മാസം മൂന്നര ലക്ഷം രൂപയുടെ ചെലവ്, ബാങ്കുകൾ എന്നെ ഇങ്ങോട്ട് വിളിക്കുന്നു: അഖിൽ മാരാർ
തന്റെ ഇപ്പോഴത്തെ സാമ്പത്തിക നിലയെക്കുറിച്ച് സൂചിപ്പിച്ച് നടനും സംവിധായകനുമായ അഖിൽ മാരാർ. തനിക്കിപ്പോൾ ചെലവ് കൂടുതലാണെന്ന് അഖിൽ മാരാർ പറയുന്നു. സത്യസന്ധമായി പറഞ്ഞാൽ ചെലവ് കൂടുതലാണ്. മാസം 3 മുതൽ 3.5 ലക്ഷം വരെ വേണം. മാസം 50000 രൂപയ്ക്ക് മുകളിൽ എണ്ണയടിക്കേണ്ടി വരും. ഈ മാസം വണ്ടിയിൽ ഏതാണ്ട് 70000 രൂപയുടെ ഡീസൽ അടിച്ചു. തിരുവനന്തപുരം വരെ പോയി വന്നത് തന്നെ ആറോ ഏഴോ പ്രാവശ്യമാണ്. പിന്നെ വീട്ട് ചെലവ്, കുട്ടികളുടെ പഠിത്തം, അച്ഛന്റെയും അമ്മയുടെയും മരുന്ന്, ചിട്ടി, ഫ്ലാറ്റിന്റെ ലോൺ, ബിഎംഡബ്ല്യു ബെെക്കിന്റെ ലോൺ, ബെൻസിന്റെ ലോൺ, ബെൻസിന്റെ ലോൺ എന്നിവയ്ക്കെല്ലാം പണം വേണം.
അതേസമയം എല്ലാത്തിന്റെയും ലോൺ 20 ശതമാനം മാത്രമേയുള്ളൂ. 15 ലക്ഷം രൂപയേ ഞാൻ ബെൻസിന് ഇട്ടിട്ടുള്ളൂ. ഒരു വർഷം കൂടെ കഴിഞ്ഞാൽ അത് ക്ലോസ് ആകും. ബെെക്കിന് ചെറിയ ലോണേയുള്ളൂ. ചിലപ്പോൾ ആളുകൾ പരിഹസിച്ച് കമന്റിട്ടേക്കാം. പക്ഷെ 2200 രൂപ സിസി അടയ്ക്കാൻ ഇല്ലാതിരുന്ന എന്നെ ഇന്ന് ബാങ്ക് ഇങ്ങോട്ട് വിളിക്കുകയാണ്. 50 ലക്ഷത്തിന്റെ ലോൺ വേണോ എന്ന് ചോദിച്ച്. എനിക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞെന്നും അഖിൽ മാരാർ വ്യക്തമാക്കി. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

നേരത്തെ തന്റെ വരുമാനത്തെക്കുറിച്ച് അഖിൽ മാരാർ സംസാരിച്ചിരുന്നു. എന്റെ വരുമാനം ആണ് പലർക്കും ആവലാതി.
കൃത്യമായി ജിഎസ്ടി ഉൾപ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് ഞാൻ. പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഇൻവോയിസ് നൽകി ജിഎസ്ടിയും ഇൻകം ടാക്സും അടച്ചാണ് ഞാൻ വരുമാനം പറ്റുന്നത്. മിനി കൂപ്പർ എടുത്തപ്പോൾ ടാക്സ് ആയത് 11ലക്ഷം രൂപയാണ്. ബൈക്കിന്റെ ടാക്സ് 2.63ലക്ഷം രൂപയാണ് ഇതൊക്കെ സർക്കാർ ഖജനാവിൽ ആണ് വന്നതെന്ന് പോലും പലർക്കും അറിയില്ല..
ഞാൻ പങ്കെടുത്തിട്ടുള്ള എല്ലാ പരിപാടികളും പെയിഡ് ആണ്. ബന്ധങ്ങളുടെ പേരിൽ വേടിക്കുന്ന തുക വെത്യാസം വരും എന്ന് മാത്രം.
എന്റെ എല്ലാ ഇന്റർവ്യൂസും പെയിഡ് ആണ്. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് കേരളത്തിലെ പ്രധാനപെട്ട ഓൺലൈൻ മാധ്യമങ്ങൾ എന്റെ അഭിമുഖങ്ങൾ എടുത്തിട്ടുള്ളത്.. അതിന്റെ ഇൻവോയിസ് ആർക്കെങ്കിലും വേണമെങ്കിൽ അയച്ചു തരാം.
രണ്ട് ദിവസം മുൻപ് ഷെയർ മാർക്കറ്റിൽ നിന്നും ഒരു 15000രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ കൂടി സ്ക്രീൻ ഷോട്ട് ഇടുന്നുണ്ട്. ഇത് പോലെ എത്രയോ തവണ..പിന്നെ വിദേശത്തു നിന്നും ലഭിക്കുന്നത് അവിടെ തന്നെ ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.
എല്ലാ ജിസിസി രാജ്യത്തും ഞാൻ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്. ദുബായിലെ ഒരു മീഡിയ കമ്പനിയിൽ നിന്നും 15000ദിർഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു. ഞാൻ ഒരു സിനിമയിൽ പ്രധാന വേഷം അഭിനയിച്ചിരുന്നു. ഒന്നിലധികം സിനിമകൾക് അഡ്വാൻസ് ലഭിച്ചിട്ടുണ്ട്. യൂ ടൂബിൽ നിന്നും ഫേസ് ബുക്കിൽ നിന്നും എനിക്ക് വരുമാനം ഉണ്ട്. നാളിതുവരെ വലിയ ഓഫർ ഉണ്ടായിട്ടും യുവതലമുറയെ നശിപ്പിക്കുന്ന ഗെയിമിംഗ് ആപ്പുകൾ ഞാൻ പ്രൊമോഷൻ ചെയ്തിട്ടില്ല. എനിക്ക് വിശ്വാസം വരാത്ത ഒരു പ്രൊഡകട് പോലും പരസ്യം ചെയ്തിട്ടില്ലെന്നും അഖിൽ മാരാർ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











