വേർപിരിഞ്ഞുവെങ്കിലും ടോക്സിക്ക് അവസ്ഥ ഞങ്ങൾക്കിടയിലില്ല, നിവിൻ പോളി എന്നത് മ്ലേച്ഛമായ ഉത്തരമായി തോന്നി; ഫിറോസ്
വളരെ വർഷങ്ങളായി ടെലിവിഷനിലും സിനിമയിലുമായി സജീവമായി നിൽക്കുന്ന കലാകാരനാണ് ഫിറോസ് ഖാൻ. ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയുമായിരുന്നു. ഭാര്യ സജ്നയ്ക്കൊപ്പം കപ്പിളായാണ് ഫിറോസ് ബിഗ് ബോസിൽ എത്തിയത്. ആ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥികൾ കൂടിയായിരുന്നു ഇരുവരും. ഹൗസിലേയും ഷോയുടേയും ചില നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിലാണ് ഇരുവരും ഫിനാലെ കാണാതെ പുറത്താക്കപ്പെട്ടത്. ഷോയ്ക്കുശേഷം ഇരുവരും യുട്യൂബ് ചാനലുമായും സജീവമായിരുന്നു. ഒരു വർഷം മുമ്പ് പക്ഷെ ഇരുവരും വേർപിരിഞ്ഞു.
ഭാര്യാഭർത്താക്കന്മാരായി മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ പിരിയുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. മക്കളുടെ സംരക്ഷണം സജ്നയാണ് ഏറ്റെടുത്തിരിക്കുന്നത്. വിവാഹമോചിതരായ ശേഷം ഇരുവരും കരിയറിൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോവുകയാണ്. സജ്നയുമായി വേർപിരിഞ്ഞുവെങ്കിലും മുഖത്ത് നോക്കി സംസാരിക്കാൻ പറ്റാത്ത ശത്രുതയില്ലെന്ന് പറയുകയാണിപ്പോൾ ഫിറോസ്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫിറോസ്. മറ്റ് പ്രണയങ്ങളൊന്നും തന്റെ ജീവിതത്തിൽ ഇല്ലെന്നും നടൻ പറയുന്നു.

എല്ലാ മനുഷ്യരിലും ഒരു പ്രണയമുണ്ട്. ടോക്സിക്ക് അവസ്ഥയിലേക്ക് അത് മാറാതിരുന്നാൽ മതി. കാമത്തെ പ്രണയമെന്ന് വിളിക്കുന്ന സമയമാണിപ്പോൾ. പ്രണയമെന്താണെന്ന് പിള്ളേർക്ക് ഇപ്പോൾ അറിയില്ല. ഫിസിക്കൽ റിലേഷന് വേണ്ടി മാത്രമുള്ള അട്രാക്ഷനാണ് കാമം. ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമാണ് പ്രണയം. ഒറ്റവാക്കിൽ പ്രണയം നിർവചിക്കാൻ കഴിയില്ല. പ്രണയത്തിലായിരിക്കുന്ന ഒരു വ്യക്തിക്ക് ചോറിന്റെ തൊട് കറി പോലെയായിരിക്കും ആ റിലേഷനിൽ സെക്സ്. ചോറും കറികളും കഴിക്കുമ്പോൾ എപ്പോഴും പ്രാധാന്യം ചോറിനല്ലേ.
