പാരന്റ്സ് വിവാഹമോചിതർ, കുടുംബം സ്വപ്നമായിരുന്നു, കരിയറിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്: അംബരീഷ്
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ വലിയ ജനപ്രീതി നേടിയ നടനാണ് അംബരീഷ്. അധികം സീരിയലുകളിൽ അംബരീഷിനെ പക്ഷെ കണ്ടിട്ടില്ല. വിവാഹ ശേഷം ഭാര്യയോടൊപ്പം വിദേശത്തേക്ക് പോകുകയായിരുന്നു നടൻ. ഇന്ന് കുടുംബമായി വിദേശത്ത് സെറ്റിൽഡ് ആണ് അംബരീഷ്. തന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അംബരീഷ്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.
എനിക്കൊരു കുടുംബം വേണമെന്നത് വലിയ സ്വപ്നമായിരുന്നു. എന്റെ പാരന്റ്സ് ഡിവോഴ്സ്ഡ് ആണ്. കുടുംബത്തിന്റെ പ്രാധാന്യം എന്താണെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആളാണ്. അതുകൊണ്ടാണ് കരിയർ വിടുകയെന്നുൾപ്പെടെയുള്ള കോംപ്രമെെസുകൾക്ക് താൻ തയ്യാറായതെന്നും അംബരീഷ് പറഞ്ഞു. ഒരു പരിധി വരെ ഇൻഡസ്ട്രിയിൽ തെറ്റിദ്ധരിക്കപ്പെട്ട ആളാണ് ഞാൻ. കുറേയൊക്കെ എന്റെ പ്രവൃത്തികളിലും ഉണ്ടായിട്ടുണ്ട്. ആരെയെങ്കിലും മനപ്പൂർവം വേദനിപ്പിക്കുന്ന പ്രവൃത്തികളായിരുന്നില്ല. ഞാൻ ഈ രംഗത്തേക്ക് വന്നത് ഒരു ടീനേജർ എന്ന നിലയിലാണ്.

ഒരു ടീനേജർ സെലിബ്രിറ്റിയാകുമ്പോൾ ഉണ്ടാകുന്ന കൊച്ച് കൊച്ച് കുരുത്തക്കേടുകളാണ് എന്റെ ജീവിതത്തിലുണ്ടായത്. ചിലതൊക്കെ നമുക്ക് ശരിയാക്കാൻ പറ്റും. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടിയാലും ഒരു മനുഷ്യന്റെ വാ മൂടിക്കെട്ടാൻ പറ്റില്ലെന്ന് പറയും. അത്തരം കാര്യങ്ങളുടെ പിറകെ ഓടാതിരിക്കുക. ഞാൻ പെർഫെക്ട് അല്ല. എല്ലാവർക്കും ഇമോഷനുണ്ടാകും. എന്റെ കഴിഞ്ഞ കാലം കാര്യമാക്കുന്നില്ല. എനിക്കൊരു കുടുംബമുണ്ട്. ഭാര്യക്കും മക്കൾക്കും ഞാനെങ്ങനെയാണെന്ന് നോക്കിയാൽ മതി.
ഓട്ടോഗ്രാഫിൽ അംബരീഷിനൊപ്പം നടൻ ജിഷിൻ മോഹനും അഭിനയിച്ചിട്ടുണ്ട്. ജിഷിനെക്കുറിച്ച് തനിക്ക് നെഗറ്റീവായി ഒന്നും പറയാനില്ലെന്ന് അംബരീഷ് പറയുന്നു. നെഗറ്റീവ് പറയുന്ന ആളല്ല ഞാൻ. ജിഷിനെക്കുറിച്ച് നെഗറ്റീവായി പറയാൻ എനിക്ക് വളരെ സിംപിളാണ്. അതുകൊണ്ട് ഇല്ലാതാകുന്നത് അവന് മാത്രമായിരിക്കാമെന്നും അംബരീഷ് പറയുന്നു.

സീരിയൽ രംഗത്ത് തനിക്കുണ്ടായ അനുഭവങ്ങളും അഭിമുഖത്തിൽ അംബരീഷ് പങ്കുവെക്കുന്നുണ്ട്. ആറോ ഏഴോ പ്രൊജക്ടുകളുടെ പേയ്മെന്റ് ഇപ്പോഴും പെൻഡിംഗാണ്. ചോദിക്കേണ്ട സമയം കഴിഞ്ഞു. ഈ രംഗത്ത് സ്ട്രഗിൾ ഉണ്ട്. പിന്നെ എളുപ്പം ഭാര്യയെ സേഫ് ആയി ഒരിടത്ത് എത്തിക്കുക എന്നതാണ്. എന്റെ ഡ്രീം എന്റെയും അവളുടെയും കരിയർ ആയിരുന്നെന്നും അംബരിഷ് പറഞ്ഞു. ആദ്യം പെട്രോൾ പമ്പിൽ ജോലി ചെയ്തു. പിന്നീട് ബസ് ഡ്രെെവറായി. ഇതിനിടെ രണ്ടാമത്തെ കുഞ്ഞ് പിറന്നു.
കുഞ്ഞിനെ നോക്കാൻ വേണ്ടി താൻ ജോലി മാറ്റി വെച്ചെന്നും അംബരിഷ് പറയുന്നു. ഡോക്ടറാണ് അംബരീഷിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ലൗ മാര്യേജ് ആയതിനാൽ ഒരുപാട് തടസങ്ങൾ ഉണ്ടായിരുന്നു. പുള്ളിക്കാരിയുടെ കരിയർ കോംപ്രമെെസ് ചെയ്യുന്ന ഒന്നും ഞാൻ എന്റെ ജീവിതത്തിൽ എടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. അവളെ സപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യം. അങ്ങനെയാണ് തന്റെ പാഷൻ മാറ്റി വെച്ചതെന്ന് അംബരീഷ് പറഞ്ഞു. ഭാര്യക്ക് വേണ്ടിയെടുത്ത തീരുമാനത്തിൽ സോഷ്യൽ മീഡിയയിൽ പരഹസിച്ച് കമന്റ് വന്നപ്പോൾ അംബരീഷ് കഴിഞ്ഞ ദിവസം മറുപടി നൽകി.
അതേടാ ഞാൻ പെണ്ണാലിതന്നെയാണ്. സ്വന്തം ഭാര്യയെ സ്നേഹിക്കുന്ന, അവരും തന്നെപോലെയാണ് എന്ന് കണ്ട് അവർക്കുംകൂടി വേണ്ടി ജീവിക്കുന്ന ഏതൊരുവനും പെണ്ണാലിതന്നെയാണ്. ആണുങ്ങൾ ആയാൽ അങ്ങനെയൊക്കെ തന്നെ ചെയ്യും. അല്ലാതെ ഇതുപോലെ വല്ലയിടത്തും ഇരുന്നു വല്ലവന്റെയും ജീവിതം കണ്ടു കമന്റ് ഇട്ട് ജീവിച്ചു തീർക്കുകയല്ല ചെയ്യുന്നത്, എന്നാണ് അംബരീഷ് നൽകിയ മറുപടി.


Click it and Unblock the Notifications











