പണത്തിനോട് മാത്രമല്ല ആർത്തി, മണ്ണിനോടും; അന്ന് പ്രശസ്ത നടിയോട് പറഞ്ഞത്: ആലപ്പി അഷ്റഫ്
സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. പണത്തിനോടുള്ള ആർത്തി കൊണ്ടാണ് ജയസൂര്യ കുരുക്കിലായതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ആഡംബരത്തോടെ ജീവിക്കാനുള്ളതും ഇനി വരും തലമുറയ്ക്ക് അനുഭവിക്കാനുള്ളതുമായ സമ്പാദ്യവും സ്വത്തുമൊക്ക അദ്ദേഹം അദ്ദേഹത്തിന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് നേടിക്കഴിഞ്ഞു. എന്നിട്ടും പണത്തിനോടുള്ള അടങ്ങാത്ത അത്യാർത്തിയാണ് അദ്ദേഹത്തെ ഇത്തരം ഉഡായിപ്പുകളിൽ തലവെച്ച് കൊടുക്കാൻ പ്രേരിപ്പിച്ചത്.
99 ശതമാനം പേരും സേവ് ബോക്സ് ആപ്പിൽ പണം നിക്ഷേപിച്ചത് ജയസൂര്യയെന്ന ഒറ്റ വ്യക്തിയുടെ വാക്കിനെ വിശ്വസിച്ചാണ്. പണം നിക്ഷേപിച്ച പലരുടെയും സ്ഥിതി ഇന്ന് പരിതാപകരമാണ്. പല വിഷയങ്ങളിലും ആധികാരികമായി സംസാരിക്കുന്ന ജയസൂര്യ ഇതിൽ അറിയാതെ ചെന്ന് പെട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ. ഇതൊരു പാരമ്പര്യ തട്ടിപ്പാണെന്നും ഉടമ ജയസൂര്യയുടെ അടുത്ത പരിചയക്കാരനാണെന്നും അറിയുന്നു.

ഈ കമ്പനിയിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായും അത് ഇഡി കണ്ടെത്തിയതായും പറയുന്നു. കലാകാരൻമാർക്ക് സമൂഹത്തോട് പ്രതിബന്ധതയില്ലേ. നിങ്ങളെ വിശ്വസിക്കുന്ന സമൂഹത്തെ നിങ്ങൾ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്. നിങ്ങളെ നിങ്ങളാക്കിയ സമൂഹത്തോടാണ് ഇത്തരം വഞ്ചനകൾ ചെയ്യുന്നതെന്ന് ഓർക്കുക. പണത്തിനോട് മാത്രമല്ല ജയസൂര്യക്ക് ആർത്തി. അത് മണ്ണിനോടും പെണ്ണിനോടുമുണ്ടെന്നാണ് വന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പറയപ്പെടുന്നത്.
കൊച്ചിയിലെ ചിലവന്നൂരിലെ കായൽ പുറമ്പോക്ക് കയ്യേറി ജയസൂര്യയുടെ വീടിനോട് അനുബന്ധിച്ച് ബോട്ട് ജെട്ടിയും ചുറ്റുമതിലും പണിതു. പിന്നീട് ഒരു മൂല പൊളിച്ച് എങ്ങനെയോ പ്രശ്നം പരിഹരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സമയത്ത് ഒരു നടി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടുന്നുണ്ട്.
മറ്റൊരു സംഭവവും ഇദ്ദേഹം ചൂണ്ടിക്കാട്ടി. നടി ഭാവനയും സുരാജ് വെഞ്ഞാറമൂടും ജയസൂര്യയും ചേർന്ന് ചാനലിന്റെ മുമ്പിൽ പടത്തിന്റെ പ്രൊമോഷന് ഇരിക്കുമ്പോൾ ബിക്കിനിയിട്ട് ഇന്റർവ്യൂവിന് വന്ന് കൂടേ എന്ന് അന്ന് തമിഴിലും കന്നഡയിലും അഭിനയിച്ച് കൊണ്ടിരുന്ന ഭാവനയോട് ജയസൂര്യ ചോദിച്ചു. അങ്ങനെ വന്നാൽ ഞങ്ങൾക്കും അവിടെ വരാനാണെന്ന് തമാശ രൂപേണ ദ്വയാർത്ഥത്തിൽ പറഞ്ഞെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











