ഒരു ലക്ഷം രൂപ തരുമെന്ന് പറഞ്ഞ അഖിൽ മാരാർ; ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പണം തന്നോ?; നാദിറ പറയുന്നു
ബിഗ് ബോസ് മലയാളം ഏഴാം സീസൺ അന്തിമഘട്ടത്തിലേക്ക് അടുക്കവെ പ്രേക്ഷകരിൽ പലർക്കും പല അഭിപ്രായങ്ങളാണ്. ഈ സീസണിൽ മത്സരാർത്ഥികളെ തെരഞ്ഞെടുത്തതിൽ പിഴവ് പറ്റി എന്ന അഭിപ്രായം വരുന്നുണ്ട്. ആറാം സീസണുമായുള്ള താരതമ്യങ്ങളുമുണ്ട്. അതേസമയം ഈ സീസൺ ഇഷ്ടപ്പെട്ടവർ ഏറെയാണ്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണാണ് പ്രേക്ഷകർക്ക് വലിയ നിരാശ സമ്മാനിച്ച സീസണുകളിലൊന്ന്.
ആവേശഭരിതമായ സന്ദർഭങ്ങൾ അഞ്ചാം സീസണിൽ കുറവായിരുന്നു. അഖിൽ മാരാർ തന്നെയായിരിക്കും വിജയി എന്ന് ഏറെക്കുറേ എല്ലാവരും ഉറപ്പിച്ച സീസൺ. അതിനാൽ വലിയ ആകാംക്ഷ പലർക്കുമില്ലായിരുന്നു. എന്നാൽ പോലും ഒരു ഫീൽ ഗുഡ് സീസണായിരുന്നു അത്. നാദിറ മെഹ്റിനാണ് അഞ്ചാം സീസണിൽ മത്സരാർത്ഥിയായെത്തിയത് ഏറെ ഗുണം ചെയ്തത്. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നും വന്ന നാദിറയ്ക്ക് മുഖ്യധാരസമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നത് ഈ ഷോയിലൂടെയാണ്.

മണി ബാഗുമായാണ് നാദിറ ഷോയിൽ നിന്നിറങ്ങിയത്. താൻ ബിഗ് ബോസ് വിജയി ആയാൽ സാമ്പത്തിക പ്രയാസം നേരിടുന്ന നാദിറയ്ക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് അഖിൽ മാരാർ അന്ന് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നാദിറ മെഹ്റിൻ. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
അത് ആ സീസണിലെ പ്രധാനപ്പെട്ട വിഷയം തന്നെയായിരുന്നു. അഖിൽ മാരാർ ചേട്ടൻ വിന്നർ ആയാൽ 1 ലക്ഷം രൂപ എനിക്ക് തരാമെന്ന് പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചു. ഒരു ലക്ഷം രൂപ എനിക്ക് തന്നിരുന്നു. ആ സമയത്ത് തന്നെ തന്നു. പണം തന്നതിന് കാരണം എന്റെ ബുദ്ധിമുട്ട് ബിഗ് ഹൗസിൽ ഞാൻ പറഞ്ഞതാണ്. മണി ബോക്സ് എടുക്കാൻ തയ്യാറായി നിൽക്കുന്ന സമയത്തായിരുന്നു അദ്ദേഹം അക്കാര്യം പറഞ്ഞിരുന്നു. ഞാനത് വേണ്ടെന്നും പറഞ്ഞില്ല.

ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ആ സമയത്തുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ആരോഗ്യകരമായ എതിർപ്പുകൾ ഉണ്ടായാലും അത്യന്തികമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഞങ്ങൾ. ഷോയുടെ അവസാന നാളുകളിൽ ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ വളരെ നല്ലതായിരുന്നു. ഓർത്ത് വെക്കുന്ന കുറേ നിമിഷങ്ങളുണ്ട്. ആ നിമിഷങ്ങളിലാണ് അഖിൽ പറയുന്നത്. വളരെ പരസ്യമായൊന്നുമല്ല പറഞ്ഞത്. അത് പുറത്ത് ടെലികാസ്റ്റ് ആയി. അഖിൽ പണം തന്നിരുന്നോ എന്ന് എന്നോട് പലരും ചോദിച്ചു. ഞാൻ പേഴ്സണലി അവരോട് തന്നിരുന്നെന്ന് പറഞ്ഞു. അഭിമുഖത്തിൽ ആദ്യമായാണ് ഇക്കാര്യം പറയുന്നതെന്നും നാദിറ മെഹ്റിൻ വ്യക്തമാക്കി.


Click it and Unblock the Notifications