ഒട്ടും ഇഷ്ടമില്ലാതെയാണ് ചെയ്തത്! പിന്നീട് ഏറ്റവും പ്രിയപ്പെട്ടതായി മാറി! ജയന്തിയെക്കുറിച്ച് അപ്‌സര
സാന്ത്വനത്തിലെ ജയന്തിയല്ലേ എന്ന് ചോദിച്ചാണ് ആളുകള്‍ ഇപ്പോഴും തന്നോട് സംസാരിക്കാറുള്ളതെന്ന് അപ്‌സര രത്‌നാകരന്‍ പറയുന്നു. ബിഗ് ബോസില്‍ പങ്കെടുത്താല്‍ അതാണ് പലരും പറയാറുള്ളത്. എന്നാല്‍ എന്റെ കാര്യത്തില്‍ ഇപ്പോഴും സാന്ത്വനത്തിലെ ജയന്തിയല്ലേ, ബിഗ് ബോസിലും ഉണ്ടായിരുന്നു അല്ലേ എന്നാണ് ചോദിക്കാറുള്ളത്. ഇഷ്ടമില്ലാതെ ചെയ്ത ക്യാരക്ടറായിരുന്നു അത്. ചിപ്പി ചേച്ചിയുടെ ബ്രദറിന്റെ വൈഫാണെന്ന് പറഞ്ഞാണ് എന്നെ കാസ്റ്റ് ചെയ്തത്. ഭയങ്കര മെച്വേര്‍ഡായിട്ടുള്ള ക്യാരക്ടറാണെന്ന് അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്. 25 വയസേയുണ്ടായിരുന്നുള്ളൂ. 42 വയസുള്ള ക്യാരക്ടറായിരുന്നു. ലൊക്കേഷനിലെത്തിയപ്പോഴാണ് ഇത്രയും പ്രായമുള്ള ക്യാരക്ടറാണെന്ന് അറിയുന്നത്. തിരിച്ചുപോവാനും പറ്റുന്നില്ല. ആകെ പെട്ടുപോയൊരു അവസ്ഥയായിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
നെഗറ്റീവ് ടച്ചുള്ള ക്യാരക്ടറാണെന്ന് പറഞ്ഞിരുന്നു. എന്നോട് തന്നെ ഡബ്ബ് ചെയ്യാനും അവര്‍ പറഞ്ഞിരുന്നു. എന്റെ ക്യാരക്ടര്‍ അത്രയും നല്ല ക്യാരക്ടറായിരുന്നുവെങ്കില്‍ എന്നോട് തന്നെ ഡബ്ബ് ചെയ്യാന്‍ പറയുമായിരുന്നോ. ബാക്കിയെല്ലാവര്‍ക്കും ഡബ്ബ് ചെയ്യാന്‍ വേറെ ആളാണല്ലോ എന്നും ചോദിച്ചിരുന്നു. അത്രയും പ്രാധാന്യമുള്ള കഥാപാത്രമൊന്നുമല്ലാത്തതിനാലായിരിക്കും അങ്ങനെ എന്നായിരുന്നു ഞാന്‍ വിചാരിച്ചത്. ആ ക്യാരക്ടറിന്റെ മോഡുലേഷന്‍ അപ്്‌സര തന്നെ ചെയ്താല്‍ മതിയെന്ന് തോന്നി. രഞ്ജിത്തേട്ടന്‍ ഡബ്ബിംഗ് കേള്‍ക്കാന്‍ വരുമെന്നും, ഇഷ്ടമായില്ലെങ്കില്‍ പറയുമെന്നും പറഞ്ഞിരുന്നു. അപ്‌സര തന്നെ ഡബ്ബ് ചെയ്താല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

റേറ്റിംഗിലൊക്കെ ഏറെ മുന്നിലായിരുന്നു പരമ്പര. ജയന്തി വരുന്ന ദിവസമൊക്കെ നല്ല റേറ്റിംഗായിരുന്നു. മൂന്ന് മാസം വരെ ഞാന്‍ ഒട്ടും ഹാപ്പിയല്ലായിരുന്നു. എന്റെ പക്വതക്കുറവ് കൊണ്ടായിരിക്കാം. അത്രയും പ്രായമായിട്ടുള്ള ക്യാരക്ടറാണല്ലോ ചെയ്യുന്നതെന്ന വിഷമത്തിലായിരുന്നു അപ്പോഴും ഞാന്‍. എന്ത് രസമായിട്ടാണ് ചെയ്യുന്നതെന്ന് കൂടെയുള്ളവരും, പുറത്തുള്ളവരുമൊക്കെ പറഞ്ഞ് തുടങ്ങിയപ്പോഴാണ് ഇത് നിസാരമല്ല എന്ന് മനസിലാക്കിയത്. അപ്‌സര ഒരു സീനിലാണെങ്കിലും ഗംഭീരം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എല്ലാവരെക്കൊണ്ടും നല്ലത് എന്ന് പറയിപ്പിക്കുന്നത് വരെ ഡയറക്ടര്‍ ചെയ്യിപ്പിക്കുമായിരുന്നു. പിന്നെപ്പിന്നെ ഞാനും അത് എന്‍ജോയ് ചെയ്ത് തുടങ്ങി.
