റിതു മന്ത്ര ഉണ്ടെന്ന് നേരത്തെ അറിഞ്ഞു! രഹസ്യമായി ഹോട്ടലില്‍ താമസിക്കുമ്പോൾ നടന്ന സംഭവത്തെ പറ്റി കിടിലം ഫിറോസ്
രഹസ്യ സ്വഭാവവും വളരെ കര്‍ശന നിബന്ധനകള്‍ക്കും നടുവിലാണ് ബിഗ് ബോസ് ഷോ നടക്കുന്നത്. എന്നാല്‍ അതിനൊപ്പം പതിനഞ്ച് ദിവസം ക്വാറന്റൈനില്‍ ഇരുന്നതിന് ശേഷമാണ് മൂന്നാം സീസണിലെ മത്സരാര്‍ഥികള്‍ വീടിനകത്തേക്ക് പ്രവേശിച്ചത്. പുറത്ത് നിന്ന് തന്നെ മത്സരത്തിന്റെ ഏകദേശ സ്വഭാവം മനസിലാക്കാന്‍ സാധിക്കുമെന്ന് പറയുകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ കിടിലം ഫിറോസ്.
മത്സരാര്‍ഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്ക് താനെത്തിയതിനെ പറ്റിയാണ് ഫിറോസ് പറയുന്നത്. വീടിനകത്ത് കയറുന്നതിന് മുന്‍പ് തന്നെ സഹമത്സരാര്‍ഥികളായി തനിക്കൊപ്പം റിതു മന്ത്ര ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെ കുറിച്ചും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ കിടിലം ഫിറോസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

'ചെന്നൈ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങി എന്‍ഡമോല്‍ ടീമിനെ വിളിക്കുമ്പോ പുറത്ത് കാബ് വെയിറ്റ് ചെയ്യുന്നുണ്ട്, കാര്‍ നമ്പര്‍ ഇതാണ് എന്ന് പറഞ്ഞു തന്നു. കുറച്ചു ചുറ്റി ആണെങ്കിലും ഞാന്‍ കാര്‍ കണ്ടെത്തി. ഓരോ കണ്ടസ്റ്റന്റിനെയും പല ദിവസങ്ങളില്‍ പല സമയത്തായാണ് കൊണ്ടു വരിക. രഹസ്യ സ്വഭാവം സൂക്ഷിക്കണമല്ലോ.
ചെന്നു കാറില്‍ കയറാന്‍ ഒരുങ്ങിയപ്പോ തമിഴില്‍ ഡ്രൈവര്‍ ഒരു ചോദ്യം - സാര്‍ പേരെന്നെ -റിതു മന്ത്രാവാ? ഞാന്‍ - അല്ല. ഫിറോസ് എന്നാണ്. അതാരാ റിതു മന്ത്ര? -ഇല്ല സാര്‍ എനിക്ക് തെറ്റ് പറ്റിയതാണ്. അത് വേറെ വണ്ടിക്ക് വരാനുള്ള ആള്. നിങ്ങള്‍ക്ക് ഊഹിക്കാം, ഞാനപ്പോ ഫോണ്‍ എടുത്തു. ഗൂഗിള്‍ ചെയ്തു.
ആരാ ഈ റിതു മന്ത്ര, കിട്ടി. ആളും പേരും ഊരും സകലമാന ഹിസ്റ്ററിയും ഗൂഗിള്‍ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു തരുമല്ലോ. അപ്പോള്‍ മുതല്‍ എനിക്ക് മനസിലായി, ശ്രമിച്ചാല്‍ ഒപ്പം മത്സരിക്കാന്‍ ഉള്ളവരെ അറിയാന്‍ ആകും. പക്ഷെ അത് എത്തിക്കല്‍ അല്ലല്ലോ. ഇതിപ്പോ അബദ്ധത്തില്‍ അറിഞ്ഞതല്ലേ. വേണ്ട. നേരെ ക്വാറന്റീന്‍ പോകാം.