അതുപോലെയാണ് പ്രണയത്തിന്റെ കാര്യത്തിലും. പ്രണയത്തിൽ വേറെയും ഒരുപാട് വികാരങ്ങൾ അടങ്ങിയിട്ടുണ്ട്. നിങ്ങൾ നിങ്ങളായിരിക്കുന്ന അവസ്ഥയിൽ തന്നെ അംഗീകരിച്ച് സ്വീകരിക്കുന്നതാണ് പ്രണയം. അല്ലെങ്കിൽ അത് ടോക്സിസിറ്റിയായി മാറും. പ്രണയത്തിൽ സെക്സുണ്ടാകുന്നതിൽ കുഴപ്പമില്ല. പക്ഷെ ഇപ്പോൾ എഴുപത്തിയഞ്ച് ശതമാനത്തോളം ആളുകളും പരിചയപ്പെട്ട് വൈകാതെ തന്നെ ഫിസിക്കൽ റിലേഷൻഷിപ്പിലാകും. പണ്ട് ബന്ധങ്ങൾക്ക് ആളുകൾ വാല്യു കൊടുത്തിരുന്നു. സൗകര്യങ്ങൾ കൂടിയതോടെ ബന്ധങ്ങൾക്ക് വാലു ഇല്ലാതെയായി.
എല്ലാത്തിനേയും ഗ്ലോറിഫൈ ചെയ്ത് കാണിക്കുന്ന രീതിയായി. എന്റെ പ്രണയങ്ങളൊക്കെ മനോഹരമായിരുന്നു. പിരിഞ്ഞപ്പോൾ പോലും ശപിച്ചുകൊണ്ട് അല്ല ഞങ്ങൾ വേർപിരിഞ്ഞത്. ഞാനും സജ്നയും വേർപിരിഞ്ഞുവെന്ന വാർത്ത വന്നപ്പോൾ ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മറ്റ് ബന്ധങ്ങൾ വന്നതുകൊണ്ടാണെന്ന് പ്രചരിച്ചതിൽ സത്യമില്ല. ആളുകൾക്ക് എന്താണ് പറയാൻ പറ്റാത്തത്. എല്ലാ പ്രണയങ്ങളിലും വളരെ ലോയലായിട്ടുള്ള ഒരാളായിരുന്നു ഞാൻ. ഡിവോഴ്സായ ദമ്പതികൾ പിന്നീട് മുഖത്ത് പോലും നോക്കാത്തതാണ് ഇവിടുത്തെ ഒരു കൾച്ചർ. സജ്ന ഒരു നല്ല പൊസിഷനിൽ എത്തി കാണണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ.
തിരിച്ച് അവളും അങ്ങനെ തന്നെയാണ്. ഞങ്ങൾ ഇപ്പോഴും ഇടയ്ക്ക് സംസാരിക്കാറുണ്ട്. ഭാര്യയും ഭർത്താവുമായി മുന്നോട്ട് പോകാൻ പറ്റില്ലെന്ന തോന്നൽ വന്നതുകൊണ്ട് മാത്രമാണ് ഞങ്ങൾ പിരിഞ്ഞത്. ടോക്സിക്കായ അവസ്ഥ ഞങ്ങൾക്കിടയിൽ ഇല്ല. ഞാൻ ഇപ്പോൾ ആരുമായും പ്രണയത്തിലല്ല. മാത്രമല്ല പല കാര്യങ്ങളിലും എൻഗേജ്ഡാണ് ഞാൻ നല്ല രീതിയിൽ. അതുകൊണ്ട് തന്നെ മനസിന്റെ ഏഴ് അയലത്ത് പോലും പ്രണയമില്ല. ഇപ്പോഴത്തെ ലൈഫ് സ്റ്റൈലിൽ 24 മണിക്കൂർ എനിക്ക് തികയുന്നില്ലെന്നുമാണ് ഫിറോസ് പറഞ്ഞത്. അഭിനയം എന്നതിലേക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതിന് പിന്നിലെ കാരണവും നടൻ വെളിപ്പെടുത്തി.

