അവിടെ നിന്ന് വന്നശേഷം ഞാൻ ഡെഡ്ഡായിരുന്നു, ഒന്നൊന്നര മാസത്തോളം കൗൺസിലിങ്; പാറുക്കുട്ടിയെ ഓർത്ത് വിതുമ്പി നിഷ!
മലയാളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വിരലിൽ എണ്ണാവുന്ന ചില സീരിയലുകൾക്ക് മാത്രമെ പ്രായഭേദമന്യെ ജനപ്രീതി ലഭിച്ചിട്ടുള്ളു. അതിൽ മുന്നിൽ നിൽക്കുന്നത് ഉപ്പും മുളകുമാണ്. ഈ സിറ്റ്കോമിന്റെ നട്ടെല്ല് ഇതിലെ അഭിനേതാക്കളാണ്. ഉപ്പും മുളകിൽ നീലുവെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി നിഷ സാരംഗ് ആണ്. ഉപ്പും മുളകിൽ വരും മുമ്പ് നിരവധി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നിഷയ്ക്ക് ആരാധകരുണ്ടായത് ഉപ്പും മുളകിലൂടെയാണ്.
എന്നാൽ കഴിഞ്ഞ ആറ് ഏഴ് മാസങ്ങളായി ഉപ്പും മുളകും ടീമുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം നിഷ വിട്ടുനിൽക്കുകയാണ്. ഉപ്പും മുളകിൽ നിന്നും ഇറങ്ങിയശേഷം നിരവധി മാനസീക വിഷമങ്ങളും ബുദ്ധിമുട്ടുകളും നടിയ്ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. നിഷയുടെ കഥാപാത്രത്തിന്റെ ഭർത്താവായി അഭിനയിച്ചിരുന്ന ബിജു സോപാനവും ഇപ്പോൾ സിറ്റ്കോമിൽ അഭിനയിക്കുന്നില്ല.

ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് മാസക്കാലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും ഭാവിയിൽ താൻ ചെയ്യാൻ പ്ലാനിട്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് നിഷ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ. അവിടെ നിന്ന് വന്നശേഷം താൻ മാനസീകമായി തകർന്ന അവസ്ഥയിലായിരുന്നുവെന്നും കൗൺസിലിങിലൂടെയാണ് കുറച്ചെങ്കിലും മാറ്റം വന്നതെന്നും നിഷ പറയുന്നു.
കഴിഞ്ഞ ദിവസം ഒരു യുട്യൂബർ എന്നെ കുറിച്ച് പറയുന്നത് ഞാൻ കേട്ടു. ഇവർക്ക് വല്ല പാത്രം കഴുകിയോ ഹോട്ടലോ മറ്റോ ഇട്ട് ജീവിച്ചൂടെയെന്ന്. ഒരു വഴി അടഞ്ഞാൽ പല വഴികൾ വേറെ തുറന്ന് കിട്ടും. അതുകൊണ്ട് തന്നെ യുട്യൂബർമാർ ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കുമ്പോൾ നമുക്ക് ചിരി വരും സത്യം പറഞ്ഞാൽ.
ഉപ്പും മുളകിൽ നിന്നും വന്നശേഷം ഒരു മാസം ആശുപത്രിയിൽ അഡ്മിറ്റും അതിനുശേഷം റെസ്റ്റിലുമായിരുന്നു. കാരണം ബെഡ് റെസ്റ്റ് വേണമായിരുന്നു. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ മാത്രമെ പറ്റുമായിരുന്നുള്ളു. അവിടെ നിന്ന് വന്നശേഷം ഞാൻ ഡെഡ്ഡായി പോയിരുന്നു. പിന്നെ ഒന്നൊന്നര മാസത്തോളം കൗൺസിലിങും മറ്റുമായിരുന്നു. പിന്നീട് നാല്, അഞ്ച് സിനിമകൾ ചെയ്യാനുണ്ടായിരുന്നു. അവിടെ നിന്ന് ഇറങ്ങിയിട്ട് ഏഴ് മാസമായി.
ചെയ്യാനുള്ള പടങ്ങൾ ചെയ്തശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റായത്. ഉപ്പും മുളകിന്റെ ഭാഗമാകും വരെ എന്റെ വീട്ടിലേക്ക് ആരെയും ഞാൻ വിളിക്കാറില്ലായിരുന്നു. ഞാൻ എങ്ങോട്ടും പോകാറില്ലായിരുന്നു. ആരുമായും ബന്ധവും ഇല്ലായിരുന്നു. ഉപ്പും മുളകും തുടങ്ങി രണ്ട് വർഷം കഴിഞ്ഞശേഷമാണ് വീട്ടുകാർക്ക് അവരുമായി കണക്ഷൻ വന്ന് തുടങ്ങിയത്.

കുട്ടികളും ലൊക്കേഷനിൽ വരുമായിരുന്നു. അവരുടെ ഫാമിലി ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുമായും നല്ല ബന്ധമാവുകയും ചെയ്തിരുന്നു. ഇങ്ങനൊയൊക്കെ അടുപ്പം സൂക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ പ്രൊഫഷനേയും ഫാമിലിയേയും വേറെ വേറെ മാറ്റി നിർത്തുന്നതാണ് നല്ലതെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണെന്ന് നിഷ പറയുന്നു. വീട് പണി നടന്നിരുന്ന സമയത്ത് നിരന്തരം ഞാൻ വർക്ക് ചെയ്തിരുന്നു.
ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്കുള്ള യാത്രയായിരുന്നു. അന്ന് മാവേലിയെ കാണുന്നത് പോലെയായിരുന്നു മക്കൾക്ക് ഞാൻ. കൂടുതലും ഷൂട്ട് തിരുവനന്തപുരത്തായിരുന്നു. അന്ന് നല്ല ആരോഗ്യമുള്ള സമയമായിരുന്നു. ഇപ്പോൾ എന്റെ മനസ് ഞാൻ പിടിച്ചിടത്ത് നിൽക്കുന്നില്ല. വേറെ എന്തെങ്കിലും ജോലി ചെയ്യാം, ബിസിനസ് തുടങ്ങാം എന്നൊക്കെയാണ് ഞാൻ ഇപ്പോൾ പറയാറ്.
പണ്ട് ഞാൻ ഇവന്റ് മാനേജ്മെന്റൊക്കെ ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റും ടപ്പർ വെയർ ബിസിനസുമെല്ലാം ചെയ്തിട്ടുണ്ടെന്നും നിഷ കൂട്ടിച്ചേർത്തു. ഉപ്പും മുളകിൽ നിഷയുടെ മകളായി അഭിനയിച്ച ബേബി അമേയ എന്ന പാറുക്കുട്ടിയെ മിസ് ചെയ്യുന്നുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോൾ നിഷ വികാരഭരിതയായി വിതുമ്പി. ആ വിഷയം സംസാരിക്കാതിരിക്കാം എന്നാണ് പറഞ്ഞത്.


Click it and Unblock the Notifications











