അബദ്ധം അല്ലല്ലോ ലഹരി ഉപയോഗിച്ച് സൃഷ്ടിച്ച അപകടമല്ലേ?, അവനെ നന്മമരമാക്കാൻ 'പറ്റിപ്പോയി' എന്ന ഡയലോഗും; വിമർശനം
കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലൂടെ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു വീണ്ടും ഉപ്പും മുളകും സീരിയലിലേക്ക് തിരിച്ചെത്തി. ഇക്കഴിഞ്ഞ ക്രിസ്മസിന് തലേദിവസം സിദ്ധാർത്ഥ് മദ്യപിച്ച് വാഹനമോടിക്കുകയും കാൽനടയാത്രികനെ ഇടിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ലോട്ടറി വിൽപ്പക്കാരൻ ചികിത്സയിലിരിക്കെ പിന്നീട് മരിച്ചു. സംഭവം കേസും വിവാദവുമായതോടെ ഉപ്പും മുളകിൽ നിന്നും ഒരു മാസമായി നടൻ വിട്ടുനിൽക്കുകയായിരുന്നു.
ഒരാളുടെ മരണത്തിന് കാരണമായ കേസിലെ പ്രതിയായതുകൊണ്ട് ഇനി സിദ്ധാർത്ഥ് ഉപ്പും മുളകിലേക്ക് തിരിച്ച് വരില്ലെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം താരം സിറ്റ്കോമിലേക്ക് റീ എൻട്രി നടത്തി. ചിലർ നടന്റെ തിരിച്ച് വരവിനെ അനുകൂലിച്ചുവെങ്കിലും ഒരു വിഭാഗം വിമർശിച്ച് എത്തി.

അബദ്ധം അല്ലല്ലോ ലഹരി ഉപയോഗിച്ച് സൃഷ്ടിച്ച അപകടമല്ലേ? അങ്ങനൊരാളെ വീണ്ടും തിരിച്ചെടുത്തതും നന്മമരമാക്കാൻ ശ്രമിക്കുന്നതും കാണുമ്പോൾ പുച്ഛം തോന്നുന്നുവെന്നാണ് വിമർശിച്ചവർ കുറിച്ചത്. ശ്രീകണ്ഠൻ നായരെ ഉളുപ്പുണ്ടോ..?. നമ്മുടെ നാട്ടിൽ ഒരു സെലിബ്രിറ്റി ലഹരി ഉപയോഗിച്ചശേഷം വണ്ടി ഓടിച്ച് ഒരു പാവപ്പെട്ട മനുഷ്യനെ വണ്ടി ഇടിച്ച് കൊന്നാൽ സംഭവിക്കുന്നത്....
നമ്മുടെ ശ്രീകണ്ഠൻ നായരുടെ ചാനലിലെ താരം ആണെങ്കിൽ അടുത്ത എപ്പിസോഡിൽ ആ താരത്തിന് വൻ കിടു ഇൻട്രോ നൽകി പിന്നെയും പൂവിട്ട് പൂജിച്ച് ഷോയിലേക്ക് ആനയിക്കും. കാര്യം മറ്റൊന്നുമല്ല... ഉപ്പും മുളകും സീരിയലിൽ സിദ്ധാർഥ് പ്രഭു പിന്നെയും തിരിച്ച് വന്നിട്ടുണ്ട്. എപ്പിസോഡ് കണ്ടവർക്ക് അറിയാം... അവനെ നന്മ മരമാക്കി പോയ പ്രീതി തിരിച്ചുകൊണ്ട് വരാനുള്ള ഒലിപ്പിക്കൽ തന്നെയാണ് ഉദ്ദേശം. പറ്റിപ്പോയി എന്നൊരു ഡയലോഗ് കൊടുത്തിട്ടുണ്ട്.
കഷ്ടം തോന്നുന്നു.... നിസ്സഹായനായ ഒരു സാധു മനുഷ്യനെ ലഹരി കാരണം കൊന്നിട്ട് അവനെ ന്യായീകരിച്ച് സംസാരിക്കുന്ന കമന്റ് സെക്ഷൻ. മാന്വ്യക്തികൾ ഒന്നോർക്കുന്നില്ല ഇത് അവന് അബദ്ധം സംഭവിച്ചതല്ല. ലഹരി ഉപയോഗം കൊണ്ട് തന്നെ സംഭവിച്ചതാണ്. ലഹരി ഉപയോഗിക്കുന്നവൻ വീട്ടിൽ ഇരുന്ന് ഉപയോഗിക്കണമായിരുന്നു. അല്ലാതെ തോന്നിവാസം കാണിച്ച് വാഹനത്തിന്റെ വളയം പിടിച്ചപ്പോൾ തന്നെ അവൻ ചെയ്തത് നിയമവിരുദ്ധമായ കാര്യമാണ്.
ഇനിയെങ്കിലും ഇങ്ങനെ വരുത്തുന്ന ആക്സിഡന്റുകൾ ഒരിക്കലും മനപൂർവം അല്ലാത്ത നരഹത്യ എന്ന പേരിൽ ഒതുക്കരുത്. ലഹരി ഉപയോഗിച്ച് വണ്ടി ഓടിച്ച് ഒരു പാവത്തിനെ കൊല്ലുന്ന കുടുംബം അനാഥമാക്കുന്ന ഒരുത്തനും മാപ്പില്ല. മനപൂർവം ഉള്ള കൊലപാതകത്തിന് തന്നെയെ കേസ് എടുക്കാവൂ. പക്ഷെ ഈ സമൂഹത്തോട് പറഞ്ഞിട്ട് കാര്യമില്ല.