വെട്ടിതുറന്ന് സംസാരിക്കുകയും നിലപാടുകൾ പറയുകയും ചെയ്യുന്നതിനാൽ പലപ്പോഴും വരുന്ന അവസരങ്ങൾ അവസാന നിമിഷം കൈവിട്ട് പോകുന്ന അവസ്ഥയുണ്ടെന്നും ഫിറോസ് പറയുന്നു. ആങ്കറിങ്, ഡാൻസ് തുടങ്ങി കലയുമായി ബന്ധപ്പെട്ട മേഖലകളിൽ എല്ലാം ഞാനുണ്ട്. അഭിനയം എന്നതിൽ മാത്രം ശ്രദ്ധവെച്ച് ഞാൻ മുന്നോട്ട് പോകണമെങ്കിൽ എനിക്ക് അത്രയും നല്ല അവസരങ്ങൾ കിട്ടണം. അഭിനയത്തിൽ മാത്രം നിൽക്കാനുള്ള നല്ല അവസരം എനിക്ക് കിട്ടിയിട്ടില്ല. സിനിമ മാത്രമെ ചെയ്യൂവെന്ന് ഇപ്പോൾ ഞാൻ പറഞ്ഞാൽ പട്ടിണി കിടക്കേണ്ടി വരും.
മാത്രമല്ല അഭിപ്രായങ്ങൾ എനിക്ക് തുറന്ന് പറയാൻ പറ്റില്ല. ഇപ്പോൾ തന്നെ പത്ത് അവസരങ്ങൾ വന്നാലും അതിൽ എട്ടെണ്ണവും നഷ്ടപ്പെട്ട് പോവുകയാണ്. ബാക്കി രണ്ടെണ്ണം നട്ടെല്ലുള്ള ആരെങ്കിലും തരുന്ന അവസരങ്ങളാണ്. പല പല മേഖലകളിൽ നിന്നാൽ ജീവിച്ച് പോകാനുള്ള വരുമാനം അതിൽ നിന്നെല്ലാം എനിക്ക് കിട്ടും. അഭിമുഖങ്ങളിൽ ഞാൻ പറയുന്ന കാര്യങ്ങൾ പലർക്കും ഇഷ്ടപ്പെടാത്ത സ്ഥിതിയുണ്ട്. വലിയ നടന്മാരിൽ പലരും മറ്റ് വലിയ നടന്മാരുടെ മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കുന്ന കാലത്തിലാണ് ഞാനും നിൽക്കുന്നത്.
അപ്പോഴാണ് സിനിമയിൽ ഒന്നും അല്ലാത്ത ഞാൻ വാ തുറന്ന് സംസാരിക്കുന്നത്. അപ്പോൾ അവർക്ക് ഒരു പൂവ് എടുത്ത് കളയുന്ന ലാഘവത്തോടെ എന്നെ എടുത്ത് കളയാൻ പറ്റും. പിന്നെ സ്തുതി പാടകർക്കാണ് സിനിമയിൽ വീണ്ടും വീണ്ടും അവസരങ്ങൾ ലഭിക്കുന്നത്. പൃഥ്വിരാജിനെപ്പോലെ ഗട്ട്സുള്ള ആളുകൾ ചുരുക്കമാണ്. സിനിമയ്ക്കുള്ളിൽ ഒരു പൊളിറ്റിക്സുണ്ട്. സിനിമയിൽ നായക പരിവേഷമുള്ള പലർക്കും ജീവിതത്തിൽ അതില്ല. സിനിമയിൽ നായകന്മാരായിട്ടുള്ള പലരും ജീവിതത്തിൽ വില്ലന്മാരാണ്. സിനിമയിൽ നന്മയുള്ള കഥാപാത്രങ്ങളായി അഭിനയിക്കുന്നവർ ജീവിതത്തിൽ മറ്റുള്ളവർക്ക് എങ്ങനെ പാരവെക്കാം, ഒരുത്തന്റെ ചാൻസ് എങ്ങനെ ഇല്ലാതാക്കാം, അടിച്ച് ഇല്ലാതാക്കാം എന്ന ചിന്തയുള്ളവരാണ്.
