അതൊരു റിഫ്രഷ്മെന്റ്! വെള്ളച്ചാട്ടത്തിലെ മസാജിനെക്കുറിച്ച് അരുണിമ! പരിഹാസങ്ങളിൽ തളരില്ലെന്ന് മറുപടി
സോഷ്യല്‍മീഡിയയിലൂടെയായി മലയാളികള്‍ക്ക് പരിചിതയായി മാറിയ ട്രാവല്‍ വ്‌ളോഗറാണ് അരുണിമ. ബാക്ക് പാക്കര്‍ അരുണിമ എന്ന പേരില്‍ യൂട്യൂബ് ചാനലിലൂടെയായി യാത്രാ വിശേഷങ്ങളെല്ലാം ഇവര്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഘാനയില്‍ പോയപ്പോള്‍ മസാജിംഗ് നടത്തിയിരുന്നു അരുണിമ. ഒന്ന് റിഫ്രഷാവാന്‍ വേണ്ടി ചെയ്തതാണെന്ന് അരുണിമ പറഞ്ഞിരുന്നു. ചാനലിലൂടെ വീഡിയോയും പങ്കിട്ടിരുന്നു.
രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചായിരുന്നു ചിലര്‍ എത്തിയത്. വളരെ മോശമായ ഭാഷയിലുള്ള കമന്റുകള്‍ പറഞ്ഞവരുമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ നല്ല റിലാക്‌സേഷനായിരുന്നു അത്. പ്രകൃതിയോട് അലിഞ്ഞു ചേരുന്നൊരു ഫീലായിരുന്നു. അവിടെ കിടന്നുറങ്ങിപ്പോയി. അത്രയും അടിപൊളി ഫീലായിരുന്നു. നമ്മുടെ കേരളം പോലെ തന്നെ അവിടെയും കാണാന്‍ നല്ല രസമായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചവരോട് അരുണിമ പറഞ്ഞത്.

ഈ ധൈര്യം സമ്മതിച്ച് തന്നിരിക്കുന്നു എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. കേരളത്തിലായിരുന്നുവെങ്കില്‍ സദാചാര പോലീസും, ഒളിഞ്ഞ് നോട്ടവും ഒന്നും പറയണ്ട, അത്രയും പുകിലായിരിക്കും എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ സത്യം. പലയിടത്തും ഇപ്പോഴും ഇതൊക്കെ വലിയ പ്രശ്‌നമാക്കാറുണ്ട്. ഒരു മാറ്റവും ഇപ്പോള്‍ സംഭവിക്കുന്നില്ല കേരളത്തില്‍. എന്നാല്‍ പുറം രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ അവരുടെ ചിന്താഗതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കേരളത്തില്‍ നിന്ന് തന്നെ അടുത്ത പഞ്ചായത്തിലേക്ക് പോവുന്നവരാണ് സദാചാര പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് തോന്നിയിട്ടുള്ളത് എന്നും അരുണിമ പറഞ്ഞിരുന്നു. വിമര്‍ശനങ്ങളിലൊന്നും തളരുന്ന ആളല്ല താനെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
എൻറെ യാത്രകൾ എപ്പോഴും ആളുകളുടെ മനസ്സിൽ ചോദ്യം ഉയർത്തും. ചിലർക്ക് പ്രചോദനമാകും, ചിലർക്ക് വിമർശനം ആകാം. ഞാൻ ഘാനയിലെ ഒരു വെള്ളച്ചാട്ടത്തിൽ മസാജ് ചെയ്യാൻ പോയ ഒരു അനുഭവം പങ്കുവെച്ചു. അതൊരു സംസ്കാരത്തെ തൊട്ടറിയാനുള്ള ശ്രമമായിരുന്നു. എൻറെ യാത്രയെ കൂടുതൽ എനർജറ്റിക് ആക്കാനുള്ളതും. കമന്റുകൾ വരുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും എൻറെ ലക്ഷ്യത്തെ മാറ്റില്ല. ഞാൻ കാണുന്നതും പഠിക്കുന്നതും അനുഭവിക്കുന്നതും ലോകത്തെ തൊട്ടറിയുന്നതാണ്. യാത്ര എന്നത് ഹോട്ടലുകളിൽ പോയി താമസിക്കുക അവിടത്തെ സ്ഥലങ്ങൾ കാണുക എന്നത് മാത്രമല്ല.. ഈ ലോകം വിശാലമാണ് അത് കാണണം അനുഭവിക്കണം തൊട്ടറിയണം.
