ഞാനെന്ത് ചെയ്യും ചേട്ടാ എന്ന് ചോദിച്ച് കിച്ചു കരഞ്ഞു, സുധി ചേട്ടന് എങ്ങനെ പെെസയില്ലാതായെന്ന് തോന്നി: അനൂപ് ജോൺ
നടൻ കൊല്ലം സുധി മരിച്ചിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടു. ഇന്നും ആരാധകർക്ക് കൊല്ലം സുധിയെ മറക്കാനായിട്ടില്ല. 2023 ലാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരിക്കുന്നത്. സ്റ്റാർ മാജിക്ക് എന്ന ഷോയിൽ തിളങ്ങി നിൽക്കുന്ന സമയം. സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സ്റ്റാർ മാജിക് ഷോ ഡയരക്ടറായിരുന്ന അനൂപ് ജോൺ. മെെൽസ്റ്റോർ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് സുധിയുടെ മരണ ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചത്.
കിച്ചുവാണ് എന്നെ വിളിച്ച് കൊണ്ടിരുന്നത്. കിച്ചുവിനെ എനിക്ക് ആശ്വസിപ്പിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും അച്ഛനുമായി അറ്റാച്ച്ഡ് ആയിരുന്നു. ഷൂട്ടിന് വരുമ്പോൾ മിക്ക സമയത്തും ഒപ്പം കിച്ചുവുണ്ടാകും. ഇനി ഞാനെന്ത് ചെയ്യും ചേട്ടാ എന്ന് ചോദിച്ച് അവൻ സംസാരിക്കുന്നുണ്ട്. പലതിനും മറുപടി ഇല്ല. ഞങ്ങൾ ഒരു പ്രോഗ്രാമിന് വിട്ടതിനാൽ ഉത്തരവാദിത്വമുണ്ട്. ഇപ്പോഴും മനസിൽ കിടക്കുന്ന സംഭവമാണ്. പിന്നെ ഒരുപാട് പേർ വന്നു. മോർച്ചറിയിൽ കയറി ഞാൻ കണ്ടു. രണ്ട് ദിവസം മുമ്പ് കണ്ട ആൾ അതേപോലെ കിടക്കുന്നു. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ഇപ്പോഴും ആ സിറ്റുവേഷൻ കണ്ണിലുണ്ട്. സ്വന്തം വീട്ടിൽ നിന്നും ഒരാൾ പോയ തോന്നലായിരുന്നു. അത്രയും അറ്റാച്ച്ഡ് ആയിരുന്നു.

മരണം കഴിഞ്ഞുള്ള സ്റ്റാർ മാജിക്കിന്റെ എപ്പിസോഡ് ഷൂട്ടാണെന്നല്ല എനിക്ക് തോന്നിയത്. വീട്ടിലെ ഒരു മരണത്തിന് ശേഷം അടുത്ത ദിവസം എല്ലാവരും ഒത്തൊരുമിച്ച് സംസാരിക്കുമ്പോഴുള്ള ഫീലായിരുന്നു. പലരും ഞങ്ങൾ വിൽക്കുകയാണെന്ന് പറഞ്ഞു. എനിക്ക് ഷൂട്ട് ചെയ്യാതിരിക്കാൻ പറ്റില്ലായിരുന്നു. രണ്ടാഴ്ചയോളം ബ്രേക്ക് ചെയ്തിരുന്നു. അതിന് ശേഷം പിന്നെയും എപ്പിസോഡുകൾ വരുന്നു.
ഇതൊക്കെ വിറ്റ് പെെസയാക്കേണ്ട ആവശ്യമുണ്ടോ എന്ന് പലരും ചോദിച്ചു. വളരെ പാട് പെട്ടാണ് ഷൂട്ട് ചെയ്തത്. ലക്ഷ്മി നക്ഷത്ര വരെ വളരെ ഇമോഷണലായാണ് എപ്പിസോഡ് ചെയ്തത്. ഞങ്ങൾ രാവിലെ വന്ന് നിൽക്കുകയാണ്. ഒന്നും തലയിൽ നിൽക്കുന്നില്ല. എങ്ങനെയൊക്കെയോ ഷൂട്ട് ചെയ്തു. വളരെ വിഷമത്തോടെയാണ് ഷോ അന്ന് ചെയ്തതെന്നും അനൂപ് ജോൺ പറയുന്നു.

പറ്റാവുന്നത് പോലെ രേണുവിനെയും മക്കളെയും സഹായിച്ചിട്ടുണ്ടെന്നും അനൂപ് വ്യക്തമാക്കി. കൊല്ലം സുധിയുടെ സാമ്പത്തിക നില തനിക്ക് ഉൾക്കൊള്ളാനായിരുന്നില്ലെന്നും അനൂപ് ജോൺ പറയുന്നുണ്ട്. എന്തുകൊണ്ട് സുധി ചേട്ടൻ പെെസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. കൊല്ലം സുധിയുടെ പ്രോഗ്രാം കാണാൻ വേണ്ടി സെെക്കിൾ ചവിട്ടി പോയിട്ടുണ്ടെന്ന് സുരാജേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്.
ഒരുപാട് പേർ പുള്ളിയുടെ ഫാൻസായി. അത്രയും തിളങ്ങി നിന്നതാണ്. സുധി ചേട്ടൻ യാത്ര ചെയ്യാത്ത രാജ്യങ്ങളില്ല. ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ആ സമയത്തേ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞാൽ ആദ്യം പോകുന്നത് സുധി ചേട്ടന്റെ പേയ്മെന്റാണ്. സുധി ചേട്ടന്റെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. സുധി ചേട്ടൻ കുറച്ച് കൂടെ വലിയ സ്ഥിതിയിലേക്ക് എത്തേണ്ട ആളായിരുന്നെന്നും അനൂപ് ജോൺ പറഞ്ഞു. കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇന്ന് ആൽബം സോങ്സും ഷോർട്ട് ഫിലിമുകളുമായി തന്റേതായ മഖല തെരഞ്ഞെടുത്തിരിക്കുകയാണ്. ഇതേക്കുറിച്ചും അനൂപ് ജോൺ സംസാരിക്കുന്നുണ്ട്. ഉപജീവനത്തിന് അവസരം കിട്ടിയപ്പോൾ അത് ചെയ്യുന്നു. അതിൽ കുറ്റപ്പെടുത്തേണ്ടതില്ല. കുറ്റപ്പെടുത്തുന്നവർ രേണുവിന് വേണ്ടി ഒന്നും ചെയ്യില്ലെന്നും അനൂപ് ജോൺ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications