'മമ്മിക്ക് ഗദ്ദാമ ജോലി, ഒരുപാട് അനുഭവിച്ചു, നന്നായി ജീവിക്കണമെന്ന് പപ്പയ്ക്കില്ല, 14 വയസിൽ ആത്മഹത്യ ശ്രമം'
ബിന്നി സെബാസ്റ്റ്യന്റെ ചിരിക്കുന്ന മുഖം മാത്രമെ താരത്തിന്റെ പ്രേക്ഷകർ കണ്ടിട്ടുള്ളു. എപ്പോഴും കളിചിരിയുമായി നടക്കുന്ന താരത്തിന് ബിന്നി പോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കഴിഞ്ഞ കാലമുണ്ട്. മൂന്ന് വയസ് മുതൽ അനുഭവിക്കാൻ തുടങ്ങിയ ഒറ്റപ്പെടൽ അവസാനിച്ചത് നൂബിനെ വിവാഹം കഴിച്ചശേഷമാണെന്ന് അടുത്തിടെ ബിഗ് ബോസ് ഹൗസിൽ വെച്ചാണ് ബിന്നി വെളിപ്പെടുത്തിയത്. ലൈഫ് സ്റ്റോറി പറയുന്ന സെഗ്മെന്റിൽ ബിന്നിയുടെ മുഴുവൻ കഥയും സമയകുറവ് മൂലം പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല.
എന്നാൽ ഇപ്പോൾ ബിന്നിയുടെ ജീവിതത്തിലെ അനുഭവങ്ങൾ നടി തന്നെ വിവരിച്ച് സ്വന്തം ചാനലിലൂടെ പങ്കുവെച്ചു. ബിഗ് ബോസ് ഹൗസിലേക്ക് കയറും മുമ്പ് പകർത്തിയതാണ് വീഡിയോ. ബന്ധുവായ ആന്റിയുടെ ടോർച്ചർ മൂലം 14 വയസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ബിന്നി വെളിപ്പെടുത്തുന്നു. പപ്പയുടേയും മമ്മിയുടേയും ലവ് മാരേജായിരുന്നു. പപ്പ നല്ല വിദ്യാഭ്യാസം ഉള്ള ആളായിരുന്നു. കൂടാതെ സാമ്പത്തികശേഷിയുള്ള കുടുംബവും ആയിരുന്നു.

മമ്മിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രവും പാവപ്പെട്ട കുടുംബവും. പക്ഷെ അന്നത്തെ ബ്യൂട്ടി ക്വീൻ ആയിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇരുവരേയും ആദ്യം പപ്പയുടെ വീട്ടിൽ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഒരുമിച്ച് ജീവിച്ച് തുടങ്ങിയപ്പോൾ ഒരുപാട് സ്ട്രഗിൾ ചെയ്തു. ലൈഫിനെ സീരിയസായിട്ട് കാണാത്ത വല്ലപ്പോഴും മാത്രം ജോലിക്ക് പോകുന്നയാളായിരുന്നു പപ്പ. കിട്ടുന്ന പൈസ് വീട്ടിലേക്ക് കുറച്ച് സാധനം വാങ്ങും ബാക്കി പപ്പ സ്വന്തമായി ചിലവാക്കും.
നന്നായിട്ട് ജീവിക്കണമെന്ന് പപ്പയ്ക്കില്ല. എങ്ങനെ എങ്കിലും ജീവിച്ചാൽ മതിയെന്ന രീതിയാണ്. ബാത്ത്റും പോലും ഇല്ലാത്ത ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു ഏറെക്കാലം എന്റെ കുടുംബം താമസിച്ചത്. ഭക്ഷണം പോലും കൃത്യമായി കഴിക്കാനില്ലായിരുന്നു. മുത്തുമാല കോർത്ത് വിറ്റാണ് മമ്മി ചിലവിന് പണം കണ്ടെത്തിയിരുന്നത്. മമ്മിക്കും പപ്പയ്ക്കും ഇടയിൽ ഒരുപാട് പ്രശ്നങ്ങളായിരുന്നു. എനിക്ക് ഓർമവെച്ച കാലം മുതൽ ഇവരുടെ വഴക്കാണ് ഞാൻ കാണുന്നത്.
പപ്പ ജോലിക്ക് പോകുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. കഴിവുണ്ടായിട്ടും നല്ല ജോലിക്ക് ശ്രമിക്കാതെ മീൻ വിൽക്കാനും സെക്യൂരിറ്റി പണിക്കും ഒക്കെയാണ് പോയിരുന്നത്. ഞങ്ങളെ നന്നായി നോക്കണമെന്നോ നല്ല വിദ്യാഭ്യാസം തരണമെന്നോ പപ്പയ്ക്ക് ഇല്ലായിരുന്നു. അങ്ങനെ പലപ്പോഴായി കൂട്ടിവെച്ച പണം കൊണ്ട് മമ്മി ഗൾഫിൽ പോകാൻ തീരുമാനിച്ചു. ഞങ്ങളുടെ പഠനം, സ്വന്തമായി ഒരു വീട് ഒക്കെയായിരുന്നു മമ്മിയുടെ ലക്ഷ്യം. ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചിട്ടാണ് പോയത്.
അങ്ങനെയാണ് മൂന്ന് വയസിൽ എന്നേയും ചേട്ടനേയും വിട്ട് മമ്മി പോയത്. അവിടെ മമ്മിക്ക് കിട്ടിയത് ഗദ്ദാമ ജോലിയാണ്. ഒരുപാട് അനുഭവിച്ചു. അടികൊണ്ട കഥയൊക്കെ വർഷങ്ങൾക്കുശേഷമാണ് എന്നോട് മമ്മി പറഞ്ഞത്. മമ്മി പോയശേഷം ഞാൻ മമ്മിയുടെ ചേച്ചിക്കൊപ്പമായിരുന്നു. അവർ അൽപ്പം സ്ട്രിക്ടായിരുന്നു. അങ്ങനെ പപ്പയോട് പറഞ്ഞ് ഞാൻ നാട്ടിലേക്ക് തിരിച്ച് വന്നു. പപ്പയുടെ കുടുംബത്തോടൊപ്പമാണ് നാലാം ക്ലാസ് വരെ ജീവിച്ചത്.

