ആദ്യം അതൊരു കുടുംബത്തിലെ പ്രശ്നമായി ഒതുങ്ങി, എന്നാൽ കാലക്രമേണ...; ഉപ്പും മുളകിനെക്കുറിച്ച് ആലപ്പി അഷ്റഫ്
ഉപ്പും മുളകും എന്ന സിറ്റ്കോമിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. ഉപ്പും മുളകിൽ അഭിനയിച്ച് കാെണ്ടിരുന്ന സിദ്ധാർത്ഥ് പ്രഭുവിന്റെ കാറിടിച്ച് ഒരാൾ മരണപ്പെട്ട വാർത്ത പുറത്ത് വന്നതിനാലെയാണിത്. സിദ്ധാർത്ഥ് ഇനി ഉപ്പും മുളകിൽ ഉണ്ടാകുമോയെന്ന് വ്യക്തമല്ല. ഉപ്പും മുളകും സിറ്റ്കോമിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പല പ്രശ്നങ്ങൾ ഈ പരമ്പരയുമായി ബന്ധപ്പെട്ടിട്ടുണ്ടായിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സിദ്ധാർത്ഥ് പ്രഭു കടന്ന് വരുമ്പോൾ ഉപ്പും മുളകും അതിന്റെ പ്രതാപ കാലം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഉപ്പും മുളകിലെ ബാലുവും നീലുവും കുട്ടികളുമൊക്കെ പ്രഥമ ദൃഷ്ടിയാൽ സന്തോഷപൂർവം നമ്മുടെ മുമ്പിൽ അഭിനയിച്ചെങ്കിലും കാലം കുറേ പിന്നിട്ടപ്പോൾ അവരൊക്കെ തമ്മിലുള്ള അന്തർധാര അത്ര സജീവമല്ലായിരുന്നു. ചെറിയ പൊട്ടലും ചീറ്റലും ഉടലെടുത്തപ്പോൾ അതൊരു കുടുംബത്തിലെ പ്രശ്നമായി അവിടെ ഒതുങ്ങി നിന്നു. എന്നാൽ കാലക്രമേണ പൊതുമധ്യത്തിൽ വിഴുപ്പലക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. ആദ്യത്തെ പ്രശ്നം ആരംഭിക്കുന്നത് സംവിധായകനും നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഷ സാരംഗുമായിട്ടാണ്.

നടിയോട് അപമര്യാദയായി പെരുമാറിയതറിഞ്ഞ ചാനൽ മേധാവി സംവിധായകനെ മാറ്റി. പിന്നീട് നായകനായ ബിജു സോപാനത്തിനും നടൻ ശ്രീകുമാറിനും നേരെ ലെെംഗിക പീഡന കേസ് വന്നു. അവിടം കൊണ്ടും തീർന്നില്ല. ബാലുവിന്റെയും നീലുവിന്റെയും മകനായി അഭിനയിച്ച ഋഷി എന്ന മുടിയനുമെത്തുന്നു എന്തൊക്കെയോ പരാതികളുമായി. അങ്ങനെ പലരും ഈ പരമ്പരയിൽ നിന്നും മാറുകയും മാറ്റപ്പെടുകയും ചെയ്തു.
അപ്പോഴത്തെ കലുഷിതമായ സന്ദർഭത്തിലാണ് സിദ്ധാർത്ഥ് പ്രഭുവിന്റെ കടന്ന് വരവ്. ഇപ്പോൾ സിദ്ധാർത്ഥ് ആകട്ടെ ഒരു കൊലപാതക കുറ്റത്തിൽ പ്രതിയുമായെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഏതാണ്ട് അഞ്ച് വയസ് പ്രായത്തിൽ ഈ പരമ്പരയിൽ അഭിനയിക്കാനെത്തിയ കുട്ടിയാണ് അൽ സാബത്ത്. അന്ന് ബാലതാരമായിരുന്ന കുട്ടി ഇന്ന് കേശു എന്ന ചെറുപ്പക്കാരനായി. ഇതുവരെ വലിയ പേരുദോഷമൊന്നും ഇല്ലാതെ നല്ല രീതിയിൽ അവൻ മുന്നോട്ട് പോകുന്നു.
ഇപ്പോൾ ഈ പരമ്പര മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് ബാലുവും നീലുവും മുടിയനും ഇല്ലാതെ പുതിയ കുറേ കഥാപാത്രങ്ങളും പഴയ കുറച്ച് കഥാപാത്രങ്ങളുമായാണ്. അൽപ്പം മങ്ങലേറ്റിരുന്ന ഈ പരമ്പര സിദ്ധാർത്ഥ് എത്തിയതോടെ ഒന്നുകൂടി ഉഷാറായി നല്ല രീതിയിൽ വരികയായിരുന്നു. വിട്ട് പോയ ചില താരങ്ങളൊക്കെ തിരികെ വരാനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും പറയുന്നുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
മുമ്പത്തെ ഉപ്പും മുളകും സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെയാണ് നിഷ സാരംഗ് ഉന്നയിച്ച ആരോപണം വലിയ ചർച്ചയായതാണ്. ഉപ്പും മുളകും സെറ്റിൽ ഏറെക്കാലമായി തന്നെ മാനസികമായി ഉപദ്രവിക്കുകയാണെന്നും സെറ്റിൽ വെച്ച് മോശം കമന്റുകൾ പറയുകയും തനിക്ക് മോശം മെസേജുകൾ അയക്കുകയും ചെയ്യുന്നെന്നായിരുന്നു പരാതി. ഇതോടെ സംവിധാന സ്ഥാനത്ത് നിന്നും ഇയാളെ മാറ്റി.


Click it and Unblock the Notifications











