യുഡിഎഫ് ജയിച്ചതിൽ സന്തോഷമുണ്ട്, തോറ്റവരെ മാധ്യമങ്ങൾ ട്രോളുന്നതെന്തിന്?, മത്സരമാകുമ്പോൾ ജയവും തോൽവിയുമുണ്ടാകും!
തെരഞ്ഞെടുപ്പിൽ മത്സരിച്ച തോറ്റ സ്ഥാനാർത്ഥികളെ ക്രൂരമായി പരിഹസിക്കുകയും ട്രോളുകയും ചെയ്യുന്നവർക്കെതിരെ പ്രതികരിച്ച് സീരിയൽ താരം അമേയ നായർ. ജയിച്ചവരെ വിട്ടിട്ട് തോറ്റുപോയവരെ ട്രോളി നെഗറ്റിവിറ്റി പരത്തേണ്ട ആവശ്യമുണ്ടോ മാധ്യമങ്ങൾക്കെന്ന് അമേയ ചോദിക്കുന്നു. പോസിറ്റീവ് വാർത്തകൾ കാണാനാണ് തന്നെ പോലുള്ളവർ ഇഷ്ടപ്പെടുന്നതെന്നും അമേയ പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്.... എനിക്കൊരു പാർട്ടിയില്ല. അതിന് കാരണം ഒരു പാർട്ടിയിൽ അംഗമായി കഴിഞ്ഞാൽ ആ പ്രസ്താനമായിരിക്കും ആ കാര്യങ്ങളെ കൊണ്ടുപോവുക.
ഞാൻ വ്യക്തികളിലാണ് വിശ്വസിക്കുന്നത്. ഏതൊരു പ്രസ്താനമാണെങ്കിലും അതിന്റെ തലപ്പത്ത് നല്ലൊരു വ്യക്തിത്വം വരികയാണെങ്കിൽ കമ്യൂണിക്കേഷൻ ട്രാൻസ്പരന്റാകാനും എല്ലാ കാര്യങ്ങളും സുഖമമാക്കാനും ഉപകരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. യുഡിഎഫ് തെരഞ്ഞെടുപ്പിൽ ജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.

ചാണ്ടി ഉമ്മൻ സാറിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് തോന്നി. ഉമ്മൻ ചാണ്ടി എന്ന നേതാവ് ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. എത്രപേർ മനസിലാക്കിയിട്ടുണ്ട് എന്നതിൽ സംശയമാണ്. അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചശേഷമാണ് ഇങ്ങനൊരു വ്യക്തിയെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോയെന്ന തിരിച്ചറിവ് എല്ലാവർക്കും വന്നത്.
അതിനുള്ള മറുപടി എന്നോണം ഇപ്പോൾ അദ്ദേഹത്തിന്റെ മകനെ ജയിപ്പിച്ചതിൽ എനിക്കും ആത്മാർത്ഥമായി സന്തോഷമുണ്ട്. ഒരുപാട് കഴിവുള്ള വ്യക്തിയാണ്. എല്ലാവരുമായി ഇടപെടുന്ന നല്ലൊരു വ്യക്തിത്വമുള്ള വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് ജനങ്ങൾക്ക് അത് ഫലപ്രദമാകുമെന്നാണ് എന്റെ വിശ്വാസം. ബിഗ് ബോസിന്റെ സമയത്ത് പോലും മീഡിയയോട് ഞാൻ ചോദിച്ചിട്ടുണ്ട് എന്തിനാണ് നെഗറ്റീവ് വാർത്ത മാത്രം പ്രചരിപ്പിക്കുന്നത് പോസിറ്റീവായ വാർത്തകൾ പ്രചരിപ്പിച്ചുകൂടെ എന്നത്.
രാവിലെ പത്രം വായിക്കാനോ വാർത്ത കാണാനോ ഞാൻ ശ്രമിക്കാറില്ല. നെഗറ്റിവിറ്റിയാണ് ഏറെയും അവയിൽ എന്നതുകൊണ്ടാണത്. ഉച്ചയ്ക്കുശേഷമാണ് വാർത്തകൾ വായിക്കുന്നത്. രാവിലെ എഴുന്നേറ്റയുടൻ നെഗറ്റീവ് വാർത്ത കണ്ടാൽ അന്നത്തെ ദിവസം തന്നെ പോകും. അതുപോലെ ജാങ്കോ സ്പേസ് എന്ന മീഡിയ ആതിര എന്ന സ്ഥാനാർത്ഥി തോറ്റപ്പോൾ പതിനായിരം വോട്ടുകൾ വാങ്ങി തോറ്റ ആതിരയ്ക്ക് അഭിനന്ദനങ്ങൾ എന്നൊരു പോസ്റ്റിട്ടതായി കണ്ടു.
എന്തിനാണ് അങ്ങനെ ചെയ്യുന്നത്?. എല്ലാവരും ആഗ്രഹിച്ചതുപോലൊരു പാർട്ടി തന്നെയാണ് കേരളത്തിൽ ജയിച്ചത്. അതിൽ സന്തോഷിക്കാതെ അല്ലെങ്കിൽ പോസിറ്റീവ് വാർത്ത കൊടുക്കാതെ നെഗറ്റിവിറ്റിക്ക് വേണ്ടി ഒരു മാധ്യമം എന്തിന് ഇങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാകുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർ മത്സരിക്കാൻ ഇറങ്ങിയതിൽ സന്തോഷം തോന്നിയിരുന്നു. ആതിരയും ചുറുചുറുക്കുള്ള പെൺകുട്ടിയാണ്.

