'മാംഗല്യം തന്തുനാനേന...', 2021ൽ വിവാഹിതരായ താരസുന്ദരികൾ
2021 അതിന്റെ പരിസമാപ്തിയിലേക്ക് എത്താൻ പോവുകയാണ്. ഈ വർഷം നിരവധി താര വിവാഹങ്ങൾക്കാണ് മലയാളം മിനി സ്ക്രീൻ പ്രേക്ഷകർ സാക്ഷിയായത്. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോഴും നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് നിരവധി താരങ്ങൾ വിവാഹിതരായി. റെബേക്ക സന്തോഷ് മുതൽ അർച്ചന സുശീലൻ വരെ ഈ പട്ടികയിൽ പെടും. ആഘോഷമായി നടന്ന താരവിവാഹങ്ങളുടെ വീഡിയോകൾ സോഷ്യൽമീഡിയയിലും വൈറലായിരുന്നു.
ആർഭാടമായ ചടങ്ങുകൾകൊണ്ടും, വിവാഹ വസ്ത്രങ്ങളിലെ പ്രത്യേകതകൾ കൊണ്ടും താരങ്ങളുടെ സാമീപ്യം കൊണ്ടും സമ്പന്നമായ 2021 താരവിവാഹങ്ങളുടെ വിശേഷങ്ങളിലൂടെ വായിക്കാം....

ഇക്കഴിഞ്ഞ നവംബർ 18ന് ആയിരുന്നു ആലീസ് ക്രിസ്റ്റി-സജിൻ വിവാഹം. ഒന്നര വർഷം മുമ്പായിരുന്നു ആലീസിന്റെയും സജിന്റെയും വിവാഹം തീരുമാനിച്ചത്. അറേഞ്ച്ഡ് മാരേജായിരുന്നു. വിവാഹ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആലീസ് പങ്കുവെച്ചത്. ഒപ്പം വിവാഹ വീഡിയോകൾ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരു യുട്യൂബ് ചാനലും ആലീസ് ആരംഭിച്ചിരുന്നു. വിവാഹ വീഡിയോകൾ കൊണ്ട് മാത്രം വലിയൊരു ആരാധക പിന്തുണ സോഷ്യൽമീഡിയയിൽ ആലീസും സജിനും ഉണ്ടാക്കിയെടുത്തു. ഇരുവരും പങ്കുവെക്കുന്ന വീഡിയോകൾക്ക് മില്യൺ കണക്കിന് വ്യൂസാൻ് യുട്യൂബിൽ ലഭിക്കുന്നത്. ആലീസിന്റെ വിവാഹ വസ്ത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

സീരിയൽ താരം തൻവി രവീന്ദ്ര ദുബായിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഗണേഷിനെയാണ് വിവാഹം ചെയ്തത്. മുംബൈ സ്വദേശിയാണ് ഗണേഷ്. വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ വൈറലായിരുന്നു. മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം എന്നിവയാണ് തൻവിയുടെ പ്രധാന സീരിയലുകൾ. പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും വില്ലത്തി വേഷങ്ങളിലാണ് തൻവി തിളങ്ങിയത്. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെയും തൻവി ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഷ്യൽമീഡിയയിൽ നിറഞ്ഞു നിന്ന താര വിവാഹങ്ങളിൽ ഒന്നായിരുന്നു സീരിയൽ താരങ്ങളായ മൃദുല വിജയിയുടേതും നടനും മെന്റലിസ്റ്റുമായ യുവ കൃഷ്ണയും തമ്മിലുള്ള വിവാഹം. ജൂലൈ എട്ടിനാണ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവരും വിവാഹിതരായത്. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ലളിതവും സുന്ദരവുമായ വിവാഹമെന്നാണ് മൃദുല-വിജയ് വിവാഹത്തെ ആരാധകർ വിശേഷിപ്പിച്ചത്. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തി ശോഭിച്ച താരമാണ് മൃദുല വിജയ്.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സീരിയൽ-സിനിമാ താരം റെബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തു. നീല ബോർഡറുള്ള പട്ടുസാരിയും എംബ്രോയ്ഡറി വർക്കുകൾ നിറഞ്ഞ ജാക്കറ്റുമായിരുന്നു റെബേക്കയുടെ വിവാഹ വേഷം. മുണ്ടും ഷർട്ടും ധരിച്ച് സിംപിൾ ലുക്കിലായിരുന്നു വരൻ ശ്രീജിത്ത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു. മാർഗംകളി എന്ന സിനിമയുടെ സംവിധായകൻ ആണ് ശ്രീജിത്ത് വിജയൻ. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്. കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് പരമ്പരയുടെ കഥയായിരുന്നത്.

