എല്ലാ മാസവും ഡ്രസ്, ജാനുവിനെ സ്വർണത്തിൽ മൂടണം, പക്ഷെ ബെഡ് റൂമിൽ കയറ്റില്ല, ജാന്മണിയുടെ സങ്കൽപ്പം: അഭിഷേക്
ബിഗ് ബോസിലൂടെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ജാന്മണി ദാസും അഭിഷേക് ജയദീപും. സഹമത്സരാർത്ഥികളിൽ പലരും അടുത്ത സുഹൃത്തുക്കളായി മാറിയ സീസണായിരുന്നു ആറാം സീസൺ. ജാസ്മിൻ-ഗബ്രി സൗഹൃദവും ഇതിന് ഉദാഹരണമാണ്. മേക്കപ്പ് ആർട്ടിസ്റ്റായ ജാന്മണിക്ക് ബിഗ് ബോസിന് ശേഷം വലിയ ജനശ്രദ്ധ ലഭിക്കുന്നുണ്ട്. അഭിഷേകിനൊപ്പമാണ് മിക്കപ്പോഴും മീഡിയകൾക്ക് മുന്നിൽ ജാന്മണിയെ കാണാറ്. ഇതിനിടെ ഒന്നിലേറെ തവണ ഇവരുടെ വിവാഹം കഴിഞ്ഞോയെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു.
വിവാഹവേഷത്തിൽ ഇരുവരും ക്യാമറയ്ക്ക് മുന്നിലെത്തിയതായിരുന്നു കാരണം. ജനശ്രദ്ധയ്ക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളെന്ന് ചിലർ വിമർശിച്ചെങ്കിലും അഭിഷേകും ജാന്മണിയും ഇതൊന്നും കാര്യമാക്കിയില്ല. ഇതിനിടെ ഇവരുടെ സൗഹൃദത്തിൽ ഒരിക്കൽ വിള്ളൽ വന്നിരുന്നു. പിന്നീട് ഈ പ്രശ്നങ്ങൾ പരിഹരിച്ചു. ഇതിന് ശേഷവും വിവാഹവേഷത്തിൽ ഇവർ മീഡിയകൾക്ക് മുന്നിലെത്തി. എന്നാൽ ഇവർ വിവാഹിതരല്ല. പുതിയ അഭിമുഖത്തിൽ ജാന്മണിയുടെ ഭാവി ഭർത്താവിന് വേണ്ട ഗുണങ്ങളെക്കുറിച്ച് അഭിഷേക് സംസാരിക്കുന്നുണ്ട്.

ജാനുവിന്റെ പങ്കാളി ഭയങ്കര റിച്ച് ആയിരിക്കണം. സ്വർണത്തിൽ മൂടാൻ കഴിവുള്ള ആളായിരിക്കണം. പിന്നെ ട്രിപ്പിന് കൊണ്ട് പോകണം. സിഗരറ്റ് വാങ്ങിക്കൊടുക്കണം. എല്ലാ മാസവും ഡ്രസ്, ജോയ് ആലുക്കാസിലേക്ക് ഒരു റൗണ്ട് പോകണം. പക്ഷെ ബെഡ് റൂമിൽ കയറ്റില്ല. ഒറ്റയ്ക്ക് കിടന്നുറങ്ങണം എന്നും അഭിഷേക് പറഞ്ഞു. ഇതേക്കുറിച്ച് ജാന്മണിയും സംസാരിച്ചു. ഭർത്താവ് വിദേശിയായിരിക്കണമെന്നാണ് സ്വപ്നം. മുടിയില്ലാതെ മാെട്ടയായിരിക്കണം. ലണ്ടനിൽ വീട് വേണമെന്നും ജാന്മണി പറഞ്ഞു. നല്ല ചെക്കൻമാരുണ്ടെങ്കിൽ തന്നെ കെട്ടാൻ വരണമെന്നും ജാന്മണി പറയുന്നുണ്ട്. പോപ്പിൻസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
കുറച്ച് മാസങ്ങൾക്ക് മുമ്പും ജാന്മണിയുമായി താൻ അകൽച്ചയിലാണെന്ന് അഭിഷേക് പറഞ്ഞിരുന്നു. എന്തുകൊണ്ട് ജാന്മണിയുമായി വീഡിയോ ചെയ്യുന്നില്ല എന്ന് ചോദിച്ച് എനിക്ക് കുറേ മെസേജുകൾ വരാറുണ്ട്. എന്താണ് കാരണം എന്ന് എനിക്കും അറിയില്ല. പെട്ടെന്ന് ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളായി. എന്താണ് പ്രത്യേകിച്ച് കാരണം എന്ന് എനിക്കും അറിയില്ല. ഇതിനിടയിൽ ആരൊക്കെ എന്തൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞെന്ന് അറിയില്ല. എന്തായാലും അവരെന്നെയും ഞാനവരെയും ഫോളോ ചെയ്യുന്നില്ല. എന്താണ് കാരണമെന്ന് അവർ തന്നെ പറയട്ടെ. ഞാനങ്ങോട്ട് ചോദിക്കാൻ പോകുന്നില്ല എന്നായിരുന്നു അന്ന് അഭിഷേക് പറഞ്ഞത്. ജാൻമണിക്കും അഭിഷേകിനും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ട്രോളുകൾ വരാറുണ്ട്.

പുതിയ അഭിമുഖത്തിൽ ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ മത്സരാർത്ഥി നെവിനെക്കുറിച്ചും ജാന്മണി സംസാരിക്കുന്നുണ്ട്. നെവിൻ ഗേ ആണ്. അത് സത്യമാണ്. അവൻ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്നാണ്. അത് ഞങ്ങൾക്കറിയാം. ബിഗ് ബോസ് ഓഡിഷനിൽ ആൾ ഓപ്പണായി പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് വീട്ടിനുള്ളിൽ സ്വന്തം ഐഡന്റിറ്റി തുറന്ന് പറയാൻ നെവിൻ തയ്യാറാകണമെന്നും ജാന്മണി പറഞ്ഞു. എന്നാൽ അഭിഷേക് ഈ വാദത്തെ അനുകൂലിച്ചില്ല.
ഒരാളുടെ സെക്ഷ്വാലിറ്റിയെക്കുറിച്ച് താനല്ല സംസാരിക്കാനാഗ്രഹിക്കുന്നില്ലെന്നും അത് ഓരോ വ്യക്തികളുടെയും സ്വകാര്യ വിഷയമാണെന്നും അഭിഷേക് പറഞ്ഞു. ബിഗ് ബോസിൽ വെച്ചാണ് അഭിഷേക് തന്റെ ഐഡന്റിറ്റി തുറന്ന് പറയുന്നത്. വീട്ടുകാർ തന്നെ അംഗീകരിക്കുമോ എന്ന ഭയം അഭിഷേകിനുണ്ടായിരുന്നു. എന്നാൽ അഭിഷേകിനെ മാതാപിതാക്കൾ തുറന്ന മനസോടെ സ്വീകരിച്ചു. ബിഗ് ബോസ് ആറാം സീസണിൽ വെെൽഡ് കാർഡ് എൻട്രിയായാണ് അഭിഷേക് ജയദീപ് എത്തിയത്. ബിഗ് ബോസിന് ശേഷം അഭിഷേക് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി.


Click it and Unblock the Notifications