മനോഹരമായ ഒരു റിസോര്‍ട്ടിലെ 401 ആം നമ്പര്‍ മുറിയിലേക്ക് എന്നെ കൊണ്ടുപോയി. (ആ മുറിയുടെ ചിത്രങ്ങള്‍ ആണ് ചുവടെ) പിന്നേ ഞാന്‍ അവിടുന്ന് പുറത്തിറങ്ങുന്നത് 15 ദിവസങ്ങള്‍ കഴിഞ്ഞു നേരെ ഹൗസിനു ഉള്ളിലേക്കുള്ള വേദിയില്‍ ലാലേട്ടന്റെ അടുത്താണ്. നമുക്ക് വട്ടായിപ്പോകും. ഫോണ്‍ കാണില്ല കൈയ്യില്‍. 14 ദിവസം ഇങ്ങനെ രാവും പകലും ഒക്കെ അടച്ചിരിക്കണം. ദിവസത്തില്‍ ഒരുവട്ടം രണ്ടു അസിസ്റ്റന്റ് പ്രൊഡ്യൂസര്‍മാര്‍ വരും.
നമ്മള്‍ ഓക്കെ ആണോ എന്ന് ചെക്ക് ചെയ്യും. പക്ഷേ നമ്മള്‍ തീരെയും ഓക്കെ ആയിരിക്കില്ല. ഓരോ ദിവസം കഴിയും തോറും മാനസികമായി തളര്‍ന്നു തളര്‍ന്നു പോകും. പുറം ലോകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പതിയെ പതിയെ കട്ട് ആയി തുടങ്ങും. നെറ്റ് കട്ടാകും, എന്റെ റൂമിലെ മലയാളം ചാനല്‍ കട്ട് ആയിരുന്നു.
ലാപ്‌ടോപ് ഒക്കെ ഒരാഴ്ച കഴിയുമ്പോ അവര്‍ സേഫായി പാക്ക് ചെയ്ത് മാറ്റി സൂക്ഷിക്കും. എല്ലാദിവസവും റേഡിയോ ലൈവ് ഷോ ചെയ്തിരുന്ന 24*7 ന്യൂസ് അപ്‌ഡേറ്റഡ് ആയിരുന്ന എനിക്ക് അത് വല്ലാത്ത സ്ട്രെസ് ആയി മാറിയത് ഓര്‍ക്കുന്നു. അടുത്തുള്ള മുറികളില്‍ ഒക്കെ നമ്മളോട് മത്സരിക്കാന്‍ ഉള്ളവരാണ് താമസം എന്നത് അറിയാം. അത് അവര്‍ക്കും അറിയാം. പക്ഷേ അവര്‍ ആരെന്ന് എനിക്കോ ഞാന്‍ ആരെന്ന് അവര്‍ക്കോ അറിയില്ല. ഒരേയൊരു പേര് മാത്രം അറിയാം. ഒരു റിതു ഉണ്ട് ഒപ്പം മത്സരിക്കാന്‍.
എല്ലാ ദിവസവും മൂന്നു നേരത്തെയും ഇഷ്ടമുള്ള ഭക്ഷണം മുറിയില്‍ കൊണ്ടെത്തിക്കും. അതിനി കൊണ്ടിനെന്റല്‍ ആണെങ്കിലും കഞ്ഞിയും പയറും വേണമെങ്കിലും റൂമില്‍ ബാല എന്നൊരു പയ്യന്‍ കൊണ്ടെത്തിക്കും. അതീവ രുചികരമായ ഭക്ഷണം ആണ് അത് എന്ന് ഓര്‍ക്കുന്നു. നമുക്ക് മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് ആകെയുള്ള ഓപ്ഷന്‍ വായനയും ഭക്ഷണം കഴിപ്പും മാത്രമാണ്. ഞാന്‍ ബ്രേക്ഫാസ്‌റ് പതിവായി അവരുടെ ചിക്കന്‍ ഓംലെറ്റും, ഉച്ചകളില്‍ എന്തെങ്കിലും ജ്യൂസ് ഉം, ഡിന്നര്‍ ചപ്പാത്തിയും, സ്‌പെഷ്യല്‍ മഷ്റൂം മസാലയും ആയിരുന്നു പതിവ്.
