ബിഗ് ബോസ് കൂട്ടുകാര്‍ക്കൊപ്പം അര്‍ച്ചന സൂശീലന്‍! വൈറലായി ഒത്തുകൂടല്‍ ചിത്രങ്ങള്‍
നിരവധി സിരീയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി റോളുകളിലൂടെയാണ് അര്‍ച്ചന മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയിരുന്നത്. സീരിയലുകള്‍ക്ക് പുറമെ ഇടയ്ക്ക് സിനിമയിലും അഭിനയിച്ചിരുന്നു താരം. തുടര്‍ന്ന് ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ പങ്കെടുത്തതും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു അര്‍ച്ചന. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും സഹമല്‍സരാര്‍ത്ഥികളുമായുളള സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു താരം.

അവതാരക രഞ്ജിനി ഹരിദാസ്, ദിയ സന, സാബുമോന്‍, ദീപന്‍ മുരളി തുടങ്ങിയവരെല്ലാം അര്‍ച്ചനയുടെ അടുത്ത സുഹൃത്തുക്കളാണ്. മുന്‍പ് ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ഇവരെല്ലാം ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ലോക് ഡൗണിന് പിന്നാലെ ബിഗ് ബോസ് താരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
അര്‍ച്ചന തന്നെയാണ് സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ അര്‍ച്ചനയ്‌ക്കൊപ്പം അടുത്ത സുഹൃത്തുക്കളായ രഞ്ജിനി ഹരിദാസ്, ദിയ സന തുടങ്ങിയവരാണുളളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഉറ്റ സുഹൃത്തുക്കള്‍ കണ്ടുമുട്ടിയാല്‍ ഇങ്ങനെയെന്ന് കുറിച്ചുകൊണ്ടാണ് അര്‍ച്ചന ഇവര്‍ക്കൊപ്പമുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ ദീപന്‍ മുരളിയുടെ മകളുടെ പിറന്നാളിനും ഇവരെല്ലാം ഒത്തൂകൂടിയിരുന്നു. അന്ന് എടുത്ത ചിത്രങ്ങളും അര്‍ച്ചന സൂശീലന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ദീപന്റെ മകള്‍ മേധസ്വിയുടെ ഒന്നാം പിറന്നാളായിരുന്നു ഇവരെല്ലാം ആഘോഷിച്ചിരുന്നത്. അന്ന് അര്‍ച്ചനയ്‌ക്കൊപ്പം ദിയ, സാബുമോന്‍. ആര്യ തുടങ്ങിയവരും എത്തിയിരുന്നു. അര്‍ച്ചനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദീപന്‍ മുരളി. ദീപന്റെ വിവാഹത്തിനും അര്‍ച്ചന ഉണ്ടായിരുന്നു.
മറ്റ് നായികമാരെ പോലെ അര്‍ച്ചന സുശീലനും മോഡലിങ് രംഗത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് അര്‍ച്ചനയെ തേടിയെത്തിയത് അധികവും വില്ലത്തി റോളുകളായിരുന്നു. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലായിരുന്നു അര്‍ച്ചനയെ ശ്രദ്ധേയയാക്കിയത്. പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം നടിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത റോളായിരുന്നു.


Click it and Unblock the Notifications