ആഭരണങ്ങളും വരുമാനവും ചെലവഴിച്ച് കാരുണ്യ പ്രവർത്തനം, കുടുംബജീവിതത്തിന്റെ കാര്യത്തിൽ വിധി മറ്റൊന്നായി; അഷ്റഫ്
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സീമ ജി നായർ. സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന സീമയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് വ്യക്തി ജീവിതമാണ്. തന്റെ തൊഴിലിടങ്ങളിൽ ഉള്ളവരേയും നിരവധി നിർധനരേയും രോഗികളേയും നടി സഹായിക്കുന്നുണ്ട്. എന്നാൽ ഇവയൊന്നും പുറം ലോകത്തിന് അറിയില്ല. താൻ ചെയ്യുന്ന പ്രവൃത്തികൾ കൊട്ടിഘോഷിച്ച് പ്രശംസ വാങ്ങാനും സീമ ശ്രമിക്കാറില്ല.
നടി നടത്തുന്ന ജീവ കാരുണ്യപ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളയാളാണ് സംവിധായകൻ ആലപ്പി അഷ്റഫ്. മലയാള സിനിമയിലെ മദർ തെരേസ എന്നാണ് നടിയെ അഷ്റഫ് വിശേഷിപ്പിച്ചത്. സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സിനിമയിൽ കോടികൾ കൂമ്പാരം കൂട്ടി അതിന് മുകളിൽ അടയിരിക്കുന്ന ഒരുപാട് വ്യക്തികളെ എനിക്ക് നേരിട്ട് അറിയാവുന്നതാണ്. മറ്റുള്ളവർക്ക് ഒരു കാലി ചായ വാങ്ങി കൊടുക്കുന്നതിൽ പോലും മടിയുള്ളവരാണ് ഇക്കൂട്ടർ.

കള്ളപ്പണം കത്തിച്ച് കളഞ്ഞാലും കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ ഇക്കൂട്ടർ തയ്യാറാവില്ല. കോടികൾ സമ്പാദിക്കുന്ന ഇത്തരം താരങ്ങളെ പൊക്കികൊണ്ട് നടക്കുന്ന ഫാൻസുകാർ അറിയണം കാണണം ഇതേ സിനിമ രംഗത്ത് തന്നെ പാവങ്ങളുടെ കണ്ണീര് തുടയ്ക്കുന്ന ഒരു മാലാഖയുണ്ടെന്ന്. കാരുണ്യത്തിന്റെ രശ്മികൾ ചൊരിയുന്ന ഈ നടിയുടെ പേരാണ് സീമ ജി നായർ.
അവരെ കണ്ടില്ലെന്ന് നടക്കുന്നത് അപരാദമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വന്തം അമ്മയിൽ നിന്നാണ് അഭിനയിക്കാനുള്ള കഴിവും സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസും സീമയ്ക്ക് ലഭിക്കുന്നത്. അമ്മയെപ്പോലെ പ്രൊഫഷണൽ നാടകങ്ങളിലൂടെയാണ് സീമയും സിനിമയിലും സീരിയലിലുമെത്തിയത്. സിനിമയിലേക്ക് വരാൻ സീമയെ സഹായിച്ചത് നടൻ ജോസ് പ്രകാശും അനിയൻ പ്രേം പ്രകാശുമാണ്. പത്മരാജന്റെ പറന്ന് പറന്ന് പറന്ന് ആയിരുന്നു ആദ്യ സിനിമ.
സിനിമയിൽ അഭിനയിക്കാനുള്ള അവസരം ചോദിച്ചും അന്വേഷിച്ചും പോകുന്ന ശീലം സീമയ്ക്കില്ല. സിനിമയിലെ താരങ്ങളുമായി വലിയ അടുപ്പവും സൂക്ഷിക്കുന്നില്ല. വിവാദങ്ങളിലും ഇടപെടാറില്ല. എന്റെ സുഹൃത്തായ ബെന്നി എന്ന കലാകാരന് ഒരു അപകടത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. കൃത്രിമകാലിന് പണം കണ്ടെത്താനുള്ള സഹായം ചോദിച്ച് മുഖ്യമന്ത്രിക്ക് അടക്കം ബെന്നി കത്ത് അയച്ചിരുന്നു. പക്ഷെ ആരും സഹായിച്ചില്ല. സഹായം നൽകിയത് സീമ ജി നായരാണ്. സീരിയൽ നടി ശരണ്യയ്ക്ക് വേണ്ടി സീമ ജി നായർ സഹിച്ച ത്യാഗം ചരിത്രത്താളുകളിൽ എഴുതപ്പെടേണ്ടവ തന്നെയാണ്.
നിസ്സഹായയും നിരാലംബയും കാൻസർ രോഗിയുമായ ശരണ്യയുടെ ജീവൻ നിലനിർത്താനും അവർക്ക് സ്വന്തമായി ഒരു ഭവനം നിർമ്മിച്ച് നൽകാനും കരുണ മാത്രം കൈ മുതലുള്ള സീമ എന്ന സ്ത്രീ നടത്തിയ പോരാട്ടമായിരുന്നു അത്. ലക്ഷങ്ങളുടെ ആശുപത്രി ബില്ലുകൾ, ശരണ്യയ്ക്കും കുടുംബത്തിനും കയറി കിടക്കാൻ ഒരിടം എല്ലാം കണ്ടെത്തി നൽകി ശരണ്യയുടെ കുടുംബത്തിന് വെളിച്ചവും കാവലുമായിരുന്നു സീമ.

