അറിവില്ലായ്മ കാരണം അച്ഛനെ നോക്കാന്‍ പറ്റിയില്ല; പെട്ടെന്നുണ്ടായ പിതാവിന്റെ വേര്‍പാടിനെ കുറിച്ച് മനീഷ് കൃഷ്ണ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വില്ലത്തരം കാണിച്ച് ശ്രദ്ധേയനായി മാറിയ നടനാണ് മനീഷ് കൃഷ്ണ. ഒത്തിരി വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി തുടരുകയാണ് നടന്‍. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ തനിക്കേറ്റവും നഷ്ടം തോന്നിയത് പിതാവിന്റെ വേര്‍പാടാണെന്നാണ് മനീഷ് പറയുന്നത്.
അഭിനേതാവ് കൂടിയായിരുന്ന മനീഷിന്റെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഏകദേശം പതിനേഴ് വര്‍ഷം മുന്‍പാണ് ഇത് നടക്കുന്നത്. ശരിക്കും താനടക്കമുള്ളവരുടെ ശ്രദ്ധ കുറവും അറിവില്ലായ്മയുമാണ് പെട്ടെന്നുള്ള അച്ഛന്റെ വേര്‍പാടിന് കാരണമെന്നാണ് റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ മനീഷ് പറയുന്നത്. നടന്റെ വാക്കുകളിങ്ങനെയാണ്...
സിനിമയിലും സീരിയലിലും നാടകത്തിലും എല്ലാം വളരെ അധികം സജീവമായിരുന്നു അച്ഛന്‍. അച്ഛന്‍ വഴി തന്നെയാണ് ഞാനും ഈ രംഗത്തേക്ക് വരുന്നത്. പക്ഷെ എന്റെ ആദ്യത്തെ സീരിയല്‍ സംപ്രേക്ഷണം തുടങ്ങി രണ്ട് ആഴ്ച മാത്രമേ അച്ഛന് കാണാന്‍ സാധിച്ചുള്ളൂ. ഒരു പുതുമുഖത്തിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കൊണ്ട് പോകാന്‍ അച്ഛനുണ്ടായിരുന്നെങ്കില്‍ സാധിക്കുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അച്ഛന് അതുപോലെ ബന്ധങ്ങളുണ്ടായിരുന്നു. ആരും ശത്രുതയോടെ കാണാത്ത ആളാണ് അച്ഛന്‍.

