സാന്ത്വനം പരമ്പര ഉടൻ ആരംഭിക്കും, പുതിയ വീഡിയോ പുറത്ത്, തീയതിയെ കുറിച്ച് പ്രേക്ഷകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിക്ക് ശേഷം ആരംഭിച്ച സീരിയലിന് തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സാധാരണ കണ്ടു വന്ന കുടുംബ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു സീരിയൽ കഥ പറഞ്ഞത് . ഒരു കുടുംബത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളേയും കോർത്തിണക്കി കൊണ്ടായിരുന്നു സാന്ത്വനം കഥ പറഞ്ഞത്. സീരിയൽ മാത്രമല്ല സാന്ത്വനത്തിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെച്ചിരുന്നു. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സാന്ത്വനം സീരിയലും നിർത്തി വയ്ക്കുകയായിരുന്നു. സംപ്രേക്ഷണം ചെയ്യാൻ എപ്പിസോഡ് ഇല്ലാത്തതിനെ തുടർന്നായിരുന്നു സീരിയൽ നിർത്തി വെച്ചത്. ഉടൻ തിരിച്ചു വരുമെന്ന് അറിയിച്ചു കൊണ്ടാണ് സീരിയൽ നിർത്തി വച്ചത്. മെയ് മാസത്തിലായിരുന്നു പരമ്പരയുടെ ലാസ്റ്റ് എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.
ഇപ്പോഴിത പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്തയുമായി സാന്ത്വനം ടീം എത്തുകയാണ്. ഉടൻ തന്നെ സീരിയലിന്റെ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. പുതിയ പ്രെമോ വീഡിയോ സീരിയൽ അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി സാന്ത്വനം കുടംബം ഉടൻ നിങ്ങളുടെ വീട്ടിലേയ്ക്ക് എത്തുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടിയും പരമ്പരയുടെ നിർമ്മാതാവുമായ ചിപ്പിയും ഈ സന്തോഷവിവരം പ്രേക്ഷകരോട് പങ്കുവെച്ചിട്ടുണ്ട്.
പ്രേക്ഷകർ പുതിയ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പെട്ടെന്ന് വായോ എന്നും അടുത്ത ആഴ്ച ഉണ്ടാകുമേ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ടെലികാസ്റ്റ് ചെയ്യുന്നതിന്റെ ഡേറ്റും ആരാധകർ അന്വേഷിക്കുന്നുണ്ട്. സ്വാന്തനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും എത്രയും വേഗം തന്നെ സീരിയലു തുടങ്ങാനും പ്രേക്ഷകർ പറയുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപ സീരിയൽ ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ട് സജിൻ എത്തിയിരുന്നു. സീരിയൽ അവസാനിച്ചോ എന്നുള്ള പ്രേക്ഷകരുടെ ചോദ്യം കടുത്തതോടെയാണ് താരം ലൈവിൽ എത്തിയത്. സർക്കാരിന്റെ പെർമിഷൻ ലഭിച്ചാൽ ഉടൻ സാന്ത്വനം ഷൂട്ട് തുടങ്ങുമെന്നും സാന്ത്വനം ഫുൾ ടീം ഷൂട്ട് തുടങ്ങാനായി കാത്തിരിക്കുകയാണെന്നും സജിൻ പറഞ്ഞിരുന്നു. പഴയതിനെക്കാൾ കൂടുതൽ മനോഹരമായ എപ്പിസോഡുകളുമായിട്ടായിരിക്കും ഞങ്ങൾ വരിക. ഇപ്പോൾ ആരാധകർ തന്നുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് നന്ദിയെന്നും സാന്ത്വനം എത്രയും പെട്ടെന്ന് തുടങ്ങുമെന്നും സജിൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications