ഉല്ലാസ് പന്തളത്തിന് ഞാൻ ചെയ്ത സഹായം, സഹായം ചെയ്യുന്നത് കാണിച്ച് കൊണ്ടിരിക്കേണ്ട സ്ഥിതി: അഖിൽ മാരാർ
നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഖിൽ മാരാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളിലാണ്. ബിഗ് ബോസ് എന്ന ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് രാഷ്ട്രീയത്തിൽ ശോഭിക്കാനാകുമോ എന്ന ചോദ്യം പലർക്കുമുണ്ട്. താൻ ചെയ്യുന്ന സഹായങ്ങളെക്കുറിച്ച് അഖിൽ മാരാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ആർട്ടിസ്റ്റ് ഉല്ലാസിന്റെ വീഡിയോ ഒരിക്കൽ ഞാൻ കണ്ടു. അദ്ദേഹത്തിന് സുഖമില്ലാതായ സമയത്ത്. ഉല്ലാസ് ചേട്ടൻ മുമ്പൊരിക്കൽ ഒരു സ്റ്റേജ് ഷോയിൽ എനിക്ക് വേണ്ടി ഡബ് ചെയ്ത് പോയിട്ടുണ്ട്. ആ ബന്ധത്തിന്റെ പുറത്ത് ആ വർഷം തന്നെ ഡോ. ബിജുവിന്റെ പേരറിയാത്തവൻ എന്ന പടത്തിൽ ഉല്ലാസ് ചേട്ടന് വേണ്ടി ഒരു വേഷം സജസ്റ്റും ചെയ്തിട്ടുണ്ട്. പിന്നീട് ഞങ്ങൾ കണ്ടിട്ട് പോലുമില്ല. വർഷങ്ങൾക്കിപ്പുറം ഞാനദ്ദേഹത്തിന്റെ വീഡിയോയിൽ പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരന്റെ വയ്യാത്ത അവസ്ഥ കാണുന്നു.

ഞാൻ ആ സ്പോട്ടിൽ അദ്ദേഹത്തിന് 10000 രൂപ അയച്ച് കൊടുത്ത് ഒരു ചെറിയ സഹായം ഞാൻ ചെയ്തിട്ടുണ്ടെന്ന് മെസേജ് അയച്ചു. എനിക്ക് ഈ കാര്യം വേണമെങ്കിൽ ഉല്ലാസ് ചേട്ടന്റെ അവസ്ഥ കണ്ടില്ലേ എന്ന് പറഞ്ഞ് പശ്ചാത്തല സംഗീതവും കൊടുത്ത് പതിനായിരം രൂപ കൊടുക്കുന്ന റീൽ ഇട്ടാൽ അഖിൽ മാരാർ നന്മയുള്ളവനാകും. നിങ്ങൾക്കറിയാവുന്ന ആർട്ടിസ്റ്റായത് കൊണ്ടാണ് ഞാനീ പേര് പറഞ്ഞത്. നിരവധി പേർക്ക് സഹായം അല്ലാതെ ഞാൻ ചെയ്യുന്നുണ്ടെന്നും അഖിൽ മാരാർ പറയുന്നു.
സഹായം ചെയ്യുന്നത് കാണിച്ച് കൊണ്ടിരിക്കേണ്ട സ്ഥിതിയാണ്. പെെസ ഉണ്ടായത് കൊണ്ടല്ല. നമ്മുടെ കയ്യിലൊക്കെ പെെസ വളരെ കുറവാണ്. കയ്യിലെ പെെസയുടെ ഒരു ശതമാനം ഒരുത്തൻ ഒരു പ്രശ്നം പറയുമ്പോൾ സഹായിക്കുക. പെെസയുണ്ടാക്കി മുന്നോട്ട് പോകാനാണ് എനിക്കാഗ്രഹമെങ്കിൽ ഒരിക്കലും ഞാൻ രാഷ്ട്രീയത്തിലേക്ക് വരില്ല. ബെൻസ് കാറിൽ പോകുന്ന രാഷ്ട്രീയക്കാരനാകാൻ കേരളത്തിൽ പറ്റുമോ.
കഴുത്തിൽ സ്വർണമാലയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരനെ കേരളത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ. എന്റെ കഴുത്തിലൊക്കെ മാലകൾ ഉണ്ടായിരുന്നു. ഇതൊക്കെ ഉപേക്ഷിക്കണമെങ്കിൽ എനിക്ക് ഏറ്റവും നല്ല മാർഗം സാധാരണക്കാരനായി മാറുക എന്നതാണ്. അതിന് വേണ്ടിയാണ് എനിക്ക് രാഷ്ട്രീയം. എനിക്ക് ഷോ കാണിക്കാൻ താൽപര്യമില്ല. വിനോദ രംഗത്ത് നിന്നാൽ ഇപ്പോഴത്തെ വണ്ടി മാറ്റി അടുത്ത വണ്ടി വാങ്ങണം. എങ്കിലേ ഞാൻ സക്സസ് ആണെന്ന് പറയൂ. അതാണ് ഷോ മേഖലയിലുള്ള പ്രശ്നം. എന്നാൽ രാഷ്ട്രീയത്തിൽ അങ്ങനെയല്ലെന്നും അഖിൽ മാരാർ പറഞ്ഞു.


Click it and Unblock the Notifications
