ഈ സമയത്തൊന്നും മമ്മിയുമായി കോൺടാക്ടില്ലായിരുന്നു. ഒന്നാം ക്ലാസ് മുതൽ എന്റെ എല്ലാ കാര്യങ്ങളും ഞാൻ തനിയെ ചെയ്യുമായിരുന്നു. തുണ അലക്കുന്നത് മുതൽ അതിൽപ്പെടും. ചേട്ടനുമായി എനിക്ക് ഒരു കണക്ഷനില്ല. കാരണം ഞങ്ങൾ ഒരുമിച്ച് സമയം ചിലവഴിച്ചിട്ടില്ല. വലുതായശേഷവും ചേട്ടൻ വർഷത്തിൽ രണ്ടോ മൂന്നോ തവണയെ വിളിക്കൂ. പാരന്റ്സ് ഇല്ലാത്തതുകൊണ്ട് പല റിലേറ്റീവ്സിന്റേയും വീട്ടിൽ നിന്നാണ് വളർന്നത്. പൈസയുള്ളിടത്ത് സമാധാനം ഉണ്ടാവണമെന്നില്ല. എങ്ങനെയുള്ള കുടുംബത്തിൽ ആയിരിക്കുന്നുവെന്നതാണ് പ്രധാനം.
അക്കൂട്ടത്തിൽ ഞാൻ എന്റെ ഒരു ആന്റിയുടെ വീട്ടിലാണ് നിന്നത്. അവർ എന്നെ കുറ്റപ്പെടുത്തുകയും ബോഡി ഷെയിം ചെയ്യുകയും ചെയ്തിരുന്നു. അന്ന് എനിക്ക് പതിനാല് വയസേയുള്ളു. പക്ഷെ എനിക്ക് സങ്കടം പറയാനോ എന്നെ ആശ്വസിപ്പിക്കാനോ ആരും ഇല്ലായിരുന്നു. അവസാനം സങ്കടം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാമെന്ന് വരെ ഞാൻ തീരുമാനിച്ചു. എന്നെ ആരും അന്വേഷിക്കാറുമില്ല.
കഴുത്തിൽ കയറിട്ട് ഞാൻ ചാടി. കഴുത്ത് മുറുകിയപ്പോൾ വെപ്രാളത്തിൽ തിരികെ എങ്ങനെയോ കട്ടിലിൽ വന്ന് നിന്നു. ആത്മഹത്യ ചെയ്യുന്നതിലും ഞാൻ തോറ്റു. അവരുടെ മെന്റൽ ടോർച്ചറാണ് എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. മമ്മിയോട് ഞാൻ ഇതൊന്നും പറഞ്ഞിട്ടില്ല. പിന്നീട് എന്നെ ഹോസ്റ്റലിലാക്കി.
നന്നായി പഠിക്കുമായിരുന്നു. പിന്നീട് സ്കൂൾ കഴിഞ്ഞ് ചൈനയിലേക്ക് മെഡിസിൻ പഠിക്കാൻ പോയി. അതിന് വേണ്ടതെല്ലാം ചെയ്തത് ഞാൻ തന്നെയാണ്. മമ്മി കഷ്ടപ്പെട്ട് പിന്നീട് സ്വന്തമായി ഒരു വീട് വെച്ചു. 20 വർഷത്തെ മമ്മിയുടെ കഷ്ടപ്പാടായിരുന്നു. ഞാൻ ആഗ്രഹിച്ചതെല്ലാം നൂബിനെ കല്യാണം കഴിച്ചശേഷം എനിക്ക് കിട്ടി എന്ന് ബിന്നി പറഞ്ഞു.


Click it and Unblock the Notifications