ആറാട്ടണ്ണന്റെ ബാങ്ക് ബാലൻസ് ലക്ഷങ്ങൾ; സിനിമക്കാരെ ചീത്തവിളിക്കാനും കോമാളിയാകാനും ഞങ്ങളും റെഡി; കമന്റുകൾ!
സോഷ്യൽമീഡിയ നിരന്തരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതനാണ് ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി. 2022ൽ മോഹൻലാൽ സിനിമ ആറാട്ടിന് റിവ്യു പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി വൈറലാകുന്നത്. മോഹൻലാൽ ആരാധകനായ സന്തോഷ് സിനിമ കണ്ടിറങ്ങിയശേഷം പ്രതികരണം എടുക്കാൻ തടിച്ച് കൂടിയ മീഡിയയോട് സംസാരിക്കവെ മോഹൻലാൽ ആറാടുകയാണെന്നാണ് സിനിമയെ കുറിച്ചുള്ള തിയേറ്റർ റസ്പോൺസായി പറഞ്ഞത്.
അന്നത്തെ സന്തോഷിന്റെ പ്രതികരണം ശ്രദ്ധ നേടുകയും ആറാടുകയാണ് എന്ന പ്രയോഗം ആളുകൾ വൈറലാക്കുകയും ചെയ്തു. അതിനുശേഷമാണ് സന്തോഷിനെ സോഷ്യൽമീഡിയ ആറാട്ടണ്ണൻ എന്ന് വിളിച്ച് തുടങ്ങിയത്. പിന്നീട് ഇയാൾ നൽകിയ അഭിമുഖങ്ങളിൽ നടി നിത്യ മേനോനെ തനിക്ക് വിവാഹം കഴിക്കണമെന്നും ക്രഷുണ്ടെന്നും പറഞ്ഞതും ചർച്ചയായിരുന്നു.

പ്രധാന സിനിമാ റിലീസുകളുള്ള എറണാകുളത്തെ തിയേറ്ററുകളിൽ എല്ലാം ഒട്ടുമിക്ക വെള്ളിയാഴ്ചകളിലും സന്തോഷിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. സിനിമാ താരങ്ങളെ അസഭ്യം പറഞ്ഞും അപകീർത്തിപ്പെടുത്തിയും ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവെച്ചതിനും വീഡിയോകൾ ചെയ്തതിനും നിരവധി തവണ പുലിവാല് പിടിച്ചിടുള്ള ആൾ കൂടിയാണ് സന്തോഷ് വർക്കി. ഇപ്പോഴിതാ സന്തോഷിന്റെ പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്.
തന്റെ ബാങ്ക് ബാലൻസിനെ കുറിച്ചാണ് സന്തോഷ് സംസാരിക്കുന്നത്. അഞ്ചര ലക്ഷം രൂപയിലധികമാണ് സന്തോഷ് വർക്കിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. കൃത്യമായി പറഞ്ഞാല്‍ 561821 രൂപ. ഓൺലൈൻ മീഡിയയ്ക്ക് ബാങ്ക് ബാലൻസ് എത്രയാണെന്ന് ബാങ്കിങ് ആപ്പിലൂടെ കാണിച്ച് കൊടുക്കുന്നതും വൈറൽ വീഡിയോയിൽ കാണാം.
എന്നെ സംബന്ധിച്ചടത്തോളം 561821 രൂപ വളരെ ചെറിയ എമൗണ്ടാണ്. ഇത് എന്റെ ബാങ്ക് ബാലൻസൊന്നും അല്ലെ. വെറുതെ ചെലവാക്കാനായി ഇട്ടിരിക്കുന്ന പൈസയാണെന്ന് സന്തോഷ് പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ സിനിമക്കാരെ തെറിവിളിക്കാനും കോമാളിയാകാനും തങ്ങളും റെഡിയാണെന്നാണ് ചിലർ കുറിച്ചത്.
നമ്മളൊക്കെ കോമാളിയെന്ന് വിളിച്ച് കളിയാക്കുന്ന ആറാട്ടണ്ണന്റെ ബാങ്ക് ബാലൻസ് അഞ്ചരലക്ഷം. നമ്മളൊക്കെ പത്തുകൊല്ലം കഷ്ടപ്പെട്ടാൽ മാത്രമെ ഇത്രയും സേവിങ്സ് ഉണ്ടാക്കാൻ പറ്റു, ഇന്ന് തൊട്ട് ഞാനും കോമാളിയാവാൻ പോവുകയാണ്. രാത്രി ലൈവ് വീഡിയോ തുടങ്ങണം. പിന്നെ രാഷ്ട്രീയക്കാരെയും പൊതുജനത്തേയും സിനിമാക്കരെയും തെറിവിളിക്കണം. അങ്ങനെ ഞാനും അണ്ണനെ പോലെ പൈസക്കാരനാകും.

ഒരു പണിക്കും പോവാതെ നടക്കുന്നവന്റെ അക്കൗണ്ടിൽ അഞ്ച് ലക്ഷം. സ്വന്തം വീടും നാടും മറന്ന് ഗൾഫിൽ പോയി കഠിന പണി എടുക്കുന്നവന്റെ അക്കൗണ്ടിൽ ബാലൻസ് സീറോ. കാലത്തിന്റെ പോക്ക്, ചത്ത് കുത്തി പണിയെടുത്തിട്ടും അഞ്ഞൂറ് രൂപപോലും സേവിങ്സ് ഇല്ല. നമ്മളെ പോലുള്ളവർ കമന്റ് ഇട്ടുകൊണ്ടിരിക്കും. ആറാട്ടണ്ണനെ പോലുള്ളവർ ആ റീച്ച് വിറ്റ് പണം സമ്പാദിക്കും എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഫേസ്ബുക്കിൽ വീഡിയോ ഇട്ടാൽ ഇത്രയധികം പണം സമ്പാദിക്കാൻ കഴിയുമോയെന്ന സംശയവും ചിലർക്കുണ്ട്. എന്നാൽ പണത്തിന്റെ ഉറവിടം ഏതാണെന്നത് സന്തോഷ് വെളിപ്പെടുത്തിയിട്ടില്ല. അമ്മ മാത്രമാണ് സന്തോഷിനുള്ളത്. സഹോദരിമാർ വിവാഹിതരാണ്. വാർധക്യ സഹജമായ അവശതകൾ കൊണ്ട് ബുദ്ധിമുട്ടുന്ന അമ്മയെ പരിപാലിക്കുന്നത് സന്തോഷാണ്. കുടുംബസ്വത്തിന്റെ പേരിൽ സഹോദരിമാരുമായി തർക്കമുള്ളതായി മുമ്പൊരിക്കൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.
ചില സിനിമകളിലും സന്തോഷ് ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷിന്റെ പാത പിന്തുടർന്ന് അലിൻ ജോസ് പെരേര അടക്കം നിരവധി പേർ സിനിമാ റിവ്യു രംഗത്ത് പിന്നീട് എത്തിയിരുന്നു. ആ ഒരു ട്രെന്റ് തുടങ്ങിവെച്ചത് സന്തോഷ് വർക്കിയാണ്. എഞ്ചിനീയറായ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.


Click it and Unblock the Notifications











