'ഉപേക്ഷിച്ച് പോയിട്ടില്ല.... ഇപ്പോഴും കൂടെയുണ്ട്'; കാമുകന്റെ കൈ ചേർത്ത് പിടിച്ച് ജൂഹി റുസ്തഗി
സീരിയലുകളെ കുറിച്ച് പൊതുവെ ചില പരാതികളുണ്ട് മലയാളികൾക്ക്. കുശുമ്പും കുന്നായ്മയും പരദൂഷണവും വിദ്വേഷവും നെഗറ്റിവിറ്റിയുമെല്ലാം കുടുംബങ്ങൾക്കകത്തേക്ക് എത്തിക്കുന്നതും ആളുകളുടെ മനസിൽ കുത്തിനിറക്കുന്നതും കണ്ണീർ പരമ്പരകളാണെന്ന്. എന്നാൽ ഈ പറഞ്ഞ ഘടകങ്ങളൊന്നുമില്ലാത്ത കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ ഹാസ്യ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പര. അഞ്ച് വർഷത്തിലധികം മലയാളികളുടെ സ്വീകരണമുറിയിൽ നിറഞ്ഞ് നിന്നിരുന്നു ബാലചന്ദ്രൻ തമ്പിയും കുടുംബവും.
2015 ഡിസംബർ 14ന് ആണ് ഉപ്പും മുളകും സംപ്രേഷണം ആരംഭിച്ചത്. 1500ൽ അധികം എപ്പിസോഡുകൾ പരമ്പരയുടേതായി സംപ്രേഷണം ചെയ്തിട്ടുണ്ട്. വൻപ്രേക്ഷക പിന്തുണയാണ് തുടക്കം മുതൽ ഈ കുടുംബ കോമഡി സീരിയലിന് ലഭിച്ചുകൊണ്ടിരുന്നത്. ടെലിവിഷനിൽ മാത്രമല്ല യുട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ഉപ്പും മുളകും റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ശേഷം ഉപ്പും മുളകിന്റെ ശൈലി പിന്തുടർന്ന് നിരവധി സീരിയലുകൾ വന്നെങ്കിലും ഉപ്പും മുളകിനോട് പിടിച്ച് നിൽക്കാനായില്ല എന്നതാണ് സത്യം.

യുവാക്കൾ പോലും ഉപ്പും മുളകും എന്ന സീരിയലിന്റെയും അതിലെ അഭിനേതാക്കളുടെയും ആരാധകരാണ് ഇന്ന്. നിത്യജീവിതത്തിൽ സംഭവിക്കുന്ന ലളിതമായ കാര്യങ്ങളെ അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെയാണ് ഉപ്പും മുളകിൽ അവതരിപ്പിച്ചുകൊണ്ടിരുന്നത്. ബിജു സോപാനം, നിഷ സാരംഗ്, ഋഷി.എസ്കു.മാർ, ശിവാനി മേനോൻ, ജൂഹി റുസ്തഗി, അൽസാബിത്ത് എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒറ്റ സീരിയൽ കൊണ്ട് ഇവരെല്ലാം ഇന്ന് വലിയ ആരാധകരുള്ള താരങ്ങളായി മാറി കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സീരിയലിൽ ലച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ജൂഹി റുസ്ഗതിക്കാണ്. അപ്രതീക്ഷിതമായി അഭിനയത്തിലേക്ക് വന്നതാണ് ജൂഹി.

ഇപ്പോൾ അഭിനയത്തിന് പുറമെ മോഡലിങിലും സജീവമാണ് ജൂഹി. അടുത്തിടെയാണ് താരത്തിന്റെ അമ്മ വാഹനാപകടത്തിൽ മരിച്ചത്. മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വാഹനമിടിച്ചാണ് ജൂഹിയുടെ അമ്മ മരിച്ചത്. അച്ഛൻ നേരത്തെ മരിച്ച ജൂഹിക്കും സഹോദരനും അമ്മ മാത്രമാണ് തുണയായി ഉണ്ടായിരുന്നത്. അമ്മയുടെ മരണം വലിയ ആഘാതമാണ് ജൂഹിയിൽ സൃഷ്ടിച്ചത്. അമ്മയുടെ മരണശേഷം സോഷ്യൽമീഡിയയിൽ നിന്ന് അകലം പാലിച്ച ജൂഹി അടുത്തിടെയാണ് ഉറ്റവരുടേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും പിന്തുണയോടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ ഉപ്പും മുളകിന്റെ പരിഷ്കരിച്ച പതിപ്പായ എരിവും പുളിയിലുമാണ് ജൂഹി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. താരം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയത് ആരാധകരിലും വലിയ സന്തോഷം സൃഷ്ടിച്ചിരുന്നു. ജൂഹിയെ പോലെ തന്നെ ഡോ.റോവിൻ ജോർജുമായുള്ള പ്രണയവും ആരാധകർക്ക് സുപരിചിതമാണ്.
Recommended Video

റോവിനും മോഡലായി തിളങ്ങുന്ന വ്യക്തിയാണ്. ജൂഹിയുടെ അമ്മ മരിച്ചപ്പോഴും ശേഷവും ജൂഹിക്ക് തണലായി ഉണ്ടായിരുന്നത് റോവിനാണ്. മുമ്പും പലപ്പോഴും പൊതുപരിപാടികളിൽ ജൂഹിയും റോവിനും ഒരുമിച്ച് എത്തിയിരുന്നു. എന്നാൽ മാസങ്ങളായി ഇരുവരും ഒരുമിച്ച് എവിടേയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അക്കാലത്ത് ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വാർത്തകളും വന്നിരുന്നു. ഇപ്പോൾ മാസങ്ങൾക്ക് ശേഷം കാമുകനൊപ്പം ജൂഹി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ ജിബൂട്ടിയുടെ പ്രത്യേക ഷോ കാണാനാണ് ജൂഹിയും കാമുകൻ ഡോ.റോവിനും എത്തിയത്. ഉപ്പും മുളകിന്റെ സംവിധായകനായ എസ്.ജെ സിനുവാണ് ജിബൂട്ടി സംവിധാനം ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ താരങ്ങൾക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ഷോ കാണാൻ ഉപ്പും മുളകിലൂടെ ജൂഹിക്കൊപ്പം ശ്രദ്ധേയരായ മറ്റ് നിരവധി താരങ്ങളും എത്തിയിരുന്നു. അമിത് ചക്കാലക്കലാണ് ജിബൂട്ടിയിൽ നായകൻ. കൊവിഡ് പ്രതിസന്ധികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച സിനിമയാണ് ജിബൂട്ടി.


Click it and Unblock the Notifications











