നാശത്തിന്റെ വക്കിലുള്ള പ്രസ്ഥാനം, കടമെടുത്ത് സൗജന്യം കൊടുത്ത് കേരളത്തെ നശിപ്പിക്കരുത്; അഭ്യർത്ഥനയുമായി അഖിൽ!
ഭരണമേൽക്കാൻ പോകുന്ന യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനങ്ങളിലെ പാളിച്ചകൾ തുറന്ന് കാട്ടി അഖിൽ മാരാർ. കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, പെൻഷൻ വർധന എന്നീ പ്രഖ്യാപനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടമാണ് അഖിൽ മാരാർ ചൂണ്ടിക്കാട്ടിയത്. കടമെടുത്ത് സൗജന്യം കൊടുത്ത് കേരളത്തെ നശിപ്പിക്കരുതെന്ന് അഖിൽ മാരാർ കുറിച്ചു. അഖിലിന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... നാട് നന്നാക്കാനും വരും തലമുറയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതികൾ തയ്യാറക്കുന്നതിനുമാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്.
വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരമാണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗതം ചെയ്യാം. എന്നാൽ യാതൊരു വിധ പ്ലാനുകളും ഇല്ലാതെ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകാമെന്ന് പറയുന്നു. പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കാമെന്ന് പറയുന്നു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ ഒരേ സമയം കെഎസ്ആർടിസിയും വലിയ നികുതി നൽകി ബാധ്യതയിൽ പോകുന്ന പ്രൈവറ്റ് ബസ് മേഖലയും നശിക്കുന്നു. അതായത് കെഎസ്ആർടിസിയിൽ സൗജന്യം കിട്ടിയാൽ സ്ത്രീകൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര കെഎസ്ആർടിസിയിലാക്കും. അതോടെ പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും.
എന്തിനാണ് വെറുതെ കിടന്ന് തള്ളുന്നത് ആളില്ലാതെ ഓടുന്ന പ്രൈവറ്റ് ബസിനെ അവർക്ക് ആശ്രയിക്കാം. നമ്മുടെ നാട്ടിൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് കൂടുതലും സ്ത്രീകളാണ്. പുരുഷൻമാർ ഇരുചക്ര വാഹനങ്ങൾ പരമാവധി ഉപയോഗിക്കും. ഇത് മൂലം സ്ത്രീകൾക്ക് മാത്രമായി ഓടുന്ന വരുമാനം ഇല്ലാത്ത സംവിധാനമായി കെഎസ്ആർടിസി മാറും.
രാവിലെയും വൈകിട്ടുമുള്ള സ്കൂൾ കുട്ടികളുടെ യാത്ര മാറ്റി വെച്ചാൽ പ്രൈവറ്റ് ബസിന്റെ വരുമാനം പകുതിയിലും താഴെയാകും. ഖജനാവിൽ നിന്നും വലിയൊരു തുക കെഎസ്ആർടിസി നില നിന്ന് പോകാൻ നൽകേണ്ടി വരും. അല്ലാതെ തന്നെ നശിച്ചുപോയികൊണ്ടിരുന്ന ഒരു പ്രസ്ഥാനം സൗജന്യം കൂടി നടപ്പിലാക്കിയാൽ തീരുമാനമായി മാറും. അടുത്തത് പെൻഷനാണ്.
നിലവിൽ എൽഡിഎഫ് വർധിപ്പിച്ച 2000 രൂപ പോലും കൃത്യമായി കൊടുക്കാൻ ഇവർക്ക് കഴിയുമെന്ന് തോന്നുന്നില്ല. ആ അവസ്ഥയിൽ 3000 നടപ്പിലാക്കിയാൽ എന്തായി തീരുമെന്ന് കാത്തിരുന്ന് കാണാം. യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ നമ്മെ ഭീകരമായി ബാധിക്കാൻ തുടങ്ങുകയാണ്. പല വ്യവസായങ്ങളും തകർച്ചയുടെ വക്കിലാണ്. വില കയറ്റം പല കുടുംബങ്ങളിലും താങ്ങാൻ കഴിയാത്ത ഒന്നായി മാറും.

ബംഗാളിൽ ഭരണം മാറിയതോടെ ബിജെപി യിൽ പ്രതീക്ഷ അർപ്പിച്ച് ബംഗാളി സഖാക്കൾ എല്ലാം തിരികെ പോയി എന്ന വാർത്ത വരുന്നു. തൊഴിലാളികൾ ഇല്ലാത്തത് കൊണ്ട് കേരളത്തിലെ നിർമാണ മേഖലയും റസ്റ്റോറന്റ് മേഖലയും സ്‌തംഭിക്കുന്ന അവസ്ഥയാണ്. കൊച്ചിയിൽ നല്ല രീതിയിൽ പോയികൊണ്ടിരുന്ന പല റസ്റ്റോറന്റ്കളും ഗ്യാസിന്റെയും തൊഴിലാളി ക്ഷാമത്തിന്റെയും പേരിൽ അടച്ചു.
യുദ്ധം വലിയ രീതിയിൽ ബാധിക്കാതെ ഇത്രനാളും നമ്മൾ പിടിച്ചു നിന്നു. പല രാജ്യങ്ങളും തകർച്ച നേരിടുന്നു. വിദേശ പണ വരവ് കേരളത്തിൽ നന്നേ കുറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തിൽ ആര് മുഖ്യമന്ത്രിയായാലും നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. ക്രിയാത്മകമായ പദ്ധതികൾ അവതരിപ്പിച്ച് നമ്മുടെ കയറ്റുമതി വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തയ്യാറാകണം.
കടം എടുത്ത് സൗജന്യം കൊടുത്ത് കേരളത്തെ നശിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന മാത്രമാണുള്ളതെന്നും അഖിൽ മാരാർ കുറിച്ചു. എന്തായാലും കടമെടുക്കണം അപ്പോൾ സൗജന്യം കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കട്ടെ. ആദ്യം കൊടുക്കട്ടെ പിന്നെ അതിന് എതിരെ പറഞ്ഞാൽ പോരെ എന്നാണ് അഖിലിന്റെ കുറിപ്പിനെ പ്രതികൂലിച്ചവർ കുറിച്ചത്.


Click it and Unblock the Notifications


