വയലന്റാകും ഇറങ്ങിയോടും, കുഞ്ഞിന് അന്ന് മൂന്നര വയസ്, മദ്യപിച്ച് കഴിയുമ്പോൾ വീട്ടിലൊക്കെ വിളിച്ച് കരയും; ദേവി
വളരെ വർഷങ്ങളായി പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും അവതാരകയും എല്ലാമായ ദേവി അജിത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട താരത്തിന്റെ ജീവിതം ഭർത്താവും നിർമാതാവുമായ അജിത്തിന്റെ അപ്രതീക്ഷിത മരണശേഷമാണ് പാടെ മാറി മറിഞ്ഞത്. ഇപ്പോഴിതാ ഇരുപത്തിയേഴ് വർഷത്തെ തന്റെ ജീവിതത്തെ കുറിച്ച് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം മനസ് തുറന്നു. മണൽ നഗരമാണ് ഞാൻ ആദ്യം അഭിനയിച്ച സീരിയൽ. പിന്നീട് മഴ സിനിമയിൽ അഭിനയിച്ചു.
എന്തൊക്കയോ ചെയ്തുവെന്ന് അല്ലാതെ അഭിനയം എന്താണെന്ന് സത്യമായും എനിക്ക് അറിയില്ല. സിനിമകൾ ഇപ്പോൾ തിയേറ്ററിൽ ഒറ്റയ്ക്ക് പോയിരുന്ന് കാണും. ആളുകളുമായി കോൺടാക്ട് വെച്ചില്ലെങ്കിൽ അവസരങ്ങൾ കുറയും അത് ശരിയാണ്. നമുക്ക് സിനിമ ആവശ്യമാണെങ്കിൽ നമ്മൾ ജീവിച്ചിരിക്കുന്നുവെന്ന് നാലാളെ അറിയിക്കുകയെങ്കിലും വേണം.

സോഷ്യലൈസ് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടുള്ളയാളാണ് ഞാൻ. ഇപ്പോൾ അതൊക്കെ കുറേ മാറി ദേവി സംസാരിച്ച് തുടങ്ങി. ദി കാർ സിനിമയുണ്ടാക്കിയ കടം ഞാനും എന്റെ വീട്ടുകാരും അജിത്തിന്റെ വീട്ടുകാരും ചേർന്നാണ് തീർത്തത്. പൈസ പോയി എന്നത് മാത്രമല്ല. എന്റെ ജീവിതം ആകെ മാറി. മാനസീകമായി ഒരുപാട് ബാധിച്ചു. അജിയുടെ ഡെഡ് ബോഡി പോലും ഞാൻ കണ്ടിട്ടില്ല. ഷോക്കിലായിരുന്നു. മാത്രമല്ല ഒന്നര മാസം കിടപ്പിലായിരുന്നു.
ഞാൻ ഒന്നും അറിഞ്ഞിട്ടുമില്ല. അജിയുടെ മരണശേഷം ആങ്കറിങ് ചെയ്തിരുന്നു. പിന്നീട് അഭിനയിക്കുകയും ചെയ്തിരുന്നു. അന്നും വിമർശനം കേട്ടിരുന്നു. വെള്ള സാരിയൊക്കെ ഉടുത്ത് നടക്കേണ്ടതല്ലേ?. അജി മരിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നോ?. വീണ്ടും ഇറങ്ങിയോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
എനിക്ക് അന്ന് ഇരുപത്തിനാല് വയസേയുള്ളു. പിന്നെ അന്നും ഞാൻ ഇതൊന്നും മൈന്റിലേക്ക് എടുക്കുന്നയാളല്ല. എന്തൊക്കയോ നെഗറ്റീവ്സ് അക്കാലത്ത് എന്നെ കുറിച്ച് ആളുകൾ പറയുമായിരുന്നു. അജിയുടെ മരണശേഷം എനിക്ക് ഹിസ്റ്റിരീയ പോലൊരു അവസ്ഥ വന്നിരുന്നു. അതിന്റെ ചികിത്സയും ഒപ്പം നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായി ഞാൻ വയലന്റാകുമായിരുന്നു, ഇറങ്ങിയോടുമായിരുന്നു. അന്ന് കുഞ്ഞിന് മൂന്നര വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു.
ഇതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ വേണ്ടി ഡോക്ടർമാർ നിർദേശിച്ചപ്രകാരമാണ് ഞാൻ വീണ്ടും അഭിനയിച്ച് തുടങ്ങിയത്. അല്ലായിരുന്നുവെങ്കിൽ ഞാനൊരു മെന്റൽ പേഷ്യന്റായി പോകുമായിരുന്നു. അച്ഛനും അമ്മയും എല്ലാം എന്നെ പിന്തുണച്ചിരുന്നു. നാട്ടുകാർ പറയുന്നതൊന്നും അവർ ശ്രദ്ധിച്ചിരുന്നില്ല. ഇരുപത്തിനാല് വയസ് മുതൽ ഞാൻ അറിയാതെ കഴിച്ചുപോയ ചില മരുന്നുകളുണ്ട്. അന്ന് ഹിസ്റ്റിരീയ വന്നപ്പോൾ പ്രോപ്പർ സൈക്കാട്രിക്ക് മരുന്നുകൾ അല്ല ഞാൻ എടുത്തിരുന്നത്.

