അന്ന് ഓഡീഷന് വിട്ടില്ല! അതേ ടീമിനൊപ്പം കിട്ടിയ അവസരം! ഉപ്പും മുളകിലെ മെര്‍ലിന്‍ ആയതിനെക്കുറിച്ച് അനീന
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന ഹാസ്യ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പിന്നണിയിലും മുന്നണിയിലും മാറ്റങ്ങള്‍ ഏറെ വന്നപ്പോഴും ആരാധകര്‍ പരമ്പരയെ പിന്തുണച്ചിരുന്നു. അടുത്തിടെയായി കുറേയേറെ പുതുമുഖങ്ങള്‍ ഉപ്പും മുളകിലുണ്ട്. കേശുവിന്റെ കാമുകി മെര്‍ലിനും, ലച്ചുവിന്റെ ഭര്‍ത്താവ് സിദ്ധുവുമൊക്കെയാണ് ഇപ്പോള്‍ പരമ്പരയെ നയിക്കുന്നത്. സിദ്ധുവിനെ നേരത്തെ അവതരിപ്പിച്ചത് ഡെയ്ന്‍ ഡേവിഡായിരുന്നു. ഇത്തവണ സിദ്ധാര്‍ത്ഥ് പ്രഭുവാണ് സിദ്ധുവായി എത്തിയത്. യൂട്യൂബ് ചാനലിലൂടെയായി ഉപ്പും മുളകിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് അനീന മറിയ.
എന്റെ ജീവിതത്തിലെ വലിയൊരു ടേണിംഗ് പോയന്റായിരുന്നു ഉപ്പും മുളകും. ഒട്ടും വിചാരിക്കാത്ത സമയത്താണ് ഞാന്‍ അതിലേക്ക് എത്തിപ്പെടുന്നത്. 2024 ജൂണിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കാന്‍ പോവുന്നത്. ഒരു യൂട്യൂബ് ചാനലിന് വേണ്ടി ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്തിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ വര്‍ക്ക് ചെയ്യാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ അതിന് സമ്മതം തന്നിരുന്നു. പാറമട വീട്ടില്‍ വെച്ചാണ് ഷൂട്ട് എന്ന് പറഞ്ഞിരുന്നു. ആ വീട് രണ്ടുനിലയാണെന്ന് ഞാന്‍ അന്നാണ് അറിഞ്ഞത്. ഞങ്ങള്‍ക്ക് മുകളിലായിരുന്നു ഷൂട്ട്. താഴെയായിരുന്നു ഉപ്പും മുളകും ഷൂട്ടിംഗ് നടക്കുന്നത്. ബാലുവച്ഛനെയും, നീലു അമ്മയേയുമൊക്കെ അന്ന് ഞാന്‍ പരിചയപ്പെട്ടിരുന്നു.

ദിവ്യ പിള്ളയായിരുന്നു ഞങ്ങളുടെ ഷൂട്ടില്‍ ഉണ്ടായിരുന്നത്. ഓരോ ആവശ്യങ്ങള്‍ക്കായി ഞാന്‍ ഇടയ്ക്കിടയ്ക്ക് താഴേക്ക് പോവുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഉപ്പും മുളകിലെ ക്രൂവില്‍ ഒരാളായ മഹേഷേട്ടന്‍ എന്നോട് ഉപ്പും മുളകില്‍ അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. ആ അഭിനയിക്കാലോ എന്നായിരുന്നു എന്റെ മറുപടി. പ്രൊഫൈല്‍ ഷെയര്‍ ചെയ്തിടൂ എന്നും പറഞ്ഞിരുന്നു. ഞാന്‍ അഭിനയിച്ചതൊന്നും റിലീസ് ചെയ്തിരുന്നില്ല. ആകെയുള്ളത് രണ്ട് പരസ്യങ്ങളാണ്. അത് കാണിച്ച് കൊടുത്തിരുന്നു. അപ്പോഴാണ് കേശുവിന്റെ ഫ്രണ്ടാണ് റോള്‍ എന്ന് പറഞ്ഞത്.