അത് കമന്റ് ബോക്സ് കാണുമ്പോൾ മനസിലാവുന്നു. ആരാധന മൂത്ത് ഭ്രാന്ത് ആയവർ പറയുന്നത് കേട്ടാൽ പുച്ഛം തോന്നും. സാരമില്ലെടാ പോട്ടെ ഇതൊക്കെ സംഭവിച്ച് പോകുന്നതല്ലേ എന്നൊക്കെ... അവരോടാണ് പറയാനുള്ളത്... സ്വന്തം കുടുംബത്തിൽ സംഭവിക്കുമ്പോഴും സാരല്ലെടാ പൊന്നുമോനെ എന്ന് പറയണേ എന്നായിരുന്നു ഒരാൾ പ്രതിഷേധം അറിയിച്ച് കുറിച്ചത്.
ഒരു പാവം കാൽ നടയാത്രികനെ കൊന്നതിന് സിദ്ധാർത്ഥ് കുറച്ച് ദിവസം ജയിലിൽ ആയിരുന്നു. ജാമ്യം കിട്ടിയത് പോട്ടെയെന്ന് വെക്കാം. ഫ്ലവേഴ്സ് പോലുള്ള ഒരു റെപ്യൂട്ടട് ചാനൽ റീച്ച് ഉണ്ടാക്കാൻ വേണ്ടി മാത്രം കേസ് നടന്നുകൊണ്ട് ഇരിക്കുന്ന ഒരു കുറ്റവാളിയെ വീണ്ടും സിറ്റ്കോമിലേക്ക് ക്ഷണിക്കുക എന്നൊക്കെ പറഞ്ഞാൽ എന്താണ് അവസ്ഥ..? 24 ന്യൂസ് നീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരല്ലേ.
അവർക്ക് സ്വന്തം കാര്യത്തിലേക്ക് വരുമ്പോൾ ഒന്നും ബാധകമല്ലേ?. അതിനെല്ലാം പുറമെ ഞെട്ടിച്ച കാര്യം കമന്റ് ബോക്സാണ്. ജെൻസി കാറ്റഗറിയിൽ വരുന്ന പെൺപിള്ളേർ എന്തൊരു ന്യായീകരണമാണ് സിദ്ധാർത്ഥിന് വേണ്ടി നടത്തുന്നത്?. മനുഷ്യന് പിഴവുകൾ പറ്റാം. പക്ഷെ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് ഒരാളെ കൊന്നത് ഒന്നും ഒരു വിധത്തിലും ഗ്ലോറിഫൈ ചെയ്യപ്പെടേണ്ട കാര്യമല്ല എന്നും ചിലർ എതിർപ്പ് അറിയിച്ച് കുറിച്ചു.


Click it and Unblock the Notifications