സ്വന്തം ആവശ്യത്തിനോ നിലനിൽപ്പിനോ വേണ്ടി ആരുടേയും മുന്നിൽ കൈ നീട്ടിയിട്ടില്ലാത്ത സീമ സഹ ജീവികളുടെ കണ്ണീരൊപ്പാൻ പലരുടേയും മുന്നിൽ യാചനയോടെ കൈ നീട്ടിയിട്ടുണ്ട്. സഹായിച്ചിട്ടുള്ളവരെ സീമ വിസ്മരിച്ചിട്ടുമില്ല. ശരണ്യയുടെ ആവശ്യത്തിനായി ഫിറോസ് കുന്നുംപറമ്പിൽ നൽകിയ 25 ലക്ഷം രൂപ അന്ന് 25 കോടി കിട്ടിയതിന് തുല്യമായിരുന്നുവെന്ന് സീമ തന്നെ പറഞ്ഞിട്ടുണ്ട്. ശരണ്യയുടെ ജീവൻ തിരിച്ച് പിടിക്കാനുള്ള ശ്രമം വിജയം കൈവരിച്ച് വരുന്നതിനിടെയാണ് കൊവിഡ് എന്ന മഹാമാരി വന്ന് ശരണ്യയുടെ ജീവൻ അപഹരിച്ചത്.
ശരണ്യയെ കുറിച്ച് പറയുമ്പോഴുള്ള സീമയുടെ മനസിലെ വിങ്ങലും നൊമ്പരവും നമുക്ക് ഇന്നും കാണാവുന്നതാണ്. മറ്റുള്ളവരെ സഹായിക്കാൻ സ്വന്തം ജീവിതം പോലും നോക്കാതെ പ്രവർത്തിച്ചിട്ടുള്ള മറ്റൊരു നടി ഇന്നേവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. മലയാള സിനിമയിലെ മദർ തെരേസയെന്ന് അവരെ വിശേഷിപ്പിക്കാം. സീമയുടെ സഹായത്തിനായി കാത്ത് നിൽക്കുന്ന ഒരുപാട് കുടുംബങ്ങൾക്ക് അവർ ആശ്വാസം പകരുന്നുണ്ട്.
കാൻസർ ബാധിച്ച് മരണം അടഞ്ഞ നന്ദു മഹാദേവൻ, നടി മായാ കൃഷ്ണൻ എന്നിവരെയെല്ലാം സീമ സഹായിച്ചിട്ടുണ്ട്. എണ്ണ മറ്റ ആളുകളെ സഹായിക്കുമ്പോഴും സീമയെ കല്ലെറിയാനും അവർക്ക് മുൾകിരീടം ചാർത്തി കൊടുക്കാനും ചിലർ മത്സരിക്കുന്നു. ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണെന്ന് വ്യാജ പ്രചാരണം അഴിച്ച് വിട്ടവർ സീമയുടെ സത്യസന്ധതയ്ക്ക് മുന്നിൽ മുട്ടുമടക്കി മിണ്ടാട്ടം മുട്ടി നിൽക്കേണ്ടി വന്നു.
തന്റെ സ്വർണ്ണഭരണങ്ങളും ജോലി ചെയ്ത് സമ്പാദിക്കുന്ന പണവുമെല്ലാം സീമ ജീവ കാരുണ്യപ്രവർത്തനങ്ങൾക്കാണ് ചിലവഴിക്കുന്നത്. പക്ഷെ കുടുംബജീവിതത്തിന്റെ കാര്യത്തിൽ വിധി തീരാദുഖമാണ് സീമയ്ക്ക് സമ്മാനിച്ചതെന്നുമാണ് ആലപ്പി അഷ്റഫ് പറഞ്ഞത്.


Click it and Unblock the Notifications











