മീറ്റ് മൈ എക്സ് ബോയ്ഫ്രണ്ട്; കയ്യിൽ വജ്ര മോതിരവുമായി നിമിഷ, വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ബിഗ് ബോസ് താരം!
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ പുതിയ സീസണിലെ മത്സരാർത്ഥികളേയും ഗെയിമുകളും എല്ലാം കാണാനും അറിയാനുമെല്ലാമായി ത്രില്ലോടെ കാത്തിരിക്കുകയാണ് ബിബി പ്രേക്ഷകർ. ഈ വർഷം അൽപ്പം വൈകിയാണ് ബിഗ് ബോസ് സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ കോമണറായി മത്സരിക്കാനുള്ള എൻട്രികൾ ക്ഷണിച്ച് തുടങ്ങി. തെരഞ്ഞെടുക്കപ്പെടുന്ന ഒന്നോ, രണ്ടോ കോമണർ മത്സരാർത്ഥികൾ ഈ സീസണിലും ഉണ്ടാകും.
ബിഗ് ബോസ് സീസൺ ഏഴുമായി ബന്ധപ്പെട്ട വിശേഷങ്ങൾക്കൊപ്പം തന്നെ സീസൺ ഫോറിൽ മത്സരിച്ച് പ്രശസ്തയായ ഒരു മത്സരാർത്ഥിയുടെ പുതിയ വിശേഷങ്ങളും വൈറലാകുന്നുണ്ട്. സീസൺ ഫോറിലെ കരുത്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്ന നിമിഷയുടെ പുതിയ വിശേഷങ്ങളാണത്.

താൻ വിവാഹിതയാകാൻ പോവുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഒപ്പം എൻഗേജ്മെന്റ് കഴിഞ്ഞതിന്റെ ചിത്രങ്ങളും ഭാവി വരന്റെ ചിത്രങ്ങളുമെല്ലാം നിമിഷ പങ്കിട്ടു. ലേഡീസ് ആന്റ് ജെന്റിമാൻ മീറ്റ് മൈ എക്സ് ബോയ്ഫ്രണ്ട് എന്നാണ് ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ബോയ്ഫ്രണ്ടിൽ നിന്നും ഫിയാൻസിലേക്ക് ഭാവിവരന് സ്ഥാനം കയറ്റം കൊടുത്തുകൊണ്ടാണ് എക്സ് ബോയ്ഫ്രണ്ടെന്ന് നിമിഷ കുറിച്ചത്.
ഇക്കഴിഞ്ഞ ജൂൺ ആറിനായിരുന്നു വിവാഹനിശ്ചയം നടന്നത്. എന്നാൽ വരന്റെ പേര് സാഗർ അൽഫോൺസ് എന്നാണ്. മറ്റ് വിവരങ്ങളൊന്നും നിമിഷ പങ്കിട്ടിട്ടില്ല. പങ്കാളി സമ്മാനിച്ച ഡയമണ്ട് റിങ്ങിന്റെ ചിത്രവും നിമിഷ പങ്കുവെച്ചു. എൻഗേജ്ഡ്, ഫിയാൻസി, സ്പെയർ ഹ്യൂമൻ തുടങ്ങിയ ഹാഷ് ടാഗുകളും ഫോട്ടോയ്ക്ക് നിമിഷ നൽകിയിട്ടുണ്ട്.
ജോർജിയയിൽ വെച്ചാണ് എൻഗേജ്മെന്റ് നടന്നതെന്നാണ് നിമിഷയുടെ പോസ്റ്റിൽ നിന്നും മനസിലാകുന്നത്. നിമിഷയ്ക്കൊപ്പം ബിഗ് ബോസിൽ സഹമത്സരാർത്ഥികൾ ആയിരുന്നവരെല്ലാം ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. അവനെ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിടത്ത് നിന്ന് നിങ്ങളുടെ ഫസ്റ്റ് ഡേറ്റും കയ്യിൽ അവൻ അണിയിച്ച മോതിരവുമായി ഇപ്പോൾ നീ അവന് അരികിൽ നിൽക്കുന്നത് വരെ എന്തൊക്കെ ട്വിസ്റ്റുകളാണ് സംഭവിച്ചത്.
നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. എൻഗേജ്മെന്റിന് എല്ലാവിധ ആശംസകളും എന്നാണ് നിമിഷയുടെ ഉറ്റ ചങ്ങാതിയും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ജാസ്മിൻ എം മൂസ കുറിച്ചത്. അങ്ങനെ അവസാനം നിന്റെ വരനെ കാണാൻ ഞങ്ങൾക്ക് അവസരം കിട്ടിയല്ലോ എന്നാണ് മുൻ ബിഗ് ബോസ് താരം അപർണ ആശംസകൾ നേർന്ന് കുറിച്ചത്.

സുചിത്ര, റിയാസ് സലീം, സൂരജ് തേലക്കാട് തുടങ്ങി നിരവധി ബിഗ് ബോസ് താരങ്ങളും നിമിഷയ്ക്കും വരനും ആശംസകൾ നേർന്ന് എത്തി. കഴിഞ്ഞ രണ്ട് വർഷത്തിൽ ഏറെയായി ദുബായിൽ ജോലിയുമായി സെറ്റിൽഡാണ് നിമിഷ. മലയാളിയായ നിമിഷ മിസ് കേരള 2021 ഫൈനലിസ്റ്റായിരുന്നു. നിയമ വിദ്യാര്‍ഥിയായിരിക്കെയാണ് ബിഗ് ബോസിലേക്ക് എത്തിയത്.
ഒപ്പം ആര്‍ട്ടിസ്റ്റും മോഡലുമാണ് താരം. ജനിച്ചപ്പോൾ മുതൽ നേരിടുന്ന മാനസീകവും ശാരീരികവുമായ പീഡനങ്ങളെ കുറിച്ച് ബിഗ് ബോസിൽ മത്സരാർത്ഥിയായിരിക്കെ നിമിഷ തുറന്ന് പറഞ്ഞിരുന്നു. ശരീര ഭാരത്തിന്റെ പേരിൽ വലിയ രീതിയിൽ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുണ്ട് താരം. മോഡലിങ്ങിലേക്ക് ഇറങ്ങിയശേഷം കുടുംബത്തിന്റെ പിന്തുണ പോലും നിമിഷയ്ക്ക് ലഭിച്ചിരുന്നില്ല. അച്ഛൻ ആൺകുട്ടി ജനിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാൽ പെൺകുട്ടി പിറന്നതിനാൽ ചെറുപ്പം മുതൽ അച്ഛന് തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നുവെന്നും താരം തുറന്ന് പറഞ്ഞിരുന്നു.
അന്ന് മുതൽ ജീവിതത്തിൽ ജയിച്ച് കാണിക്കണമെന്ന ആഗ്രഹവും വാശിയുമായിരുന്നു താരത്തിന്. ബിഗ് ബോസിൽ നിന്നും തിരിച്ച് വന്നശേഷം കുടുംബത്തേയും നിമിഷയ്ക്ക് തിരിച്ച് കിട്ടിയിരുന്നു. താൻ പ്രണയത്തിലാണെന്ന് മുമ്പൊരിക്കൽ നിമിഷ പറഞ്ഞിരുന്നു. അന്ന് മുതൽ താരത്തിന്റെ വരനെ കാണാൻ ആരാധകരും കാത്തിരിക്കുകയായിരുന്നു.


Click it and Unblock the Notifications