രണ്ട് വർഷം മുമ്പ് സീഷർ എന്നൊരു നെർവ് അറ്റാക്ക് എനിക്ക് വന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് എനിക്ക് അത് സംഭവിച്ചത്. സെറ്റിൽ വെച്ചായിരുന്നു സംഭവം. അതുകൊണ്ട് തന്നെ അവിടെയുണ്ടായിരുന്നവർ കരുതി എനിക്ക് വേറെ എന്തോ വലിയ പ്രശ്നമുണ്ടെന്ന്. ഫിസിക്കലി പക്ഷെ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇരുപത്തിനാല് വയസ് മുതൽ ഇരുപത്തിയേഴ് വർഷം ഞാൻ കഴിച്ച മരുന്നുകൾ എല്ലാം തെറ്റായിരുന്നു. കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല.
നെർവ് അറ്റാക്ക് വന്നശേഷം വെല്ലൂരിൽ ചികിത്സയ്ക്ക് പോയപ്പോൾ അവരാണ് ഞാൻ ഇതുവരെ കഴിച്ചിരുന്ന മരുന്നുകൾ തെറ്റായിരുന്നുവെന്ന് എനിക്ക് പറഞ്ഞ് തന്നത്. ആ മരുന്നുകൾ കഴിക്കുമ്പോൾ ഒരു കിക്ക് കിട്ടുമായിരുന്നു. അതുകൊണ്ട് മിഠായിപോലെ ഇടയ്ക്ക് എടുത്ത് കഴിക്കുമായിരുന്നു. മാത്രമല്ല ഞാൻ മദ്യപിക്കാറുമുണ്ടായിരുന്നു. മദ്യപിച്ച് കഴിയുമ്പോൾ വീട്ടിലൊക്കെ വിളിച്ച് ഞാൻ കരുമായിരുന്നവത്രെ.
അതൊന്നും പക്ഷെ എനിക്ക് ഓർമയില്ല. ഇതൊക്കെയാണ് ഇരുപത്തിയേഴ് വർഷം ജീവിതത്തിൽ സംഭവിച്ചത്. മദ്യപാനം ഇപ്പോൾ ഞാൻ നിർത്തി ദേവി പറഞ്ഞു. ഏക മകളെ കുറിച്ചും താരം മനസ് തുറന്നു. മോൾ വിവാഹിതയായി. ഇപ്പോൾ അവൾ ചെന്നൈയിൽ സെറ്റിൽഡാണ്. സിനിമ എന്ന സംഭവമെ കാണുന്ന വ്യക്തിയല്ല മകൾ. അവൾ പഠിച്ചത് ഇറ്റലിയിലായിരുന്നു.
അച്ഛനാണ് സിനിമ മേഖലയിൽ സജീവമായിരുന്നപ്പോൾ എന്നെ കുറച്ചെങ്കിലും സപ്പോർട്ട് ചെയ്തിട്ടുള്ളത്. അമ്മയോടോ സഹോദരനോടോ ഒന്നും ഞാൻ എന്റെ സിനിമ കാണണമെന്ന് പോലും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ദേവി പറയുന്നു.


Click it and Unblock the Notifications

