എന്ത് ചെയ്താലും പെര്‍ഫക്ഷനായി ചെയ്യണമെന്ന് പഠിച്ചതും, ശീലിച്ചതും അതിലൂടെയായിരുന്നു. ഞാന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യാറുണ്ട്. അതിന് മുന്‍പ് നല്ല ടെന്‍ഷനാവും. എന്തിനാണ് ഇങ്ങനെ ടെന്‍ഷനടിക്കുന്നത്. പെര്‍ഫോം ചെയ്യാറുള്ളതല്ലേ എന്നൊക്കെ എല്ലാവരും ചോദിക്കും. ഞാന്‍ അത്രയും പെര്‍ഫെക്റ്റാക്കാന്‍ നോക്കും. നന്നായി എന്ന് എല്ലാവരും പറയുമ്പോള്‍ കിട്ടുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാവുന്നതല്ല. ഞാന്‍ ഭയങ്കര പക്വതയുള്ള ആളാണെന്നാണ് എന്നെ അറിയാത്തവരൊക്കെ വിചാരിക്കുന്നത്. എന്നാല്‍ ഞാനങ്ങനയേ അല്ല. കുട്ടിക്കളിയായൊക്കെ നടക്കുന്നതാണ്. അത്ര സീരിയസൊന്നുമല്ല. ആളുകള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളൊക്കെ എനിക്കും പ്രിയപ്പെട്ടതാണ്.
ഫാമിലിയെക്കുറിച്ചൊക്കെ എന്നോട് അഭിമുഖങ്ങളില്‍ ചോദിക്കാറുണ്ട്. പലതും കട്ട് ചെയ്തായിരിക്കും അവര്‍ ഇടുന്നത്. മുഴുവന്‍ ഇന്റര്‍വ്യൂ അവര്‍ കാണണമെന്നില്ലല്ലോ. അറിയാത്ത കാര്യങ്ങളൊക്കെ പ്രചരിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. വാസ്തവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഒരു നിയമം വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പൊതുവെ പെട്ടെന്ന് ചിരി വരുന്ന ആളാണ്. ചിരി നിയന്ത്രിക്കാന്‍ പറ്റാറില്ല. എന്തെങ്കിലും തമാശ കേള്‍ക്കുമ്പോള്‍ അത് ഇമാജിന്‍ ചെയ്ത് ചിരിക്കും. പിന്നെ എനിക്ക് പേടിയാവും, ഇനി കരയുമോയെന്ന്. അങ്ങനെ കുറേക്കാലം ചിരി പിടിച്ചുവെച്ചിരുന്നു. കുറേക്കഴിഞ്ഞ് കരയും എന്നോര്‍ത്ത് ഇപ്പോഴത്തെ നല്ല നിമിഷം കളയണ്ടല്ലോ എന്ന് ഞാന്‍ പിന്നീട് മനസിലാക്കി. സങ്കടപ്പെടാനുള്ളതാണെങ്കില്‍ അത് വരും എന്നാണ് ഇപ്പോള്‍ ചിന്തിക്കാറുള്ളതെന്നും അപ്‌സര വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications