വളരെ മോശം അവസ്ഥയിലാണ് ഇപ്പോള്‍! ജിന്റോ ചേട്ടന്‍ അറിഞ്ഞോ എന്നറിയില്ല! പ്രതികരണവുമായി അപ്‌സര
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് അപ്‌സര രത്‌നാകരന്‍. ഇടയ്ക്ക് ബിഗ് ബോസിലും അവര്‍ മത്സരിച്ചിരുന്നു. ഇന്‍ഡസ്ട്രിയില്‍ സജീവമായ ആല്‍ബി ഫ്രാന്‍സിസിനെയാണ് അപ്‌സര വിവാഹം ചെയ്തത്. ഒന്നിച്ചുള്ള ഫോട്ടോകളെല്ലാം അപ്രത്യക്ഷമായതോടെയായിരുന്നു ഇവര്‍ വേര്‍പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥി ജിന്റോയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. 24 മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് അപ്‌സര. എന്റെ പഴയ പേജ് പോയി. അത് ഹാക്കായിപ്പോയി. ഞാന്‍ ഡിലീറ്റ് ചെയ്താല്‍ എന്റെ ഫോളോവേഴ്‌സ് കുറയില്ലല്ലോ. ബിഗ് ബോസില്‍ നിന്നിറങ്ങിയതോടെ എന്റെ പേജ് ഹാക്കായിപ്പോയി. തിരിച്ചുപിടിക്കാന്‍ കുറേ നോക്കി. ഉണ്ടായിരുന്നൊരു പേജ് പോയിക്കിട്ടി ബിഗ് ബോസില്‍ പോയപ്പോള്‍. ഇപ്പോള്‍ പുതിയൊരു അക്കൗണ്ട് തുടങ്ങി, ഇപ്പോഴത്തെ ഫോട്ടോകളും, വീഡിയോകളുമാണ് അതില്‍ പോസ്റ്റ് ചെയ്യുന്നത്.
കേട്ട വാര്‍ത്തകളെല്ലാം സത്യമാണോ, ജിന്റോയും അപ്‌സരയും ഒന്നിക്കുന്നു എന്ന വാര്‍ത്തയിലും അവര്‍ പ്രതികരിച്ചിരുന്നു. ഇങ്ങനെയുള്ള ചൊറി വാര്‍ത്തകളൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഞാന്‍ അറിഞ്ഞിട്ടില്ല ഇങ്ങനെയൊരു സംഭവം. തുടക്കത്തില്‍ ഞാന്‍ പാവം പോലെയായിരുന്നു. പിന്നെ അഹങ്കാരിയായി എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. ഇച്ചിരിയല്ല, എനിക്ക് അത്യാവശ്യത്തിന് അഹങ്കാരമൊക്കെയുണ്ട്. പാവം പോലെ അഭിനയിച്ചിട്ട് പ്രത്യേകിച്ചൊന്നും കിട്ടാനില്ല. ആവശ്യമില്ലാത്തിടത്ത് അഹങ്കാരം കാണിക്കുന്ന ആളല്ല ഞാന്‍. അത്ര അഹങ്കാരിയായിരുന്നെങ്കില്‍ പത്തുപതിനൊന്ന് വര്‍ഷം ഈ മേഖലയില്‍ നിന്ന് പോവാന്‍ പറ്റില്ലല്ലോ. എന്റെ അഹങ്കാരം സഹിച്ച്, എന്നെ വര്‍ക്കിന് വിളിക്കേണ്ട കാര്യമില്ലല്ലോ.

