പുറത്താക്കാൻ കാത്തിരുന്നവർക്ക് കിട്ടിയ തിരിച്ചടി, അനീഷ് ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ, അകത്തും പുറത്തും തരംഗം!
ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻസി ഒരു ഒന്നൊന്നര പവർ തന്നെയാണ്. നോമിനേഷൻ ഫ്രീയാവുക തുടങ്ങി നിരവധി ഗുണങ്ങൾ ക്യാപ്റ്റനാകുന്ന വ്യക്തിക്ക് വന്ന് ചേരും. മാത്രമല്ല ഹൗസിൽ എല്ലാവരുടേയും മേൽ ഒരു നിയന്ത്രണം കൊണ്ടുവരാനും എല്ലാത്തിലും ഇടപെടാനും സർവ്വോപരി സ്ക്രീനിൽ നിറഞ്ഞ് നിൽക്കാനും ലഭിക്കുന്ന സുവർണ്ണാവസരമാണ്.
പോസിറ്റീവ് കാര്യങ്ങൾ നിരവധി ഉണ്ടെങ്കിലും ക്യാപ്റ്റൻസി ഒരു തരത്തിൽ പറഞ്ഞാൽ ചെറിയൊരു മുൾകിരീടം കൂടിയാണ്. പക്ഷെ ക്യാപറ്റൻസി നേടിയെടുക്കാൻ മത്സരാർത്ഥികൾ എല്ലാം കിണഞ്ഞ് പരിശ്രമിക്കാറുമുണ്ട്. സീസൺ ഏഴിൽ ട്വിസ്റ്റോട് ട്വിസ്റ്റാണ്. ക്യാപ്റ്റൻസി ടാസ്ക്കിലും ഒരു ട്വിസ്റ്റ് ബിഗ് ബോസ് കൊണ്ടുവന്നു. വീട്ടുകാർ പോലും പകച്ച് പോയി.

ക്യാപ്റ്റനാകാൻ ഒട്ടും യോഗ്യതയില്ലാത്ത ഒരു വ്യക്തിയുടെ പേരും കാരണവും നിർദേശിക്കാൻ ബിഗ് ബോസ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടതോടെയാണ് ക്യാപ്റ്റൻസി ടാസ്ക്ക് ആരംഭിച്ചത്. ഹൗസിൽ കാലുകുത്തിയ അടുത്ത നിമിഷം മുതൽ കോമണർ മത്സരാർത്ഥി അനീഷ് ഗെയിം പുറത്തെടുത്തിരുന്നു. അതുകൊണ്ട് തന്നെ മറ്റ് പതിനെട്ട് പേരുടേയും കണ്ണിലെ കരടായി അനീഷ് മാറി കഴിഞ്ഞു.
മുൻ ബിഗ് ബോസ് മത്സരാർത്ഥി രജിത്ത് കുമാറിന്റെ പാതയാണ് അനീഷ് പിന്തുടരുന്നതെന്നാണ് ഇതുവരെയുള്ള അനീഷിന്റെ ഗെയിം കണ്ട് ബിബി പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. കാരണം വിക്ടം കാർഡ്, ഒറ്റപ്പെടൽ സ്ട്രാറ്റജി, പ്രവോക്കിങ് തുടങ്ങിയവയെല്ലാം അനീഷ് ചെറിയ രീതിയിൽ പയറ്റി തുടങ്ങിയിട്ടുണ്ട്. അവയിൽ പ്രവോക്കിങ് കൃത്യമായി വർക്കായി.
അതിനാലാണ് ക്യാപ്റ്റൻസി ഒട്ടും അർഹിക്കാത്ത മത്സരാർത്ഥി അനീഷാണെന്ന് ഭൂരിഭാഗം പേരും പറഞ്ഞത്. കൂടുതൽ വോട്ടുകൾ അനീഷിന് ലഭിച്ചപ്പോൾ ബിഗ് ബോസിന്റെ വക അനീഷിന് മറ്റെന്തെങ്കിലും ടാസ്ക്ക് ലഭിക്കുമെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ക്യാപ്റ്റൻസി അനീഷിന് ബിഗ് ബോസ് നൽകി.
ഒപ്പം ബിഗ് ബോസ് മത്സരം ഇതുവരേയും കണ്ടിട്ടില്ലേ? എന്നൊരു ചോദ്യവും മറ്റ് മത്സരാർത്ഥികളോട് ബിഗ് ബോസ് ചോദിച്ചു. അതോടെയാണ് തങ്ങൾക്ക് പറ്റിയ അമളി മത്സരാർത്ഥികൾ മനസിലാക്കിയത്. അനീഷിനെ നോമിനേഷനിലിട്ട് പുറത്താക്കമെന്നാണ് സഹമത്സരാർത്ഥികൾ കരുതിയിരുന്നത്. അനീഷിന്റെ ഗെയിം പാറ്റേണൻ ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ബിബി പ്രേക്ഷകരും അനീഷ് നോമിനേഷനിൽ വന്നാൽ എടുത്ത് പുറത്തിടാമെന്ന തീരുമാനത്തിലായിരുന്നു.

എല്ലാ പ്ലാനും ബിഗ് ബോസ് കൊണ്ടുവന്ന ട്വിസ്റ്റിലൂടെ ഇല്ലാതായി. അതേസമയം അനീഷ് എവിക്ഷൻ ഫ്രീയായത് നന്നായി എന്നും അല്ലാത്തപക്ഷം സേഫ് ഗെയിം കളിക്കുന്നവർ ഹൗസിൽ തുടരുകയും കണ്ടന്റും ഗെയിമും കളിക്കുന്ന അനീഷ് അടക്കമുള്ള മത്സരാർത്ഥികൾ ആദ്യ വീക്ക് തന്നെ പുറത്താകുന്നത് കാണേണ്ടി വരുമായിരുന്നവെന്നും ചിലർ കുറിച്ചു.
ഗ്രാന്റ് ലോഞ്ച് ഡെ മുതൽ ഈ നിമിഷം വരെയും അകത്തും പുറത്തും ഒരുപോലെ ചർച്ച വിഷയമായി കഴിഞ്ഞു അനീഷ്. വന്ന ദിവസം തന്നെ എല്ലാവരും അനീഷിനെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അയാൾ നന്നായി കളിക്കുന്നുണ്ട് എന്നാണ് അർത്ഥം, ദയവ് ചെയ്ത് അനീഷിനെ പുറത്താക്കരുത്. പുള്ളിക്കാരൻ കുറച്ച് കൂടെ കളിക്കട്ടെ. പുള്ളി കോൺടെൻ്റ് തരുന്നുണ്ട്. കളിക്കുന്നവരാണ് ഹൗസിൽ തുടരേണ്ടത് എന്നിങ്ങനെയാണ് പ്രേക്ഷക പ്രതികരണങ്ങൾ.
തൃശൂർ സ്വദേശിയായ അനീഷ് സർക്കാർ ജീവനക്കാരനാണ്. ജോലിയിൽ നിന്നും അഞ്ച് വർഷത്തേക്ക് ലീവെടുത്താണ് ബിഗ് ബോസിലേക്ക് കയറാൻ എത്തിയത്. പലതവണ പരിശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല. വർഷങ്ങളായി ബിഗ് ബോസിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു അനീഷ്. ഇത്തവണ അനീഷിനൊപ്പം പതിനെട്ട് പേരാണ് ടൈറ്റിലിന് വേണ്ടി പൊരുതുന്നത്.


Click it and Unblock the Notifications