ക്രൂരമായ പെരുമാറ്റങ്ങൾ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല, അവർ ഇത്രനാളും വാർത്തയാവാതിരുന്നത് പിന്നിൽ; അശ്വതി!
കഴിഞ്ഞ ദിവസം മലയാളികൾ കേട്ടതിൽ ഏറ്റവും ഹൃദയഭേദകമായ വാർത്ത നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകമാണെന്നതാണ്. കുട്ടിയുടെ അമ്മ അഖിലയും പങ്കാളി അഷ്കറുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണക്കാർ. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണ കാരണം. അമ്പത്തിയൊന്നോളം മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നവെന്നാണ് റിപ്പോർട്ട്.
അതിൽ സിഗരറ്റ് വെച്ച് പൊള്ളൽ ഏൽപ്പിച്ചത് പോലെയുള്ള പാടുകൾ അടക്കം ഉണ്ട്. കുട്ടിയുടെ അമ്മയും പങ്കാളിയും പോലീസ് കസ്റ്റഡിയിലാണ്. അഷ്കർ ആദ്യ ഭാര്യയോടും ക്രൂരത കാണിച്ചിട്ടുണ്ടെന്നതും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒന്നര വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് നടി അശ്വതി ശ്രീകാന്ത് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ക്രൂരമായ പെരുമാറ്റങ്ങൾ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ലെന്ന് ലൈഫ് കോച്ച് കൂടിയായ അശ്വതി കുറിച്ചു. 51 മുറിവ്... ഒന്നര വയസ്. പല ക്രൂരമായ പെരുമാറ്റങ്ങളും ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പലപ്പോഴും അതിന്റെ മുന്നറിയിപ്പുകൾ വർഷങ്ങളായി അവരുടെ സ്വഭാവത്തിൽ ഉണ്ടാവും. സഹാനുഭൂതിയില്ലായ്മ, മറ്റുള്ളവരെ നിയന്ത്രിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്ന സ്വഭാവം, ആക്രമണോത്സുകത ഇതൊക്കെ കണ്ടിട്ടും പലരും കാണാതെ വിടുന്നതാണ്.
കുടുംബം പലപ്പോഴും ഇതിനെയെല്ലാം ദേഷ്യം എന്ന ലേബലിൽ ഒതുക്കി കളയും. അവന്റെ / അവളുടെ സ്വഭാവം അങ്ങനെയാണെന്ന് നിസാരവത്കരിക്കും. തഞ്ചത്തിൽ നിന്നാൽ മതിയെന്ന് ഇരകളെ ഉപദേശിക്കും. ആന്റി സോഷ്യൽ പ്രവണത ഉള്ളവരും ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരുമൊക്കെ പലപ്പോഴും ഒളിക്കുന്നത് ചുറ്റുമുള്ളവരുടെ ഇത്തരം ന്യായീകരണങ്ങളിലാണ്.
ഒടുവിൽ അതിന്റെ വില കൊടുക്കേണ്ടിവരുന്നത് ഏറ്റവും ദുർബലരായ ആരെങ്കിലുമൊക്കെയാവും. സഹാനുഭൂതിയും കുറ്റബോധവും തീരെയില്ലാത്ത ക്രൂരതയിൽ ഹരം കൊള്ളുന്ന ഈ മനുഷ്യരൊന്നും ഒരു വാർത്തയോടെയല്ല ജനിക്കുന്നത്. അവർ ഇത്രനാളും വാർത്തയാവാതിരുന്നത് പലരും കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ട് കൂടിയാണ്. ക്രൂരതയെ സ്വഭാവമായി കാണരുത്.
മുന്നറിയിപ്പുകളെ അവഗണിക്കരുത്. കുട്ടികളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നുമായിരുന്നു അശ്വതിയുടെ കുറിപ്പ്. മാനസികാരോഗ്യ അവബോധത്തിൽ ദോഷകരവും സാമൂഹിക വിരുദ്ധവുമായ പെരുമാറ്റങ്ങളെ തിരിച്ചറിയുന്നതും ഉൾപ്പെടുത്തണം. എല്ലാം ദുരുപയോഗം ചെയ്യുന്ന വ്യക്തിക്കും ഒരു മാനസീകരോഗം ഉണ്ടാകണമെന്നില്ല.

പക്ഷെ ആവർത്തിച്ചുള്ള അക്രമം, ക്രൂരത, സഹാനുഭൂതിയുടെ അഭാവം എന്നിവ ഒരിക്കലും കോപപ്രശ്നങ്ങളായി കുറച്ച് കാണരുതെന്നും അശ്വതി കുറിച്ചു. കുഞ്ഞിനെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയവർക്ക് മരണശിക്ഷയിൽ കുറഞ്ഞതൊന്നും നൽകരുതെന്നാണ് പ്രതിഷേധം അറിയിച്ച് എത്തിയവർ കുറിച്ചത്. ഇത്തരത്തിൽ വളരുന്ന കുട്ടികൾ ഇപ്പോളും നമ്മുടെ ചുറ്റിനുമുണ്ട്. വളർന്ന് വലുതായ പല മനുഷ്യരും ഇത്തരത്തിൽ വളർന്നിട്ടുള്ള മരണത്തെ മുഖ മുഖം കണ്ടിട്ടുള്ളവരാവും.
നിർഭാഗ്യവശാൽ ഞാനും അത്തരത്തിൽ വളർന്നൊരു കുട്ടിയാണ്. മരണം സംഭവിക്കാതെ വളർച്ചയെത്തിയ പല കുട്ടികളും വ്യകതി ജീവിതത്തിലും റിലേഷൻഷിപ്പിലും വരെ ബാധിക്കുന്ന, ചെയ്യാത്തക്ക വിധത്തിൽ ട്രോമ അനുഭവിക്കുണ്ടാകും. ഇനിയെങ്കിലും കുട്ടികളെ വളർത്തനറിയാത്ത ഒരു മാതാപിതാക്കൾക്കും കുട്ടികൾ ഉണ്ടാകാതെയിരിക്കട്ടെ.
ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ സുരക്ഷ അമ്മയാണെന്ന് ലോകം വിശ്വസിക്കുന്നു. എന്നാൽ ആ വിശ്വാസം തന്നെ തകർക്കപ്പെട്ടുവെന്ന തോന്നൽ ഈ വാർത്ത നൽകുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിലും വേദനയും മുറിവുകളും കണ്ടിട്ടും അവനെ സംരക്ഷിക്കാൻ കഴിയാതെ പോയവർക്ക് സമൂഹം ഒരിക്കലും മാപ്പ് നൽകില്ല എന്നിങ്ങനെയുള്ള പ്രതികരണങ്ങളും പ്രേക്ഷകരിൽ നിന്നും വരുന്നുണ്ട്. കുഞ്ഞിന്റെ യഥാർത്ഥ അച്ഛന്റെ ആത്മഹത്യയിലും അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.


Click it and Unblock the Notifications