തോറ്റെങ്കിലും ആ പെൺകുട്ടിക്ക് പതിനായിരം വോട്ട് കിട്ടി. ഈ കളിയാക്കുന്നവരിൽ ആരെങ്കിലും ആതിര നിന്ന സ്ഥലത്ത് മത്സരിച്ച് ആയിരം വോട്ടെങ്കിലും സമ്പാദിച്ചിരുന്നുവെങ്കിൽ കളിയാക്കുന്നതിൽ തെറ്റില്ല. അഞ്ജലി നായരേയും ട്രോളി കണ്ടു. മത്സരമാകുമ്പോൾ ജയവും തോൽവിയുമുണ്ടാകും. എല്ലാവർക്കും ജയിക്കാനാവില്ല. അതിനാൽ തോറ്റുപോയവരെ വിട്ടിട്ട് ജയിച്ചവരെ ആഘോഷിക്കുകയല്ലേ വേണ്ടത്.
അല്ലാതെ ജയിച്ചവരെ വിട്ടിട്ട് തോറ്റുപോയവരെ ട്രോളി നെഗറ്റിവിറ്റി പരത്തേണ്ട ആവശ്യമുണ്ടോ?. ക്രൂരമായ ആക്രമണവും അല്ലേ?. വ്യക്തിഹത്യയിലേക്ക് പോവുകയല്ലേ. അവർ ഇനിയൊരിക്കലും ഇത്തരം കാര്യത്തിലേക്ക് വരാതിരിക്കാൻ പാകത്തിനുള്ള കാര്യങ്ങളാണ് ട്രോളുന്നതിലൂടെ മാധ്യമങ്ങൾ ചെയ്തതെന്ന് തോന്നി. പോസിറ്റീവ് വാർത്തകൾ കാണാനാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്നും അമേയ നായർ പറഞ്ഞു.
ഇത്തവണ എൻഡിഎയ്ക്ക് വേണ്ടി മത്സരിച്ച അഖിൽ മാരാർ, അഞ്ജലി നായർ, ആതിര തുടങ്ങിയവർ പരാജയപ്പെട്ടിരുന്നു. പ്രചാരണ സമയത്ത് അവർ നടത്തിയ പ്രസംദഗങ്ങളും വാഗ്ദാനങ്ങളും വീണ്ടും കുത്തിപ്പൊക്കിയാണ് സോഷ്യൽമീഡിയയിലൂടെയും മറ്റും മാധ്യമങ്ങൾ അടക്കം ഇവരെ പരിഹസിക്കുന്നതും ട്രോളുന്നതും.


Click it and Unblock the Notifications


