ആര്യ ചേച്ചി പറഞ്ഞ് സ്റ്റാറ്റസ് ആക്കും, പക്ഷെ ചേച്ചിയെ എനിക്കിഷ്ടമല്ല! ജാസ്മിനെ കളിയാക്കി ആര്യ
മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ കടന്നു വന്ന് പിന്നീട് ടെലിവിഷന്‍ രംഗത്തെ മികച്ച അവതാരകയായി മാറിയ ആര്യ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആര്യ. താരത്തിന്റെ പോസ്റ്റുകളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 6 നെക്കുറിച്ചുള്ള ആര്യയുടെ കാഴ്ചപ്പാടുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ ആര്യ പങ്കുവച്ച പുതിയ വീഡിയോയും ചര്‍ച്ചയാവുകയാണ്. ആരുടേയും പേരെടുത്ത് പറയാതെയുള്ള ആര്യയുടെ വീഡിയോ ജാസ്മിനെതിരെയുള്ള ഒളിയമ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ജാസ്മിന്‍ തന്നെക്കുറിച്ച് നടത്തിയ പ്രസ്താവനയോടുള്ള ആര്യയുടെ പ്രതികരണം ആണ് താരം പങ്കുവച്ച വീഡിയോ എന്നാണ് കണക്കാക്കുന്നത്. ജാസ്മിന്റെ സംസാര രീതി അനുകരിച്ച് സംസാരിക്കുന്ന ആര്യയാണ് വീഡിയോയിലുള്ളത്.

''ആര്യ ചേച്ചിയെ പണ്ട് ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ ആര്യ ചേച്ചിയെ ഇപ്പോള്‍ ഇഷ്ടമൊന്നുമല്ല. ആര്യ ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല. വളരെ മോശമായി ആര്യ ചേച്ചി പോയത്. പക്ഷെ ആര്യ ചേച്ചി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എടുത്ത് സ്റ്റാറ്റസ് ഇടാറുണ്ട്. ആര്യ ചേച്ചി എന്നെക്കുറിച്ച് നല്ലത് പറഞ്ഞായിരുന്നല്ലോ. ഞാനത് എടുത്ത് സ്റ്റാറ്റസ് ആക്കി ഇടും. പക്ഷെ ആര്യ ചേച്ചിയെ എനിക്ക് ഇഷ്ടമല്ല.'' എന്നാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
വീഡിയോയിലെ ആര്യയുടെ സംസാര രീതിയും പരാമര്‍ശങ്ങളും ജാസ്മിനെ പരിസഹിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. നേരത്തെ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ ആര്യയെക്കുറിച്ച് സംസാരിച്ചിരുന്നു. നേരത്തെ തന്നെ പിന്തുണച്ച് ആര്യ പറഞ്ഞ വാക്കുകള്‍ സ്റ്റോറിയാക്കി ജാസ്മിന്‍ പങ്കുവച്ചിരുന്നതാണ്. എന്നാല്‍ അഭിമുഖത്തില്‍ ആര്യയുടെ പ്രതികരണങ്ങള്‍ വിഷമിപ്പിച്ചുവെന്നാണ് ജാസ്മിന്‍ പറയുന്നത്.
ഞാനാണ് ബിഗ് ബോസ് സീസണ്‍ 6 നെ മുന്നോട്ട് കൊണ്ടുപോയത് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ആര്യ ചേച്ചിയുടെ ഒരു വീഡിയോ കണ്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് ഒരു ലൈവില്‍ ആര്യ ചേച്ചി പറഞ്ഞതിന്റെ ചില കാര്യങ്ങളും ഞാന്‍ കണ്ടിരുന്നുവെന്നാണ് ജാസ്മിന്‍ പറയുന്നതു. എന്റെ അത്തായുടേയും ഉമ്മായുടേയും വോയിസ് എടുത്ത് ആര്യ ചേച്ചി ഇങ്ങനെ എല്ലാവര്‍ക്കും കേള്‍പ്പിച്ച് കൊടുക്കുന്നതൊക്കെ ആ ലൈവിലുണ്ടായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ എനിക്ക് ഏറ്റവും ഇഷ്ടം ആര്യ ചേച്ചിയെ ആയിരുന്നു. പുള്ളിക്കാരി ഭയങ്ക ബോള്‍ഡായിട്ടൊക്കെയാണ് നിന്നത്. പുറത്തിറങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു എന്ന് ജാസ്മിന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ ആര്യ ചേച്ചി തന്നെ അഭിമുഖങ്ങളില്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. അത്തരത്തില്‍ അനുഭവിച്ച ആള്‍ തന്നെയാണ് എന്നെ സൈബര്‍ ആക്രമണത്തിന് ഇട്ടുകൊടുത്തത് എന്നതാണ് എന്നെ വിഷമിപ്പിച്ചത് എന്നാണ് ആര്യയെക്കുറിച്ച് ജാസ്മിന്‍ പറയുന്നത്. പുള്ളിക്കാരി തന്നെ പറയുന്നുണ്ട്, തന്റെ പഴയ റിലേഷനില്‍ തെറ്റ് പറ്റിപ്പോയിട്ടുണ്ടെന്ന്. അതുപോലുള്ള ഒരു മനുഷ്യ സ്ത്രീയാണ് ഞാനും. എനിക്കും തെറ്റുകള്‍ പറ്റും. എന്നാല്‍ എന്റെ കുടുംബത്തെ അടക്കം വലിച്ചു കീറാന്‍ ഇട്ടുകൊടുത്ത ആളാണ് ആര്യ ചേച്ചി എന്നും ജാസ്മിന്‍ ആരോപിക്കുന്നുണ്ട്.
ഇത്തരത്തില്‍ അനുഭവിച്ച ഒരാള്‍ ഇതൊക്കെ പറയുമ്പോള്‍ ഇവര്‍ക്ക് തന്നെ ഒന്നും തോന്നുന്നില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. എനിക്ക് ദേഷ്യം ഒന്നുമില്ല. പക്ഷെ അവരോട് ഉണ്ടായിരുന്ന ബഹുമാനം, ഇഷ്ടം എന്നിവയൊക്കെ പോയി എന്നും ജാസ്മിന്‍ ആര്യയെക്കുറിച്ച് പറയുന്നു. നാളെ ആരെങ്കിലും ബിഗ് ബോസില്‍ ഇത്തരം കാര്യം നേരിടേണ്ടി വന്നാല്‍ അതേക്കുറിച്ച് അപ്പോള്‍ ഒരു അക്ഷരം ഞാന്‍ മിണ്ടില്ല. ഒരു പക്ഷെ അവര്‍ പുറത്ത് ഇറങ്ങി കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞതിന് ശേഷം ഞാന്‍ പ്രതികരിക്കുമായിരിക്കുമെന്നും ജാസ്മിന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ആര്യയുടെ വീഡിയോ വരുന്നത്. അതിനാല്‍ ജാസ്മിനെതിരെയുള്ളതാണ് ആര്യയുടെ പ്രതികരണം എന്ന വിലയിരുത്തലിലാണ് സോഷ്യല്‍ മീഡിയ.


Click it and Unblock the Notifications