സത്യനും നന്ദുവും വീണ്ടുമെത്തുന്നു! ആത്മസഖിക്ക് ശേഷം പ്രിയപ്പെട്ടവളുമായി റെയ്ജനും അവന്തികയും
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് റെയ്ജനും അവന്തികയും. ആത്മസഖിയെന്ന സീരിയലിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. എസിപി സത്യജിത്തായി റെയ്ജനെത്തിയപ്പോള്‍ ഡോക്ടര്‍ നന്ദിതയായാണ് അവന്തികയെത്തിയത്. സത്യനും നന്ദുവുമായി മുന്നേറിയ ഇരുവര്‍ക്കും മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായി ഡോക്ടര്‍മാര്‍ വിശ്രമജീവിതം നിര്‍ദേശിച്ചപ്പോഴായിരുന്നു അവന്തിക പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്. അധികം വൈകാതെ തന്നെ ആത്മസഖി അവസാനിപ്പിക്കുകയായിരുന്നു.
സത്യനും നന്ദുവും തന്നെയായിരുന്നു മികച്ച ജോഡിയെന്നും ഇരുവരും ഒരുമിച്ചെത്തുന്ന അടുത്ത പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ആരാധകര്‍ പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് അവന്തികയും എത്തിയിരുന്നു. അധികം വൈകാതെ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നുള്ള സൂചനയും നല്‍കിയിരുന്നു. അവന്തികയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് റെയ്ജന്‍ എത്തിയപ്പോഴും ഇതേക്കുറിച്ചായിരുന്നു ആരാധകര്‍ തിരക്കിയത്. ഇപ്പോഴിതാ ചാനല്‍ തന്നെ ആ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ്. പ്രിയപ്പെട്ടവളെന്ന പുതിയ പരമ്പരയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രണയമല്ല ദാമ്പത്യമെന്ന തിരിച്ചറിവിന്റെ കഥയെന്ന ടാഗ് ലൈനുമായാണ് പ്രിയപ്പെട്ടവള്‍ എത്തുന്നത്. രശ്മി, മങ്ക മഹേഷ്, ബോബന്‍ ആലംമൂടന്‍തുടങ്ങിയവരും ഈ പരമ്പരയില്‍ വേഷമിടുന്നുണ്ട്. നവംബര്‍ 11നാണ് ഈ സീരിയല്‍ തുടങ്ങുന്നത്. ആത്മസഖിക്ക് ശേഷമുള്ള ഇവരുടെ വരവിന് ഇത്തവണയും മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. പ്രിയപ്പെട്ടവള്‍ സീരിയലിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

റെയ്ജനും അവന്തികയുമായിരുന്നു ആത്മസഖിയിലെ നായികനായകന്‍മാര്‍. എസിപിയും ഡോക്ടറും തമ്മിലുള്ള പ്രണയവും അതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയായിരുന്നു സീരിയലിലുണ്ടായിരുന്നത്. ഇവരുടെ കൂട്ടുകെട്ടിനായിരുന്നു കൈയ്യടി ലഭിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇടക്കാലത്ത് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ ചിത്രത്തിന് പിന്നിലെ സര്‍പ്രൈസിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു ആരാധകര്‍.

മഴവില്‍ മനോരമയിലെ സീരിയലുകളുടെ കൂട്ടത്തില്‍ മികച്ച സ്വീകാര്യതയായിരുന്നു ആത്മസഖിക്ക് ലഭിച്ചത്. സംഗീത മോഹനായിരുന്നു ഈ സീരിയലിന് കഥയൊരുക്കിയത്. അഭിനയത്തില്‍ നിന്നും മാറി എഴുത്തിലേക്ക് തിരിഞ്ഞ താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള വരവിന് നിറഞ്ഞ കൈയ്യടിയും ലഭിച്ചിരുന്നു. ആ വിജയമായിരിക്കുമോ ഇരുവരും ആവര്‍ത്തിക്കുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം.


Click it and Unblock the Notifications











