമ്പാടിയുടെ അച്ഛൻ. ഞങ്ങളുടെ പ്രശ്നങ്ങൾ വേറെ തന്നെയായിരുന്നു.
ബിഗ് ബോസിൽ പറഞ്ഞ കാര്യങ്ങൾ പുള്ളി എന്നോട് ചോദിച്ചുവെന്ന് മാത്രം. അതായത് എന്തുകൊണ്ട് വിഷമമുണ്ടായിട്ട് പറഞ്ഞില്ലെന്ന് കണ്ണൻ ചോദിച്ചു. രണ്ട് രണ്ടര വർഷം ഞങ്ങൾക്കിടയിൽ ഒരുപാട് സംസാരവും വഴക്കുകളും ഉണ്ടായി. ശേഷമാണ് വേർപിരിഞ്ഞതെന്നും വീണ പറഞ്ഞു.


Click it and Unblock the Notifications