വാനമ്പാടിയിൽ നിന്നും എന്നെ ഒഴിവാക്കി; ഒടുവിൽ റീ എൻട്രി തരേണ്ടി വന്നു; തുറന്ന് പറഞ്ഞ് ബാലു മേനോൻ
സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വാനമ്പാടി. അവസാന എപ്പിസോഡ് വരെ വാനമ്പാടി റേറ്റിംഗ് ചാർട്ടിൽ മുൻപന്തിയിലായിരുന്നു. ഇന്നും വാനമ്പാടിയിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. സീരിയലിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രം ചെയ്തവരിൽ ഒരാളാണ് നടൻ ബാലു മേനോൻ. നടന്റെ ആദ്യ സീരിയലായിരുന്നു വാനമ്പാടി. ഇന്നും വാനമ്പാടിയിലെ ചന്ദ്രേട്ടനായാണ് തന്നെ പ്രേക്ഷകർ കാണുന്നതെന്ന് ബാലു മേനോൻ പറയുന്നു.
സീരിയൽ ടുഡേ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്ര നല്ല കഥാപാത്രം ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ല. സീരിയലിലെ നായകൻ ഞാൻ തന്നെയാണെന്ന് എനിക്ക് തോന്നിപ്പോയി. യഥാർത്ഥത്തിൽ നായക കഥാപാത്രം സായ് കിരൺ ആണ് ചെയ്തത്. പക്ഷെ ജനങ്ങളുടെ മനസ്സിൽ നായക സ്ഥാനം തനിക്കായിരുന്നെന്നും ഇദ്ദേഹം പറയുന്നു. വാനമ്പാടിയിൽ ഇടയ്ക്ക് വെച്ച് തന്റെ കഥാപാത്രത്തെ ഒഴിവാക്കിയ സംഭവും ബാലു മേനോൻ ഓർത്തു.

'ഇടയ്ക്ക് വെച്ച് ചില പ്രശ്നങ്ങളുണ്ടാക്കി എന്നെ ആ സീരിയലിൽ നിന്ന് ഒഴിവാക്കി. തബലയൊക്കെ വായിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്ന സീൻ ആണ്. അന്ന് സീരിയലിൽ നിന്ന് ഒഴിവാക്കുകയാണെന്ന ബോധം എനിക്കില്ലായിരുന്നു. ജനങ്ങളാകെ പ്രശ്നമാക്കി. അങ്ങനെ രണ്ടാമതൊരു എൻട്രി എനിക്ക് തരേണ്ടി വന്നു. ജനങ്ങളുടെ സ്നേഹം കൊണ്ടാണ് എനിക്ക് രണ്ടാമതും അവസരം ലഭിച്ചത്,' ബാലു മേനോൻ പറഞ്ഞു. സീരിയൽ രംഗത്ത് തനിക്ക് സുഹൃത്തുക്കൾ കുറവാണെന്നും ബാലു മേനോൻ തുറന്ന് പറയുന്നു.
സൗഹൃദങ്ങളൊന്നും സൂക്ഷിക്കാൻ എനിക്ക് പറ്റില്ല. സെറ്റിൽ പലർക്കും എന്നോട് ഇന്റിമസി തോന്നിയിട്ടില്ല. അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. അടുത്ത സുഹൃത്തുക്കൾ കൂടി വന്നാൽ മൂന്ന് കൊല്ലമുണ്ടാവും. അത് കഴിഞ്ഞാൽ തിരിച്ച് പോവും. ഒരിക്കലും സീരിയൽ ഒരു ജീവിതമാർഗമാക്കരുത്. സീരിയൽ ഒരിക്കലും പ്രധാന ജോലിയായി എടുക്കാൻ പറ്റില്ല. എന്തുകൊണ്ടാണെന്ന് വ്യക്തമായി പറഞ്ഞാൽ ചിലപ്പോൾ അവസരങ്ങൾ നഷ്ടപ്പെടും. തുറന്ന് സംസാരിക്കാൻ പറ്റാത്ത മേഖലയാണ് സീരിയൽ മേഖലയെന്നും ബാലു മേനോൻ പറഞ്ഞു. മുറ്റത്തെ മുല്ല എന്ന സീരിയലിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്.

2020 ലാണ് വാനമ്പാടി സീരിയൽ അവസാനിക്കുന്നത്. സായ് കിരൺ, സുചിത്ര നായർ തുടങ്ങിയവരായിരുന്നു സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. കൊയ്ലമ്മ എന്ന തെലുങ്ക് സീരിയലിന്റെ മലയാളം പതിപ്പാണ് വാനമ്പാടി. തെലുങ്കിലും സായ് കിരൺ തന്നെയായിരുന്നു നായകൻ. സീരിയലിന്റെ ക്ലെെമാക്സ് പ്രേക്ഷകർക്ക് ചെറിയ നിരാശയുണ്ടാക്കിയിരുന്നു.
വാനമ്പാടിക്ക് രണ്ടാം ഭാഗം വരുമോയെന്ന ചോദ്യവും ഇതിനിടെ വന്നു. എന്നാൽ രണ്ടാം ഭാഗം ഇല്ലെന്ന് താരങ്ങൾ വ്യക്തമാക്കി. മൂന്നര വർഷമാണ് വാനമ്പാടി സീരിയൽ സംപ്രേഷണം തുടർന്നത്. ഇന്നും ഈ സീരിയലിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. വാനമ്പാടിയിൽ അഭിനയിച്ച മിക്കവർക്കും പ്രേക്ഷക സ്വീകാര്യത ലഭിച്ചു.


Click it and Unblock the Notifications