ബിഗ് ബോസില്‍ കയറുന്നതിന് മുന്‍പേ ആളുകളെ പറ്റി മനസിലാക്കി! എതിരാളിയെ നേരത്തെ തീരുമാനിച്ചുവെന്ന് കിടിലന്‍ ഫിറോസ്
ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു കിടിലം ഫിറോസ്. നൂറ് ദിവസം വീടിനകത്ത് നിന്നതിന് ശേഷമാണ് ഫിറോസ് പുറത്താവുന്നത്. അതേ സമയം തന്റെ ബിഗ് ബോസ് ജീവിതത്തെ പറ്റി താരം പങ്കുവെച്ച കുറിപ്പുകള്‍ വൈറലാവുകയാണ്. ബിഗ് ബോസിലേക്ക് പോയത് മുതല്‍ അവിടെ മത്സരിക്കാനെത്തുന്ന മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നു.
മാത്രമല്ല തന്നെ പറ്റി സുഹൃത്തിനോട് വിളിച്ച് അന്വേഷിച്ച് എല്ലാ കാര്യങ്ങളും വെച്ച് മത്സരിക്കാന്‍ വന്നയാള്‍ ഡെയിഞ്ചര്‍ ഫിറോസ് ആണെന്നാണ് നടന്‍ പറയുന്നത്. ഇതൊക്കെ ഓര്‍മകളുടെ തുറന്നെഴുത്ത് ആണെന്നും ഇതില്‍ ആര്‍ക്കും നോവേണ്ടതില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഞാന്‍ കടന്നുപോയ ബിഗ് ബോസ് ദിന ഓര്‍മകളിലൂടെ ഉള്ള സഞ്ചാരം. മുന്‍ഭാഗങ്ങള്‍ പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് സോഷ്യല്‍ മീഡിയയിലൂടെ കിടിലം ഫിറോസ് സംസാരിക്കുന്നത്.

' ബിഗ് ബോസിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് വിളിച്ചിരുന്നു. വിളിച്ചയാള്‍ എന്നെ പറ്റി രണ്ട് മണിക്കൂറോളം സുഹൃത്തിനോട് ചോദിച്ചിരുന്നു പോലും. എന്നാലും ആരാകും എന്നെക്കുറിച്ച് എന്റെ സുഹൃത്തിനോട് അന്വേഷിച്ചത്? അതും നിര്‍ത്താതെ രണ്ടു മണിക്കൂര്‍, ഷോ തുടങ്ങും മുന്‍പ് അങ്ങനെ അന്വേഷിക്കുന്നത് പഠിക്കാന്‍ ആയിരിക്കുമല്ലോ. കേട്ട പേര് പൊളി ഫിറോസിന്റേത് ആണ്.
സത്യത്തില്‍ എനിക്ക് സന്തോഷവും സമാധാനവുമാണ് തോന്നിയത്. പണ്ട് ഏഷ്യാനെറ്റ് ദിനങ്ങളില്‍ പലപ്പോഴും കണ്ടിട്ടുള്ള ആളാണ്. തമ്മില്‍ ശത്രുത തീരെ ഉണ്ടായിട്ടുമില്ല. കമ്പനി ആകാനെ വഴികള്‍ ഉള്ളു. (എന്റെ ധാരണ മുഴുവന്‍ അടപടലം തെറ്റിയത് അവന്റെ ബിഗ് ബോസ് എന്‍ട്രി ദിവസം മാത്രമാണ്. അതുവരെ ഞാന്‍ അവനെനിക്ക് ഒരു കൂട്ടാകും എന്നാണ് ഓര്‍ത്തതും. ഒന്നുകില്‍ എന്റെ ശുദ്ധഗതി, അല്ലെങ്കില്‍ ഞാന്‍ ഒരു മത്സരത്തിനാണ് പോകുന്നത് എന്നത് മറന്നു)
അപ്പൊ മൂന്നാളെ പിടികിട്ടി. വന്നിറങ്ങിയുടന്‍ റിതു എന്ന പേര്, പിന്നേ നോബി. ഇപ്പൊ ഫിറോസും. ഇനിയാരൊക്കെ ഉണ്ടാകും? ആ ചിന്തയില്‍ ഇരിക്കുമ്പോഴാണ് താഴെ അപ്ലേഡ് ചെയ്തിരിക്കുന്ന ഫോട്ടോ എന്റെ വാട്‌സാപ്പിലേക്ക് എത്തുന്നത്. നേരത്തെ പിആര്‍ ചെയ്യണോ ഇക്കാ എന്ന് ചോദിച്ചു വിളിച്ച പയ്യന്റെ നമ്പര്‍ ആണ്. അടുത്ത ഘട്ടം വില പേശല്‍ ആണ് സംഭവം. ഇതയച്ചിട്ട് ഒരു കുറിപ്പ് കൂടി.
ഇക്കാ, ഇതെല്ലാം കിടു കണ്ടെസ്റ്റന്റ്‌സ് ആണ്. നിങ്ങള്‍ അവര്‍ക്കിടയില്‍ പെട്ട് ഞെരുങ്ങും. നമുക്കൊരു 2 ലക്ഷത്തിനു ചെയ്യാം. നിങ്ങളെ രാജാവാക്കി കയ്യില്‍ തരും. വായിച്ചു ഞാന്‍ ചിരിച്ചു പോയി. രണ്ടാഴ്ച എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കിയിട്ട് പോണം എന്ന് കരുതി പെട്ടിയും തൂക്കി വന്ന ഞാന്‍ രായാവോ.
ഈ ബിഗ് ബോസിലെ രായാവ് എന്നത് ഒന്നുകില്‍ മെയില്‍ ഷോവനിസം വാരി വിതറല്‍ അല്ലെങ്കില്‍ ടോക്‌സിസിറ്റി സുനാമി ആക്കല്‍ ആണെന്നാണല്ലോ പ്രമാണം. എനിക്ക് ദേഷ്യം വളരെ കുറവാണ്. വന്നാല്‍ പിടിച്ചാല്‍ കിട്ടാന്‍ പാടാണ് താനും. എന്നെ രായാവ് ഒക്കെ ആക്കാന്‍ നിന്നാല്‍ ഈ സീസണിന്റെ അവസ്ഥ എന്താകും എന്ന് ഞാന്‍ തന്നെ ആലോചിച്ചു.

പക്ഷേ പിന്നെയും പിന്നെയും ഈ പോസ്റ്റര്‍ നോക്കും തോറും മിക്കവാറും പേര്‍ പരിചയക്കാരാണ്. ഭാഗ്യേച്ചി ഒക്കെ വര്‍ഷങ്ങളായി സ്വന്തം കൂടെപ്പിറപ്പ് പോലെ ആണ്. വന്ന് ഒരാഴ്ചയ്ക്കകം ഇത്രയും വിവരം കിട്ടിയ സ്ഥിതിക്ക് ഇനി സ്ട്രാറ്റജി ഉണ്ടാക്കണം. എന്തുണ്ടാക്കും? മനസ്സില്‍ ഉടക്കിയത് ഡിംപല്‍ ഭാല്‍ എന്ന പേരാണ്. സൈക്കോളജിസ്റ്റ് ആണ് കക്ഷി. മനുഷ്യരുടെ മനസ് പഠിക്കാന്‍ കഴിവുള്ള ഒരാള്‍. പേടിക്കണം. മികച്ച മത്സരം പുറത്തെടുക്കാന്‍ സാധ്യത ഉണ്ട്.
പിന്നേ അന്നേ ദിവസം മുഴുവന്‍ സാധ്യമായ വഴികളിലൂടെ ഒക്കെ ഡിമ്പുവിനെ കുറിച്ച് അന്വേഷിച്ചു. ആകുവോളം ചരിത്രവും വര്‍ത്തമാനവും ശേഖരിച്ചു. ഇന്‍സ്്റ്റാഗ്രാം തപ്പി, അതേ ഹോട്ടലില്‍ മറ്റൊരു മുറിയില്‍ ഇരുന്ന് റീല്‍ ചെയ്ത് സമയം കളയുന്ന ഡിമ്പലിനെ കണ്ടു. മനസ് ശക്തമായി പറഞ്ഞു, ഇത് അടുത്ത സൗഹൃദം ആയി മാറും.
ഇക്കണ്ട മനുഷ്യരോടൊക്കെ എങ്ങനെ മത്സരിക്കാനാണ്? സാബുച്ചേട്ടന്‍ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരന്‍ ആണ്. സീസണ്‍ 1 വിജയി. അദ്ദേഹവും ഭാര്യയും കുടുംബ സുഹൃത്തുക്കള്‍ പോലെയാണ് ഞങ്ങള്‍ക്ക്. ചേട്ടനെ വിളിച്ചു. -സാബുച്ചേട്ടാ, കിടു ഫൈറ്റേഴ്‌സാണ് ഇത്തവണ. ഞാന്‍ എന്ത് ചെയ്യണം?
-നീ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. ആള്‍ക്കാരെ ഒക്കെ മനസിലാക്കിയ സ്ഥിതിക്ക് ആ കൂട്ടത്തില്‍ എങ്ങനെ ആരോട് എപ്പോ മത്സരിക്കണം എന്ന് ഒരു രണ്ടാഴ്ച ഒബ്‌സെര്‍വ് ചെയ്യണം. എന്നിട്ട് കളി തുടങ്ങണം. ഓള്‍ ദി ബെസ്റ്റ്. ഞാനും അങ്ങനെ തന്നെ തീരുമാനിച്ചു. രണ്ടാഴ്ച നില്‍ക്കാം. അപ്പോളേക്കും ആളുകളെ മനസിലാകും.
മണി ഉണ്ട് എന്നത് എനിക്കൊരു സന്തോഷം ആയിരുന്നു. വര്‍ഷങ്ങള്‍ ആയുള്ള സൗഹൃദം ആണ് മണിക്കുട്ടനുമായി. ഒരു പാവം മനുഷ്യന്‍. അവനോട് മത്സരിച്ചാലും ഗെയിം ഗെയിം ആയി മനസിലാക്കും എന്നെനിക്ക് ഉറപ്പായിരുന്നു. ഈ ഓഡിഷന്‍ ഒക്കെ നടക്കുന്നതിനു മുന്‍പ് ഞങ്ങള്‍ ഒരുമിച്ചൊരു പടം പൂജ കഴിഞ്ഞതാണ്.

സൂരജ് സുകുമാരന്‍ സംവിധാനം ചെയ്യാനിരുന്ന ഒരു സിനിമ. ആ ബന്ധവും ഉണ്ട്. മനസ്സ് ഒരു വഴി പറഞ്ഞു. ഇതുവരെ അറിയാന്‍ കഴിഞ്ഞ മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഏറ്റവും പോപ്പുലര്‍ മണിയാണ്. അപ്പൊ അവനോട് മുട്ടിയാല്‍ അവന്റെ പോപ്പുലാരിറ്റിക്ക് അനുസരിച്ചു എന്റെ മൈലേജ് മാറും. ഒരുതരം നായകന്‍ -വില്ലന്‍ കളി. എന്നെപ്പോലെ ഒരു സാധാരണ റേഡിയോക്കാരന് മണിയെ പോലെ ഒരു സെലിബ്രിറ്റിയോട് മുട്ടുമ്പോള്‍ സ്വാഭാവികമായും ശ്രദ്ധ കിട്ടും.
ഷോ കഴിഞ്ഞു അതവനോട് പറഞ്ഞാല്‍ മനസിലാക്കുന്ന ആളും ആണ്. അത് ആദ്യമേ ഞാനുറപ്പിച്ചു. ദിവസം ഇങ്ങടുത്തു. അപ്പോളേക്കും ആരൊക്കെയാണ് കൂടെ മത്സരിക്കുന്നത് എന്ന് ഏതാണ്ട് എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എത്ര ശക്തമായ പൂട്ടിട്ട് പൂട്ടിയാലും, ബിഗ് ബോസ് പോലൊരു പ്ലാറ്റ്‌ഫോമില്‍ വരുന്ന മനുഷ്യരല്ലേ? കട്ട ക്യൂരിയസ് ആകും. കണ്ടെത്തുകയും പഠിക്കുകയും ചെയ്യും.
ഫെബ്രുവരി 12. പിറ്റേന്നാണ് കയറേണ്ടത്. വെളുപ്പിന് കുളിച്ചു റെഡി ആകണം. അവസാന വട്ട തയാറെടുപ്പുകള്‍ നടത്തണം. ഫോണ്‍ മുതലായ എല്ലാം സംഘാടകരെ ഏല്‍പ്പിക്കണം. പൊരിഞ്ഞ ടെന്‍ഷന്‍ ആണ്. നാളെ മുതല്‍ ജീവിതം മാറും എന്നൊരു ഉള്‍വിളി ഉണ്ട്.
എന്താകും ഏതാകും എന്നൊരു പിടിയും ഇല്ല. നാട്ടില്‍ ആണെങ്കില്‍ വാവകള്‍ക്ക് പനി എന്നും, ഉമ്മാക്ക് അല്‍പം ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നും അറിഞ്ഞത് മുതല്‍ വല്ലാത്ത ആധിയോടെയാണ് ബിഗ് ബോസിനകത്തേക്ക് പോയതെന്നും ഫിറോസ് പറയുന്നു.


Click it and Unblock the Notifications