വിളിക്കാം എന്നും പറഞ്ഞിരുന്നു. ഞാന്‍ നല്ല എക്‌സൈറ്റഡായിരുന്നു. ആദ്യ ദിവസം എന്നെ വിളിച്ചിരുന്നില്ല. രണ്ടാമത്തെ ദിവസമായിട്ടും കാര്യമായ നീക്കുപോക്കുകളൊന്നുമില്ലായിരുന്നു. ഒരു സണ്‍ഡേ ഞാന്‍ വെറുതെ വീട്ടില്‍ ഇരിക്കുമ്പോഴായിരുന്നു മഹേഷേട്ടന്‍ വിളിച്ച് ഫ്രീയാണെങ്കില്‍ ഇങ്ങോട്ടേക്ക് വാ എന്ന് പറയുന്നത്. അപ്പോഴാണ് ഞാന്‍ വീട്ടുകാരോട് എന്നെ ഉപ്പും മുളകിലേക്ക് വിളിച്ചതിനെക്കുറിച്ച് പറഞ്ഞത്. അന്നിട്ട അതേ കോസ്റ്റിയൂമില്‍ തന്നെ വരാനായിരുന്നു പറഞ്ഞത്. ഞാന്‍ ചെയ്തിട്ടുള്ളതെല്ലാം ഡബ്ബിംഗ് ഷൂട്ടായിരുന്നു. സിങ്ക് സൗണ്ട് പരിചയമല്ലായിരുന്നു. അതെങ്ങനെ ആവും എന്നറിയില്ലായിരുന്നു. കേശുവിനും പാറുവിനുമൊപ്പമുള്ള സീനായിരുന്നു ആദ്യത്തേത്.
കുട്ടിക്കലവറ എന്ന ഫ്‌ളവേഴ്‌സിലെ പരിപാടിയിലേക്ക് ഞാന്‍ അപേക്ഷ അയച്ചിരുന്നു. ഓഡീഷന് കൊച്ചിയിലേക്ക് പോവണം എന്ന് പറഞ്ഞപ്പോള്‍ പപ്പയും മമ്മിയും കൊണ്ടുപോയിരുന്നില്ല. കേശുവും ശിവാനിയുമൊക്കെ അതിലൂടെയാണ് സെലക്ട് ചെയ്തത്. അന്ന് പോയിരുന്നുവെങ്കില്‍ എന്തായാലും കിട്ടിയേനെ എന്നായിരുന്നു എനിക്ക്. അങ്ങനെയിരിക്കുമ്പോഴാണ് അതേ ആള്‍ക്കാരോടൊപ്പം എനിക്ക് ഉപ്പും മുളകില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പ്രമോ വരുമ്പോഴെല്ലാം ഞാന്‍ എന്നെ എന്നാണ് കാണിക്കുന്നത് എന്ന് നോക്കുന്നുണ്ടായിരുന്നു.
കേശുവും പാറുവും വരുന്നത് കണ്ടപ്പോഴാണ് എനിക്ക് മനസിലായത് ഇവരോടൊപ്പം ഞാനുമുണ്ടെന്ന് മനസിലാക്കുന്നത്. രണ്ട് എപ്പിസോഡിനാണെന്ന് കരുതി പോയതാണ്. പിന്നെയങ്ങനെ അവരോടൊപ്പം തന്നെയായി. തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലാം. ഇപ്പോള്‍ ഞാന്‍ കുറച്ച് വലുതായി. നിങ്ങളുടെ നെഗറ്റീവ് കമന്റുകളൊക്കെ കാണുന്നുണ്ട്. എന്നെ സംബന്ധിച്ച് എന്റെ കഥാപാത്രമാണ് അത്. അവര്‍ പറയുന്നത് പോലെ ഞാന്‍ ചെയ്യുന്നു എന്നേയുള്ളൂ എന്നുമായിരുന്നു അനീന പറഞ്ഞത്.


Click it and Unblock the Notifications