ദിലീപിനെ റെഡ് ഫ്ലാഗെന്ന് മുദ്ര കുത്തിയവർ കണ്ടോളൂ, പാലുവിന് ചേട്ടച്ഛനേയും കിട്ടി; ആര്യ ആഗ്രഹിച്ചത് സംഭവിച്ചു!
സോഷ്യൽമീഡിയ നിത്യം ഉപയോഗിക്കുന്നവർക്കും സീരിയൽ പ്രേക്ഷകർക്കും സുപരിചിതയാണ് നടിയും നർത്തകിയുമായ ആര്യ പാർവതി. ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് ആര്യ പാർവതി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ സീരിയൽ ജനപ്രിയമായിരുന്നു. പിന്നീട് അമ്മുവിന്റെ അമ്മ, ഇളയവൾ ഗായത്രി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. നൃത്തത്തിലായിരുന്നു ആര്യയുടെ ഉപരി പഠനം.
ബാംഗ്ലൂരിൽ ഉപരി പഠനത്തിന് ചേർന്നശേഷമാണ് ആര്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. സീരിയലിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെങ്കിലും യുട്യൂബ് ചാനലിൽ പങ്കിടുന്ന വ്ലോഗിലൂടെയും സോഷ്യൽമീഡിയ പേജിലൂടെയും ആര്യ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ടായിരുന്നു.

ബാംഗ്ലൂരിൽ നിന്നും പഠനം കഴിഞ്ഞെത്തിയശേഷം ആര്യമോഹനം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരം ആരംഭിച്ചു. മോഹിനിയാട്ടത്തിലാണ് ആര്യ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ആര്യയുടെ ശിഷ്യഗണത്തിൽ ഏറെയും മോഹിനിയാട്ടം പഠിക്കുന്നവരാണ്. ഒരാഴ്ച മുമ്പായിരുന്നു ആര്യയുടെ വിവാഹം.
ഇരുപത്തിയാറുകാരിയായ താരം പ്രശസ്ത മോഡൽ ദിലീപിനെയാണ് വിവാഹം ചെയ്തത്. വലിയ ആഢംബരം ഒന്നുമില്ലാതെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം വിളിച്ച് ചേർത്ത് സ്വകാര്യ ചടങ്ങായാണ് ആര്യ വിവാഹം നടത്തിയത്. പൊതുവെ സെലിബ്രിറ്റി വെഡ്ഡിങിൽ കണ്ട് വരാറുള്ള ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും ആര്യയുടെ വിവാഹത്തിന് ഉണ്ടായിരുന്നില്ല. തീർത്തും ലളിതമായിരുന്നു.
വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായപ്പോൾ പല തരത്തിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ ഏറ്റവും കൂടുതൽ വന്ന കമന്റുകൾ ദിലീപിനെ കുറിച്ചായിരുന്നു. ആര്യയ്ക്ക് ചേർന്ന വരനല്ല, ഇരുവരും തമ്മിൽ യാതൊരു കെമിസ്ട്രിയും തോന്നുന്നില്ല, ദിലീപ് റെഡ് ഫ്ലാഗാണെന്ന് തോന്നുന്നു എന്നിങ്ങനെയെല്ലാം കമന്റുകളുണ്ടായിരുന്നു.
എന്നാൽ പുറംചട്ട കണ്ട് പുസ്തകത്തെ വിലയിരുത്തരുത് എന്ന് പറയുന്നത് ദിലീപിന്റെ കാര്യത്തിൽ വളരെ കൃത്യമായിരുന്നു. ആര്യയുടെ ഒരേയൊരു സഹോദരി പാലുവെന്ന് വിളിപ്പേരുള്ള മൂന്ന് വയസുകാരി ആദ്യ പാർവതിയുമായി ദിലീപിന് ഒരു ബോണ്ടിങ്ങുള്ളതായി തോന്നുന്നില്ലെന്ന് നിരവധി പേർ കുറിച്ചിരുന്നു. എന്നാൽ അത് ആളുകളുടെ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ ആര്യ തെളിയിച്ചു.

പാലുവും ദിലീപും തമ്മിലുള്ള ബോണ്ടിങ് വ്യക്തമാക്കുന്ന ചില ക്യൂട്ട് വീഡിയോകൾ പങ്കിട്ടുകൊണ്ടാണ് നെഗറ്റീവ് കമന്റുകൾക്ക് ആര്യ മറുപടി നൽകിയത്. പാലുവിനെ എടുത്ത് നടക്കുകയും ചെരുപ്പ് ധരിപ്പിക്കുകയും ഒപ്പം ഓടി കളിക്കുകയും മകളെ പോലെ ഓമനിക്കുകയും ചെയ്യുന്ന ദിലീപിനെ വീഡിയോയിൽ കാണാം. ആര്യയ്ക്കും ദിലീപിനും മകളായി മാറി കഴിഞ്ഞു പാലു. അങ്ങനെ പാലുവിന് ചേച്ചിയമ്മയെ മാത്രമല്ല ചേട്ടച്ഛനേയും കിട്ടി.
ഒരുപാട് സന്തോഷം തോന്നുന്നുവെന്നാണ് ആര്യയുടെ പോസ്റ്റിന് ആളുകൾ കുറിച്ച കമന്റുകൾ. ആര്യയുടെ വിവാഹ വേദിയിലും ഏറ്റവും കൂടുതൽ തിളങ്ങിയത് പാലുവായിരുന്നു. മൂന്ന് വർഷം മുമ്പാണ് ആര്യയുടെ ജീവിതത്തിലേക്ക് പാലു എത്തുന്നത്. അതുവരെ അച്ഛന്റേയും അമ്മയുടെ ഒറ്റക്കുട്ടിയും ഓമനപുത്രിയുമായിരുന്നു ആര്യ. അമ്മ എട്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ആര്യ തനിക്ക് ഒരു കൂടപ്പിറപ്പ് വരാൻ പോകുന്നുവെന്ന വിവരം അറിഞ്ഞത്.
ഗർഭിണിയെന്ന് അമ്മ അറിയുന്നത് തന്നെ ഏഴാം മാസത്തിലാണെന്ന് ആര്യ പറഞ്ഞിരുന്നു. മകൾ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അച്ഛനും അമ്മയും ആദ്യം ആര്യയിൽ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു. പാലുവിനെ പ്രസവിക്കുമ്പോൾ ആര്യയുടെ അമ്മയ്ക്ക് നാൽപ്പത്തിയേഴ് വയസായിരുന്നു പ്രായം. ലേബർ റൂമിലും അമ്മയ്ക്ക് കരുത്തായി ഒപ്പം നിന്നത് ആര്യയായിരുന്നു. ആര്യയെപ്പോലെ നൃത്തം, സംഗീതം എന്നിവയോടെല്ലാം കുഞ്ഞനിയത്തി പാലുവിനും കമ്പമുണ്ട്.


Click it and Unblock the Notifications

