ഇപ്പോഴും പത്ത് ചാൻസ് വന്നാൽ അതിൽ എട്ട് എണ്ണവും തട്ടിപ്പോകും. സ്തുതി പാടി ഞാൻ ഒരിക്കലും ചാൻസ് മേടിക്കില്ല. കാരണം ഒരിക്കൽ ഞാൻ മരിക്കുമെന്നതിൽ എനിക്ക് പൂർണ ബോധ്യമുണ്ട്. മരണമില്ലാത്ത വ്യക്തിയായിരുന്നുവെങ്കിൽ ചിലപ്പോൾ സ്തുതി പാടിയേനെ. സൂപ്പർസ്റ്റാർസിൽ ചിലർക്കൊന്നും മനുഷ്യത്വമില്ല. ആരുടേയും വേദന അറിയില്ല. പ്രേക്ഷകരാണ് അവരെ വളർത്തിയതെന്ന ബോധ്യമില്ല. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ചിലവാക്കി തിയേറ്ററിൽ പോയി സിനിമ കാണുന്ന ആളുകൾ ഒരു സെൽഫിക്ക് സമീപിച്ചാൽ പോലും മാറി നിൽക്കാൻ പറയും.
അതുപോലെ ഇത്രയും ആരാധിക്കുന്നതിൽ കാര്യമില്ലെന്ന് ആരാധകരായിട്ടുള്ളവർ ചിന്തിക്കുന്നില്ലല്ലോ എന്നും എനിക്ക് തോന്നാറുണ്ട്. കോളേജിൽ ഒരു ഷൂട്ടിന് പോയപ്പോൾ ഒരു പയ്യനോട് ചോദിച്ചു... നിന്റെ മാതൃകാ പുരുഷൻ ആരാണ്?, നിന്നെ ഇൻസ്പെയർ ചെയ്തത് ആരാണെന്ന്. അവൻ ഉടനെ പറഞ്ഞ മറുപടി നിവിൻ പോളി എന്നായിരുന്നു. എന്ത് മ്ലേച്ഛമായ ഉത്തരമാണത്. ഗാന്ധിജിയുടേയോ ശാസ്ത്രജ്ഞരുടേയോ പേര് പറയുമെന്നാണ് ഞാൻ കരുതിയത്. ഞാൻ മനസിൽ സെലിബ്രിറ്റികളായി കാണുന്നത് സിനിമാ താരങ്ങളെയല്ല. ലോകത്തിന് എന്തെങ്കിലുമൊക്കെ സംഭാവന ചെയ്തിട്ടുള്ളവരെയാണ്.

നിവിൻ പോളിയോട് എന്തുകൊണ്ട് ആരാധന തോന്നുന്നുവെന്ന് ചോദിച്ചപ്പോൾ പുള്ളി ചെയ്ത ചില കഥാപാത്രങ്ങളുടെ പേരാണ് ആ പയ്യൻ പറഞ്ഞത്. ആ ഒരു തരത്തിലാണ് എത്തി നിൽക്കുന്നത്. അതുകൊണ്ട് തന്നെ അതൊരു മ്ലേച്ഛമായ ഉത്തരമായി എനിക്ക് തോന്നി. നിവിൻ പോളിയോടുള്ള ദേഷ്യം കൊണ്ടല്ല ഞാൻ ഇതൊന്നും പറഞ്ഞത്. മോഹൻലാലിന്റെ കാര്യത്തിലാണെങ്കിലും കഥാപാത്രം കണ്ടാണ് ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞാൽ എനിക്ക് ഇങ്ങനൊക്കെ തന്നെയെ തോന്നു. കാമ്പും കഴമ്പുള്ള ചിന്തകൾ ഇല്ലാത്തതുകൊണ്ടാണ് നിലവാരം കുറഞ്ഞ പെരുമാറ്റങ്ങളും മറ്റും ഇന്നത്തെ തലമുറയിൽ നിന്നും ഉണ്ടാവുന്നതെന്നും ഫിറോസ് പറയുന്നു.


Click it and Unblock the Notifications