നാട്ടില്‍ നിന്ന് കൊണ്ടുപോയ എട്ടോളം പുസ്തകങ്ങള്‍ 5-6 ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. മറ്റൊന്നും ഇല്ലല്ലോ ചെയ്യാന്‍! പുസ്തകം തീര്‍ന്നത്തോടെ ബോറടി അതിന്റെ മൂര്‍ധന്യതയില്‍ എത്തി. ഒരുനേരം വൃത്തിയാക്കാന്‍ ശങ്കര്‍ എന്നൊരു മോന്‍ വരും. അവനോട് കാര്യമൊക്കെ പറഞ്ഞു ഇരിക്കാന്‍ ശ്രമിച്ചാല്‍ അപ്പൊ മുറിയില്‍ ഫോണിലൂടെ അവനെ സംഘാടകര്‍ വിളിക്കും. എന്നിട്ട് പെട്ടെന്ന് ജോലി തീര്‍ത്തു വിട്ടോളാന്‍ പറയും.

നമുക്ക് ആകെയുള്ള കുറച്ച് ആശ്വാസം ഇവരെ കാണുന്നത് ആയി മാറുന്ന ഒരു മാനസിക അവസ്ഥയിലേക്ക് നമ്മള്‍ എത്തിപ്പെടും. ആ മുറിയുമായി നമ്മള്‍ അഗാധമായി പ്രണയത്തില്‍ ആകും. ഉറങ്ങാതെ കിടന്ന് മുറിയിലേക്ക് വരുന്ന ഉദയവും. മുറിയിലെ നട്ടുച്ചയും മുറിക്കുള്ളിലെ അസ്തമയവും, നട്ടപ്പാതിരയും കാണും. ഒന്നോ രണ്ടോ വട്ടം കുളിക്കും. ഒരുമണിക്കൂര്‍ കുഞ്ഞു കുഞ്ഞു എക്സൈര്‍സൈസ് ചെയ്യും. കുറേ ഇരുന്നു ചിന്തിക്കും!
രാത്രികളില്‍ ഉറങ്ങാന്‍ ആകില്ല. എന്തൊക്കെയോ പേടി സ്വപ്നങ്ങള്‍ കണ്ട് ഉണരും. പത്തു പതിനാല് ദിവസം കൊണ്ട് നമ്മള്‍ മാനസികമായി പതം വന്നു കഴിഞ്ഞിട്ടുണ്ടാകും. എങ്കിലും ഷോ ഡയറക്ടര്‍മാര്‍ ഇടയ്ക്കിടെ വന്ന് നമുക്ക് ഊര്‍ജം പകര്‍ന്നു കൊണ്ടിരിക്കും. നമ്മളറിയാതെ അവര്‍ നമ്മളെ മത്സരത്തിന് പ്രാപ്തര്‍ ആക്കും. ആവശ്യമെങ്കില്‍ നമുക്ക് ഡോക്ടറുടെ സേവനവും, സൈക്കോളജി സപ്പോര്‍ട്ടും ഒക്കെ പ്രൊവൈഡ് ചെയ്യും.
മൂന്ന് നിലകളില്‍ ആയി ഒരുപാട് മുറികള്‍ ഉള്ള ആ വലിയ റിസോര്‍ട്ടിന്റെ നമ്മുടെ തൊട്ടപ്പുറത്തുള്ള വ്യക്തിയെ അവര്‍ക്കറിയാം. നമുക്ക് അറിയില്ല എന്ന അവസ്ഥ! അവിടെയെത്തി രണ്ടാം ദിവസം അപ്പുറത്ത് എവിടെയോ ഒരു മുറിയുടെ ജനലില്‍ നിന്ന് ഖന ഗംഭീരമായ ഒരു ശബ്ദം.
അളിയാ.. ഇച്ചിരി കപ്പയും, ഉണക്കച്ചെമ്മീന്‍ ചമ്മന്തിയും ഉണ്ട്. നിനക്ക് വേണോ?
നല്ല പരിചയമുള്ള ശബ്ദം. ഈ ചെന്നൈ പട്ടണത്തില്‍ ഈ റിമോട്ട് ഏരിയയിലെ റിസോര്‍ട്ടില്‍ തനി തിരുവനന്തപുരം സ്ലാങ്ല്‍ ഉണക്ക ചെമ്മീന്‍ എനിക്ക് വേണോ എന്ന് ചോദിക്കണം എങ്കില്‍, അത്... ഈ കഥ തുടരുമെന്നും പറഞ്ഞാണ് ഫിറോസ് കുറിപ്പ് അവസാനിക്കുന്നു. നടന്‍ നോബിയെ കുറിച്ചാണ് ഫിറോസ് സൂചിപ്പിച്ചതെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











