സിബിൻ ക്രിസ്ത്യൻ ആര്യ ഹിന്ദു, മതം വിഷയമാകില്ലേ?, കുട്ടികൾ കൂടി ഉള്ളപ്പോൾ പ്ലാൻ എന്താണ്?; മറുപടിയുമായി ആര്യ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു സർപ്രൈസായിരുന്നു ആര്യ ബഡായി-സിബിൻ ബെഞ്ചമിൻ വിവാഹ വാർത്ത. ഒന്നര മാസം മുമ്പാണ് താൻ പ്രണയത്തിലാണെന്നും വിവാഹം നിശ്ചയം കഴിഞ്ഞുവെന്നും വരൻ സിബിനാണെന്നും ആര്യ വെളിപ്പെടുത്തിയത്. ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അടുത്ത സുഹൃത്തുക്കളും ബിസിനസ് പാട്നേഴ്സുമാണ്. തന്നെ ഏറ്റവും നന്നായി മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്ത് വിവാഹമെന്ന പ്രപ്പോസൽ മുന്നോട്ട് വെച്ചപ്പോൾ ഏറ്റവും നല്ല തീരുമാനം അതിന് ഓക്കെ പറയുക എന്നതാണെന്ന് തോന്നിയതുകൊണ്ടാണ് സിബിനുമായുള്ള വിവാഹത്തിന് മുതിർന്നത് എന്നാണ് ആര്യ പറഞ്ഞത്.
ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു ആര്യയുടെ വിവാഹം. ആ ബന്ധത്തിൽ ഒരു മകളും ആര്യയ്ക്കുണ്ട്. ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ആര്യ വിവാഹമോചനം നേടി.

പിന്നീട് വർഷങ്ങളോളം നടി സിംഗിൾ ലൈഫായിരുന്നു നയിച്ചിരുന്നത്. ശേഷം മറ്റൊരാൾ ആര്യയുടെ ജീവിതത്തിലേക്ക് വന്നു. ബിഗ് ബോസിലായിരുന്ന കാലത്ത് തന്റെ പ്രണയത്തെ കുറിച്ച് ആര്യ തുറന്ന് പറയുകയും ചെയ്തിരുന്നു. പക്ഷെ ഷോയ്ക്കുശേഷം പുറത്ത് വന്നപ്പോൾ അയാൾ ആര്യയുടെ സുഹൃത്തായ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ആര്യയ്ക്ക് ആ ബന്ധത്തിൽ നിന്നും പിന്മാറേണ്ടതായും വന്നു.
ആ പ്രണയ തകർച്ച വിഷാദത്തിലേക്കും പാനിക്ക് അറ്റാക്കിലേക്കും തന്നെ എത്തിച്ചിരുന്നുവെന്ന് നടി തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ശേഷമാണ് സിബിൻ ആര്യയുടെ ജീവിതത്തിലേക്ക് എത്തുന്നത്. പ്രണയിച്ച് നടന്നശേഷം വിവാഹത്തിലേക്ക് എത്തുകയായിരുന്നില്ല. നമുക്ക് വിവാഹം കഴിച്ചാലോയെന്നാണ് സിബിൻ ആദ്യം ആര്യയോട് ചോദിച്ചത്.
അതിനുശേഷമാണ് പ്രണയിച്ച് തുടങ്ങിയത്. ആര്യയുടെ മകൾ ഖുഷിയും എല്ലാവിധ സപ്പോർട്ടുമായി ഇരുവർക്കും ഒപ്പമുണ്ട്. ആര്യയെപ്പോലെ തന്നെ സിബിനും വിവാഹമോചിതനും ഒരു ആൺകുഞ്ഞിന്റെ പിതാവുമാണ്. സിബിന്റെ മകനെ മുൻ ഭാര്യ ചിഞ്ചുവാണ് സംരക്ഷിക്കുന്നത്. സാമ്പത്തികമായും മാനസീകമായുമുള്ള പിന്തുണയും സ്നേഹം മകന് സിബിൻ നൽകാറുമുണ്ട്.
സോഷ്യൽമീഡിയയിൽ ആക്ടീവായ ആര്യ കഴിഞ്ഞ ദിവസം ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. അക്കൂട്ടത്തിൽ വൈറലായത് ഒരു ചോദ്യവും ആര്യ അതിന് നൽകിയ മറുപടിയുമാണ്. ഇതരമതസ്ഥരായ നിങ്ങൾ വിവാഹം കഴിച്ചാൽ എങ്ങനെയാണ് മുമ്പോട്ട് പ്ലാൻ ചെയ്യുന്നത്?. അതും പ്രത്യേകിച്ച് നിങ്ങൾക്ക് കുട്ടികൾ കൂടി ഉള്ളപ്പോൾ എന്നായിരുന്നു ചോദ്യം.

കാരണം ആര്യ ഹിന്ദു മതവിശ്വാസിയും സിബിൻ ക്രിസ്ത്യനുമാണ്. പക്വതയുള്ള മറുപടിയാണ് ചോദ്യത്തിന് ആര്യ നൽകിയത്. തങ്ങളുടെ കുടുംബജീവിതത്തിൽ മതം ഒരിക്കലും ഒരു വിഷയമല്ലെന്നാണ് ആര്യ മറുപടിയായി പറഞ്ഞത്. കുട്ടികളെ എങ്ങനെ നല്ല മനുഷ്യനാകാമെന്ന് പഠിപ്പിക്കുകയോ വഴികാട്ടുകയോ വേണം. ദയ, ഉദാരമനസ്കത, ക്ഷമ, മര്യാദ, സഹാനുഭൂതി എന്നിവയുള്ള ഒരു മനുഷ്യനാകാനാണ് പഠിപ്പിക്കേണ്ടത്.
ഞങ്ങൾക്ക് ഇടയിൽ മതം ഒരു വിഷയമല്ല. ഒരിക്കലും വിഷയമാകുകയുമില്ലെന്ന് ആര്യ കുറിച്ചു. സിബിനും മകളുമാണ് ഇപ്പോൾ ആര്യയുടെ ലോകം. സ്വന്തമായി ഒരു കുടുംബമെന്നത് എപ്പോഴും തന്റെ സ്വപ്നമായിരുന്നുവെന്നും അത് സാധ്യമായത് സിബിൻ വന്നശേഷമാണെന്നും ആര്യ പറഞ്ഞിരുന്നു. ഈ വർഷം ചിങ്ങത്തിൽ വിവാഹിതരാകാനാണ് ഇരുവരുടേയും പ്ലാൻ.
കല്യാണത്തിനായുള്ള ഒരുക്കങ്ങൾ പടിപടിയായി ഇരുവരും ചെയ്ത് തുടങ്ങിയിട്ടുണ്ട്. അച്ഛൻ അസുഖ ബാധിതനായശേഷം ആര്യ ഒറ്റയ്ക്കാണ് കുടുംബത്തിന്റെ ചുമതലകൾ നോക്കിയിരുന്നത്. മിനിസ്ക്രീനിൽ മാത്രമല്ല സിനിമയിലും ആര്യ സജീവമാണ്. ബിസിനസ് രംഗത്തും നടി ശോഭിക്കുന്നുണ്ട്. കാഞ്ചീവരം എന്നതാണ് ആര്യയുടെ ബൊട്ടീക്കിന്റെ പേര്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർക്ക് ആവശ്യമുള്ള വിലയിലുള്ള സാരികൾ വരെ ആര്യയുടെ കാഞ്ചീവരത്തിൽ ലഭ്യമാണ്.


Click it and Unblock the Notifications