പല കാര്യങ്ങളിലും ഞാന്‍ പിന്നിലോട്ടാണ്. അച്ഛന്റെ സൗഹൃദങ്ങളിലൂടെയാണ് ഞാന്‍ രക്ഷപ്പെട്ട് പോയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അച്ഛന്‍ മരിക്കുന്നത്. നേരത്തെ രണ്ട് തവണ അച്ഛന് ഹാര്‍ട്ട് അറ്റാക്ക് വന്നതാണ്. അതിന്റെയൊന്നും ക്ഷീണമോ വയ്യായ്കയോ അച്ഛന് ഉണ്ടായിരുന്നില്ല. എപ്പോഴും നല്ല ഉന്മേഷത്തോടെയും ഉത്സാഹത്തോടെയുമാണ് അച്ഛനെ കണ്ടിട്ടുള്ളത്. മൂന്നാമത്തെ അറ്റാക്ക് വരുമ്പോള്‍ അച്ഛന്‍ ലൊക്കേഷനിലേക്ക് ടു വീലര്‍ ഓടിച്ച് പോകുകയാണ്. അങ്ങനെ പോകുന്ന പോക്കില്‍ വേദന വന്നതോടെ നേരെ ഹോസ്പിറ്റലില്‍ കയറി. അവിടെ അഡ്മിറ്റ് ചെയ്തു.
ഹോസ്പിറ്റലില്‍ നിന്ന് അച്ഛന്‍ വിളിച്ചത് ആദ്യം വിളിച്ചത് അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലിന്റെ സംവിധായകനെയാണ്. അദ്ദേഹമാണ് ഞങ്ങളെ വിളിച്ച് വിവരം പറയുന്നത്. അന്ന് ആശുപത്രിയിലേക്ക് എങ്ങനെയാണ് എത്തിയതെന്ന് പോലും എനിക്ക് ഓര്‍മയില്ല. ഞാന്‍ ചെന്ന് കാണുമ്പോഴും അച്ഛന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. നീ എങ്ങനെ അറിഞ്ഞത്, എങ്ങനെയാണ് വന്നത് എന്നൊക്കെ അച്ഛന്‍ ചോദിച്ചു. കുഴപ്പം ഒന്നുമില്ലെന്ന് അച്ഛന്‍ തന്നെ പറയുന്നുണ്ട്.
ഓപ്പറേഷനൊക്കെ കഴിഞ്ഞു. രണ്ട് തവണ അറ്റാക്ക് വന്നയാളുടെ ഹൃദയം പോലെയല്ല, അത്രയും സ്‌ട്രോങ് ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഒട്ടും ക്ഷീണമില്ലാതെയാണ് അച്ഛന്‍ സംസാരിക്കുന്നത്. അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല എന്ന് ഞങ്ങളും കരുതി. ഓപ്പറേഷന് ശേഷം അവിടെ തന്നെയുള്ള ചെറിയച്ഛന്റെ വീട്ടിലാണ് നിന്നത്. അവിടുന്ന് നാട്ടിലേക്ക് പോവണമെന്ന് പറഞ്ഞത് പ്രകാരം ട്രെയിനില്‍ നാട്ടിലേക്ക് പോയി.

സ്റ്റെപ്പ് കയറുകയും ഇറങ്ങുകയും ഒന്നും ചെയ്യരുത്, കുറച്ച് അധികം ശ്രദ്ധിക്കണം. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടറും പറഞ്ഞത്. അങ്ങനെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അടുത്ത പ്ലാറ്റ് ഫോമിലാണ് വണ്ടി വരുന്നത്. സ്റ്റെപ്പ് കയറി ഇറങ്ങി അപ്പുറം പോകണം.
ഒരു കണക്കിനും സ്റ്റേഷനില്‍ ഒരു വീല്‍ ചെയര്‍ കിട്ടുന്നില്ല. വണ്ടിയുടെ സമയമായി. സാരമില്ല, എനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ് അച്ഛന്‍ സ്റ്റെപ്പ് കയറി. വളരെ പതുക്കെ പതുക്കെയാണ് കയറി പോയത്. അങ്ങനെ നാട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് മൂക്കില്‍ നിന്നും രക്തം വന്നത്.
ഉടനെ അടുത്തുള്ള ഹോസ്പിറ്റലില്‍ കൊണ്ട് പോയി. സത്യം പറഞ്ഞാല്‍ ഇങ്ങനൊരു ഓപ്പറേഷന്‍ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാലെ പിടിച്ച് എഴുന്നേല്‍ക്കാന്‍ പോലും പറ്റു. ഡോക്ടര്‍ പറഞ്ഞത് കൊണ്ട് ഞങ്ങളത്രയും ശ്രദ്ധിച്ചില്ല. അത് തിരിച്ചറിയാനുള്ള അറിവ് ഞങ്ങള്‍ക്കും ഉണ്ടായിരുന്നില്ല.
പ്രായത്തിന്റെ വിവരക്കുറവും മറ്റുമൊക്കെ കാരണം ആശുപത്രിയില്‍ വച്ച് തന്നെ ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. കെയര്‍ ചെയ്യാത്തതിന്റെ പ്രശ്നമായിരുന്നു. അതൊരു വലിയ വേദന തന്നെയാണ്. ഇപ്പോഴും ആ വേദന കൂടെയുണ്ടെന്നും നടന്‍ പറയുന്നു.


Click it and Unblock the Notifications