എന്റെ മാനസപുത്രി സീരിയലിലെ ഗ്ലോറിയെന്ന വില്ലത്തി റോളിലൂടെ മിനി സ്ക്രീനിൽ തിളങ്ങിയ അർച്ചനയുടെ രണ്ടാം വിവാഹമായിരുന്നു ഇക്കഴിഞ്ഞ ദിവസം നടന്നത്. പ്രവീൺ നായരെയാണ് അർച്ചന ജീവിത പങ്കാളിയായി സ്വീകരിച്ചത്. യുഎസിൽ വെച്ച് നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. തന്റെ ജീവിതത്തിൽ പ്രവീണിനെ ലഭിച്ചതിൽ താൻ വളരെ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും തന്നതിന് പ്രവീണിനോട് നന്ദിയെന്നും അർച്ചന സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. അഭിനയമൊക്കെ വിട്ട് അർച്ചന യുഎസിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്. കാമുകൻ പ്രവീണിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പ്രവീൺ നായരുമായി താൻ പ്രണയത്തിലാണെന്ന് അർച്ചന മുമ്പ് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർഥിയുമായിരുന്നു അർച്ചന.

വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഒരു വർഷം കാത്തിരുന്നാണ് നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരായതിനാൽ ഇവരുടെ കുടുംബം ബന്ധം എതിർത്തിരുന്നു. തുടർന്ന് വീട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുവരും നടത്തി. ഒടുവിൽ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം നടക്കുകയായിരുന്നു. നവംബർ 29ന് ചോറ്റാനിക്കരയിൽ വെച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും ടെവിലിഷൻ മേഖലയിൽ നിന്നുൾപ്പെടെയുള്ള സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. അപ്സര പ്രധാന വേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഇക്കാലയളവിലെ സൗഹൃദമാണ് പ്രണയമായി വളർന്നത്. ഈ സീരിയലിലൂടെ അപ്സരയ്ക്ക് മികച്ച നടിക്കും ആൽബി മികച്ച സംവിധായകനുമുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. നിലവിൽ സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിക്കുന്നത്.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. സ്വന്തം സുജാതയിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു താരവിവാഹത്തിൽ പങ്കെടുത്തത്. അതീവ സുന്ദരിയായാണ് ചന്ദ്ര വിവാഹ വേദിയിലേക്ക് എത്തിയത്. താലികെട്ടിന് ശേഷമായി ചന്ദ്രയെ ചേർത്തുനിർത്തി നെറുകിൽ ചുംബിക്കുന്ന ടോഷിന്റെ ചിത്രം വൈറലായിരുന്നു.
Recommended Video

നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് വിവാഹിതയായത്. രോഹിത് പ്രദീപാണ് താരത്തിന്റെ ജീവിത പങ്കാളി. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന വിവാഹിതയായത്. എലീനയുടെ 15 ആം വയസിലാണ് പ്രണയം ആരംഭിച്ചത്. കോഴിക്കോട് സ്വദേശിയാണ് രോഹിത്ത്. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയിൽ വെച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്.


Click it and Unblock the Notifications