അടുത്ത വിവാഹം എന്റേത്, വിവാഹ പ്രായമായി എന്നത് കൊണ്ടല്ല; നിമിഷിനെക്കുറിച്ചും അഹാന കൃഷ്ണ
സോഷ്യൽ മീഡിയയിലെ പ്രിയ താരമാണ് അഹാന കൃഷ്ണ. സിനിമാ താരമെന്നതിനേക്കാൾ ഇൻഫ്ലുവൻസറായാണ് അഹാനയ്ക്ക് ഉയർച്ചയുണ്ടായത്. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം തുറന്ന് കാണിക്കാറുണ്ടെങ്കിലും ചില കാര്യങ്ങളിൽ അഹാന സ്വകാര്യത കാത്ത് സൂക്ഷിക്കാറുണ്ട്. തന്റെ റിലേഷൻഷിപ്പിനെക്കുറിച്ച് ഇതുവരെയും അഹാന തുറന്ന് സംസാരിച്ചിട്ടില്ല. എന്നാൽ ഇതേക്കുറിച്ച് റൂമറുകളുണ്ട്. സിനിമോട്ടോഗ്രാഫർ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്നാണ് സംസാരം.
അഹാനയുടെ വിവാഹം ഉടനെയുണ്ടാകുമെന്ന അഭ്യൂഹങ്ങളും അടുത്തിടെ വന്നിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അഹാന. വീട്ടിലെ അടുത്ത വിവാഹം തന്റേതായിരിക്കുമെന്ന് അഹാന പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ സംസാരിക്കുകയായിരുന്നു അഹാന. വീട്ടിൽ ഒരു കല്യാണം കഴിഞ്ഞു. അടുത്തത് സ്വാഭാവികമായും ഞാനായിരിക്കണമല്ലോ. ഇഷാനി എന്നേക്കാൾ 5 വയസ് ഇളയതാണ്. എനിക്ക് കല്യാണമൊന്നും കഴിക്കാൻ താൽപര്യമില്ലെന്ന് അവൾ ഈയടുത്ത് ഒരു വീഡിയോയിൽ പറയുകയും ചെയ്തു. അടുത്ത 5 വർഷത്തേക്കെങ്കിലും ഇഷാനിക്ക് ആ ഒരു ചിന്ത തീരെ വരുമെന്ന് തോന്നുന്നില്ല.

സ്വാഭാവികമായും അടുത്ത വിവാഹം എന്റേതായിരിക്കും. ചിലപ്പോൾ ഒന്നര വർഷത്തിനുള്ളിൽ ഉണ്ടാകും. ഇന്ന പ്രായമായി എന്നത് കൊണ്ടല്ല. കല്യാണം കഴിച്ചാലേ ഒരു ബന്ധം പവിത്രമാകൂ എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ, എന്ന് അഹാന കൃഷ്ണ പറഞ്ഞു. നിമിഷ് രവിയെക്കുറിച്ച് ചോദിച്ചപ്പോൾ നിമിഷ് എന്റെ കൂട്ടുകാരനാണെന്ന് അഹാന ചിരിയോടെ മറുപടി നൽകി.
കഴിഞ്ഞ വർഷമായിരുന്നു അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി. അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. അഹാനയുടെ വിവാഹത്തെക്കുറിച്ച് നേരത്തെ പിതാവ് കൃഷ്ണകുമാർ സൂചന നൽകിയിരുന്നു. ജീവനക്കാരികളോട് ജാതീയ വേർതിരിവ് കാണിച്ചു എന്ന ആരോപണത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് വേറൊരു ജാതിയിൽ നിന്നാണ്. മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു. എന്നെ ഒരിടത്തും ബാധിക്കാത്ത കാര്യങ്ങളാണിതെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അഹാന കൃഷ്ണ കുറച്ച് സിനിമകൾ മാത്രമേ കരിയറിൽ ചെയ്തിട്ടുള്ളൂ. തനിക്ക് സിനിമകളിൽ അവസരം കുറവാണെന്ന് അഹാന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് മുൻനിര നായിക നടിമാർക്ക് ലഭിക്കുന്നതിനേക്കാൾ ജനശ്രദ്ധ അഹാന കൃഷ്ണയ്ക്ക് ലഭിക്കുന്നുണ്ട്. അഹാനയ്ക്ക് ശേഷം ദിയ കൃഷ്ണയും ഇഷാനി കൃഷ്ണയും സിനിമാ രംഗത്ത് അവസരങ്ങൾക്ക് ശ്രമിച്ചു. ഒരു ഘട്ടത്തിൽ ഈ ശ്രമം ഉപേക്ഷിച്ചു. സോഷ്യൽ മീഡിയ ഇവർക്ക് മുന്നിൽ സാധ്യതകളുടെ ലോകം തുറന്നിട്ടു.
സോഷ്യൽ മീഡിയ താരമാണെങ്കിലും സോഷ്യൽ മീഡിയയിൽ ചില കാര്യങ്ങൾ പുറത്ത് വിടാതിരിക്കാൻ അഹാനയും ഇഷാനിയും ശ്രദ്ധിക്കാറുണ്ട്. ഇവരുടെ റിലേഷൻഷിപ്പിനെക്കുറിച്ച് പല തവണ അഭ്യൂഹങ്ങൾ വന്നതാണ്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ അഹാനയോ ഇഷാനിയോ തയ്യാറായില്ല. അതേസമയം ദിയ കൃഷ്ണ തന്റെ റിലേഷൻഷിപ്പുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. താരകുടുംബത്തിൽ ഏറ്റവും കൂടുതലും ചർച്ചയായ ഇൻഫ്ലുവൻസർ ദിയ കൃഷ്ണയാണ്. ഇനി അഹാന കൃഷ്ണയുടെ വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications