ഒരുപാട് ആഗ്രഹിച്ച് കിട്ടിയതല്ലേ മൂല്യം മനസിലാക്കൂ, കണ്ടിട്ട് പേടിയാകുന്നു, കാല് സ്ലിപ്പായാലും പോരെ; വിമർശനം
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ പ്രേക്ഷകർക്കും സമൂഹമാധ്യമങ്ങൾ സജീവമായി ഉപയോഗിക്കുന്നവർക്കും സുപരിചിതരാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ കപ്പിളായ അഭിലാഷും ശ്രീക്കുട്ടിയും. ഇരുവരും പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്ത് വെച്ച് അഭിശ്രീ എന്ന പേരിലാണ് അറിയപ്പെടുന്നത്. അഭിലാഷ് നല്ലൊരു ഡാൻസറും ക്രിക്കറ്റ് പ്ലയറും എല്ലാമാണ്. വർഷങ്ങൾക്ക് മുമ്പ് ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലും തിളങ്ങിയിരുന്നു.
കാലിനുള്ള വയ്യായ്കകൾ ഒരിക്കലും സ്വപ്നങ്ങൾ എത്തിപിടിക്കാൻ അഭിലാഷിന് തടസമായിട്ടില്ല. അതിന് ഉദാഹരണമാണ് റിയാലിറ്റി ഷോകളിൽ കാഴ്ച വെച്ച പ്രകടനം. ഡി ഫോർ ഡാൻസിൽ മാത്രമല്ല ശാരീരിക അധ്വാനം ഏറെ ആവശ്യമുള്ള റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസും.

അവിടേയും ശാരീരികമായ അവശതകൾ പറഞ്ഞ് ഒരിക്കലും ടാസ്ക്കിൽ നിന്നും അഭിലാഷ് മാറി നിന്നിട്ടില്ല. അഭിലാഷിന്റെയും ശ്രീക്കുട്ടിയുടേയും പ്രണയ വിവാഹമായിരുന്നു. തുടക്കത്തിൽ ശ്രീക്കുട്ടിയുടെ കുടുംബത്തിൽ നിന്ന് ഉണ്ടായ എതിർപ്പുകളെ കുറിച്ച് ഇരുവരും പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ രണ്ടുപേരും മാതാപിതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ്.
ശ്രീക്കുട്ടി നാല് മാസം ഗർഭിണിയാണ്. ഏഴ് വർഷത്തെ കാത്തിരിപ്പിനുശേഷം കിട്ടുന്ന കുഞ്ഞായതുകൊണ്ട് തന്നെ ഇരുവരും അതിയായ സന്തോഷത്തിലാണ്. ഗർഭകാലത്തെ ഓരോ വിശേഷങ്ങളും ശ്രീക്കുട്ടിയും അഭിലാഷും വ്ലോഗായി പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഷോർട്ട് വീഡിയോ പങ്കുവെച്ച ശേഷം കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് ഇരുവരും.
തമിഴ് സിനിമ ഡ്യൂഡിലെ അടുത്തിടെ വൈറലായി മാറിയ ശിങ്കാരി എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെക്കുന്ന ശ്രീക്കുട്ടിയാണ് ഷോർട്ട് വീഡിയോയിലുള്ളത്. നാലാം മാസം ഗർഭിണിയായിരുന്നിട്ടും ശരീരം ഇളകുന്ന തരത്തിലുള്ള സ്റ്റെപ്പ്സൊക്കെ ഇട്ടാണ് ശ്രീക്കുട്ടി ഡാൻസ് കളിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ശ്രദ്ധവേണ്ട സമയത്ത് കുഞ്ഞിന്റെ ജീവിനെ കുറിച്ച് പോലും ചിന്തിക്കാതെ ശ്രീക്കുട്ടി ഡാൻസ് കളിച്ചുവെന്നതാണ് സബ്സ്ക്രൈബേഴ്സ് ഈ കപ്പിളിനെ വിമർശിക്കാൻ കാരണം.
ആദ്യത്തെ മൂന്ന് മാസം മാത്രമല്ല എല്ലാ മാസവും നന്നായി സൂക്ഷിക്കണം. കുറെ ആഗ്രഹിച്ച് കിട്ടിയതല്ലേ. ആ മൂല്യം മനസിലാക്കൂ. വെറുതെ റിസ്ക് എടുക്കരുത് എന്നായിരുന്നു ഒരാൾ കുറിച്ചത്. കാണുമ്പോൾ തന്നെ പേടി തോന്നുന്നു. ഡാൻസൊക്കെ അനുവദനീയമായിരിക്കും. പക്ഷെ ഒന്ന് കാല് സ്ലിപായാൽ പോരേ?.

അതൊരു തീരാ ദുഖമായി മാറില്ലേ?. വളക്കാപ്പിന് ഡാൻസ് ചെയ്തപ്പോൾ ഒരു കുട്ടി വീഴാൻ പോകുന്ന വീഡിയോ കണ്ടിരുന്നു. മുഴുവൻ സമയവും റെസ്റ്റ് എടുത്തില്ലെങ്കിലും എല്ലാത്തിലും ഒരു എക്സ്ട്രാ കെയർ കൊടുക്കണം. നല്ല ശ്രദ്ധ വേണം. കുഞ്ഞു ജീവൻ നമ്മുടെ കയ്യിലാണ്. ബാക്കിയുള്ളവർക്ക് പറഞ്ഞ് തരനെ പറ്റു. മുമ്പ് മറ്റൊരു വീഡിയോയിൽ ശ്രീക്കുട്ടി ഡാൻസ് സാരീ ഉടുത്ത് ചെയ്യുന്നത് കണ്ടിരുന്നു. തടഞ്ഞ് വീഴാനൊക്കെ സാധ്യത ഏറെയാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഡാൻസ് ജീവവായു പോലെ കൊണ്ട് നടക്കുന്നവരാണ് അഭിലാഷും ശ്രീക്കുട്ടിയും. സോഷ്യൽമീഡിയയിൽ ഇരുവർക്കും ഇത്രയധികം പ്രേക്ഷക പിന്തുണ ലഭിക്കാൻ ഒരു കാരണവും ഡാൻസ് തന്നെയാണ്. ബിഗ് ബോസ് സീസൺ ഏഴ് ഫിനാലെയോട് അടുത്തപ്പോൾ പുറത്തായ മത്സരാർത്ഥികൾ റീ എൻട്രി നടത്തിയിരുന്നു.
ആ സമയത്ത് ഹൗസിൽ വെച്ചും താൻ വൈകാതെ ഒരു അച്ഛനാകുമെന്ന സന്തോഷം അഭിലാഷ് പങ്കിട്ടിരുന്നു. മൂന്നാം മാസം സ്കാനിങ്ങ് അടക്കം കഴിഞ്ഞ് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് അറിഞ്ഞശേഷമാണ് ഇരുവരും പ്രഗ്നൻസി റിവീൽ ചെയ്തത്. അന്ന് വീഡിയോയിൽ ഉടനീളം കരഞ്ഞുകൊണ്ടാണ് ഇരുവരും സംസാരിച്ചത്. കുഞ്ഞുങ്ങളുണ്ടാകാൻ വൈകുന്നതിനാൽ നിരവധി കുത്തുവാക്കുകൾ ഇരുവർക്കും കേൾക്കേണ്ടി വന്നിരുന്നു.


Click it and Unblock the Notifications