എനിക്കിഷ്ടമുള്ള വഴികളിലൂടെ ഞാൻ പോകും. എൻറെ ജീവിതം, എൻറെ യാത്ര, എൻറെ തിരഞ്ഞെടുപ്പ്. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടിരിക്കും. ഞാൻ അതിനു പുറകെ പോയാൽ എവിടെയും എത്തില്ല. അതുകൊണ്ട് ഞാൻ സഞ്ചാരത്തിന്റെ പാതയിലാണ്. ഞാൻ യാത്രയുടെ പാതയിലാണ്. അങ്ങനെ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കും. എൻറെ മരണംവരെ. ഇനി അത് എന്തൊക്കെ സംഭവിച്ചാലും ഞാൻ തുടർന്നുകൊണ്ടിരിക്കും. കാരണം ഞാൻ അത്രമേൽ പ്രണയത്തിലാണ് യാത്രയോട് എന്നായിരുന്നു അരുണിമ കുറിച്ചത്.
അരുണിമയുടെ യാത്രകൾ വെറുതെ നാട് കാണാനിറങ്ങിയ യാത്രകളല്ല. അത് നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്. ഒരു പെൺകുട്ടി ഒരു ബാഗിൽ കുറച്ച് സാധനങ്ങളുമെടുത്ത് വരുന്ന വണ്ടിയ്ക്കെല്ലാം കൈ കാണിച്ച് നടത്തുന്ന യാത്രകളാണ്. 25 വയസ്സിനിടയ്ക്ക് എത്രയെത്ര രാജ്യങ്ങൾ, സംസ്കാരങ്ങൾ, ജീവിതങ്ങൾ കണ്ട് നടത്തുന്ന യാത്ര. അരുണിമയെ കാണുമ്പോൾ നമ്മളെയൊക്കെ എടുത്ത് കിണറ്റിലിടാനാണ് തോന്നുന്നത്.
ഈയടുത്ത് ഘാനയിൽ പോയി എടുത്ത വ്ലോഗ് എത്ര മേൽ മലയാളി പുരുഷ സമൂഹത്തെ വെറിളി പിടിപ്പിച്ചു എന്നറിയാൻ അരുണിമയുടെ ഘാന മസ്സാജിംഗ് വീഡിയോയുടെ അടിയിൽ നോക്കിയാൽ മതി. അത്തരമൊരു മസ്സാജ് നമ്മളൊക്കെ ആഗ്രഹിക്കുന്നതു തന്നെയാണ്. പക്ഷെ പ്രകടിപ്പിക്കില്ല. പ്രകടനം ഇത്തരം വിദ്വേഷങ്ങളായി ഛർദ്ദിച്ച് വെയ്ക്കുകയും ചെയ്യും. അരുണിമാ... നീയിങ്ങനെ ലോകത്തെ അറിയുമ്പോൾ കൂപമണ്ഡൂകങ്ങളായ ഞങ്ങളിവിടെ ഒന്നുമറിയാതെ വിദ്വേഷ പ്രചാരകരായി ഉപദ്രവങ്ങളുണ്ടാക്കി മരിക്കും എന്നായിരുന്നു അഡ്വ കുക്കു ദേവകി ഫേസ്ബുക്കിൽ കുറിച്ചത്.


Click it and Unblock the Notifications















