എലിസബത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോ?, അപകടം അറിഞ്ഞപ്പോൾ ആദ്യം ഓർമ വന്ന മുഖം; കുറിപ്പുമായി ബാലയും!
കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാനാപകടം വരുത്തിയ നടുക്കത്തിലാണ് രാജ്യം. അപകടത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം മുന്നൂറിനോട് അടുക്കുകയാണ്. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇന്നലെ ഉച്ചക്ക് 1:38 നാണ് അപകടമുണ്ടായത്. ക്യാബിൻ ക്രൂ മെമ്പേഴ്സ് അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ്.
അതിനാൽ തന്നെ ഡിഎൻഎ പരിശോധനകൾക്കുശേഷം മാത്രമെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയൂ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് വിമാനം തകർന്ന് വീണത്. അതുകൊണ്ട് തന്നെ അപകടത്തിൽ ഉൾപ്പെട്ടവരിൽ മെഡിക്കൽ വിദ്യാർത്ഥികളുമുണ്ട്. അഹമ്മദാബാദ് വിമാന അപകട വാർത്ത പുറത്ത് വന്നപ്പോൾ ഏറ്റവും കൂടുതൽ മലയാളികളുടെ മനസിലേക്ക് ആദ്യം വന്ന മുഖം ഡോ. എലിസബത്തിന്റേതാണ്.

അഹമ്മദബാദിലെ സിവിൽ ആശുപത്രിയിലാണ് എലിസബത്ത് ഉപരി പഠനം നടത്തുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പഠനവും പ്രാക്ടീസുമെല്ലാമായി എലിസബത്ത് ഗുജറാത്തിലാണ്. നടൻ ബാലയുടെ മുൻ ഭാര്യയാണ് എലിസബത്ത്. സോഷ്യൽമീഡിയയുമായും യുട്യൂബ് ചാനലുമായും സജീവമായതുകൊണ്ട് തന്നെ ഗുജറാത്തിലെ സിവിൽ ആശുപത്രിയിൽ ഉപരി പഠനത്തിനായി ചേർന്നപ്പോൾ മുതലുള്ള വിശേഷങ്ങൾ എലിസബത്ത് വീഡിയോയായി പങ്കിടാറുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ വിമാന അപകട വാർത്ത കേട്ടപ്പോൾ എലിസബത്ത് അതിൽ ഉൾപ്പെട്ടിട്ടുണ്ടാവരുതെ എന്നാണ് മലയാളികളെല്ലാം പ്രാർത്ഥിച്ചത്. തലനാരിഴയ്ക്കാണ് എലിസബത്ത് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. എലിസബത്ത് അടക്കമുള്ളവർ ഭക്ഷണം കഴിക്കാനും മറ്റും മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ എത്താറുണ്ട്.
അപകടത്തിനുശേഷം പരിക്കേറ്റവർക്ക് വേണ്ട ചികിത്സയും രക്തം കലക്ട് ചെയ്യുന്നതുമെല്ലാമായ ഡ്യൂട്ടിയിലാണ് എലിസബത്ത്. വാർത്ത പുറത്ത് വന്നപ്പോൾ വീട്ടുകാർ എല്ലാവരും ഭയന്നുവെന്നും ആശുപത്രിയിലെ തിരക്ക് കാരണം തുടക്കത്തിൽ മാതാപിതാക്കൾ വിളിച്ചപ്പോൾ കോൾ എടുക്കാനോ കൃത്യമായി പ്രതികരിക്കാനോ കഴിഞ്ഞിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അവർ ഭയന്നിരുന്നുവെന്നും പിന്നീട് താൻ വിളിച്ച് സേഫാണെന്ന് അറിയിച്ചപ്പോഴാണ് അവർക്കും സമാധാനമായതെന്നും എലിസബത്ത് 24ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പിജി മുതൽ എസ്ആർ വരെ ഏകദേശം അറുപത് മലയാളികൾ ഞങ്ങളുടെ ഒപ്പം ആശുപത്രിയിൽ പഠിക്കുന്നുണ്ട്. മറ്റുള്ള ആശുപത്രികളിൽ നിന്ന് അടക്കം സഹായങ്ങൾ ലഭിക്കുന്നുണ്ട്. ഞാൻ ട്രാൻസിഷൻ മെഡിസിനാണ് ചെയ്യുന്നത്. എന്റെ ഒപ്പം പഠിക്കുന്ന വിദ്യാർത്ഥിയുടെ സുഹൃത്തിന് പരിക്കേറ്റിറ്റുണ്ട്.

ഞങ്ങൾക്ക് കൃത്യമായ ലഞ്ച് ബ്രേക്കില്ല. ഫ്രീ ടൈം നോക്കി പോയി കഴിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷെ യുജിക്കാർക്ക് കൃത്യമായ ലഞ്ച് ബ്രേക്കുണ്ട്. അവരുടെ ലഞ്ച് ബ്രേക്ക് സമയത്താണ് അപകടം നടന്നത്. അതുകൊണ്ട് യുജിക്കാരാണ് അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഏറെയും എന്നാണ് എലിസബത്ത് പറഞ്ഞത്. എലിസമ്പത് രക്ഷപ്പെട്ടുവെന്ന് അറിഞ്ഞതിൽ സന്തോഷം. നന്മകൾ ഉണ്ടാവട്ടെ, എലിസബത്തിനെ വീണ്ടും വീണ്ടും കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം.
രാവിലെ വരെ ഡോക്ടറുടെ അവസ്ഥ എങ്ങനെയാണോ എന്നുള്ള ആശങ്ക ആയിരുന്നു, ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ഡോ.എലിസബത്ത് മുന്നിൽ നിൽക്കുന്നത് കാണുന്നതിൽ സന്തോഷം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. നടൻ ബാലയും എലിസബത്തിന് പ്രാർത്ഥനകൾ ആശംസിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാന അപകട വാർത്ത ഷോക്കിങ്ങായിരുന്നു.
അനുശോചനം അറിയിക്കുന്നു. ദൈവം എല്ലാവർക്കുമൊപ്പം ഉണ്ടാകട്ടെ. എലിസബത്ത് നിങ്ങളെ ഞാൻ ടിവിയിൽ കണ്ടു. സുരക്ഷിതയായിരിക്കൂ... എന്റെ എല്ലാ പ്രാർത്ഥനകളും ഒപ്പമുണ്ട് എന്നാണ് ബാല കുറിച്ചത്. ബാലയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമാണ് എലിസബത്ത് ഉപരി പഠനം പൂർത്തിയാക്കാൻ ഗുജറാത്തിലേക്ക് പോയത്.


Click it and Unblock the Notifications