ജിന്റോ ചേട്ടനും ഞാനും തമ്മില്‍ അങ്ങനെ വലിയ വഴക്കുകളൊന്നുമുണ്ടായിട്ടില്ല. ഞങ്ങളൊന്നിച്ചാണ് കുറേ പെര്‍ഫോമന്‍സുകള്‍ ചെയ്തത്. പുറത്തിറങ്ങിയതില്‍ പിന്നെ ഞാനും ജിന്റോ ചേട്ടനുമായി ഒരു കോണ്ടാക്റ്റുമില്ല. അവിടെ നല്ല സുഹൃത്തുക്കളായിരുന്ന പല ആള്‍ക്കാരും പുറത്ത് വന്നപ്പോള്‍ ഒരു കോണ്ടാക്റ്റുമില്ലാതെയായിട്ടുണ്ട്. അതിലൊരാള്‍ ജിന്റോ ചേട്ടനാണ്. ഈ ന്യൂസ് എന്താണെന്ന് എനിക്കറിയില്ല. അവരെയൊന്ന് വിളിച്ച് നോക്കണം. ജീവിക്കാന്‍ വേണ്ടിയാണ് എല്ലാവരും പണിയെടുക്കുന്നത്. എന്നുവെച്ച് ഒരാളെ വിറ്റ് ജീവിക്കരുത്. ഒരാളുടെ ഇമോഷനോ, ഇല്ലാത്ത കാര്യം പറഞ്ഞോ ജീവിക്കരുത്. കര്‍മ്മയില്‍ വിശ്വസിക്കുന്ന ആളാണ് ഞാനും. നമ്മളൊരാളെ ദ്രോഹിച്ച് എന്തുണ്ടാക്കിയാലും അത് ശാശ്വതമല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത് ഞാന്‍ അറിയാത്ത കാര്യമാണ്. ഇതുപോലെ അവനെക്കുറിച്ച് ഒരു വാര്‍ത്ത വരുമ്പോള്‍ അവന് മനസിലാവും ഈ അവസ്ഥ.
പൊതുവെ കമന്റുകള്‍ക്കൊന്നും മറുപടി കൊടുക്കാത്ത ആളാണ് ഞാന്‍. ലൈഫില്‍ എല്ലാം കഴിഞ്ഞു, ഇനിയൊന്നും തിരിച്ചെടുക്കാനാവില്ല എന്ന് കരുതിയ നിമിഷങ്ങളുണ്ടായിരുന്നു. എന്നോട് ചേര്‍ന്ന് നിന്നവര്‍ക്ക് മാത്രമേ ഞാന്‍ അനുഭവിച്ചത് എന്താണെന്ന് അറിയൂ. ഞാന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ എനിക്കൊരു പ്രശ്‌നവുമില്ല. ജിന്റോ ചേട്ടന്‍ ഇതറിഞ്ഞോ എന്നറിയില്ല. അദ്ദേഹത്തിന്റെ കല്യാണം ഏകദേശം ആയിരിക്കുകയാണ്. നിലവില്‍ ഈ വാര്‍ത്ത കള്ളത്തരമാണ്. ഞങ്ങള്‍ തമ്മില്‍ കോണ്ടാക്റ്റ് പോലുമില്ല. ഇനിയൊരു വിവാഹം ഞാന്‍ ഉദ്ദേശിക്കുന്നില്ല. ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടമാണ്. ആ ഒരു വേദന വല്ലാത്തതാണ്. ഞാന്‍ മാത്രമല്ല എനിക്കൊരു കുടുംബമുണ്ട്. ഈ ചോദ്യങ്ങളെല്ലാം അവരും നേരിടുന്നുണ്ട്. ഞാനുമൊരു സാധാരണക്കാരിയാണ്.
സന്തോഷങ്ങള്‍ പങ്കുവെക്കാന്‍ എനിക്കിഷ്ടമാണ്. സങ്കടങ്ങള്‍ പറഞ്ഞ് മറ്റുള്ളവരെ വേദനിപ്പിക്കാന്‍ താല്‍പര്യമില്ല. സങ്കടം ഞാനൊരിക്കലും ഷെയര്‍ ചെയ്യാറില്ല. കഴിഞ്ഞ മൂന്നാല് മാസമായി വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. അതിനിടയില്‍ ഇതെന്തിനാണ് ഇങ്ങനെ ഇല്ലാത്തത് പ്രചരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ എന്നെ വളരെ മോശമായി ബാധിക്കുന്നുണ്ട്. കഷ്ടപ്പെട്ട് തന്നെയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. കഷ്ടപ്പെടാന്‍ ഒരു മടിയും ഇല്ലാത്ത ആളാണ്, അതിനിടയില്‍ ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കരുതെന്നുമായിരുന്നു അപ്‌സര പറഞ്ഞത്.


Click it and Unblock the Notifications











