മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് രജിത്ത് കുമാര്‍! ഒരു മാസത്തെ ശമ്പളം നല്‍കി ഡിആര്‍കെ
ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായ ആളാണ് ഡോ രജിത്ത് കുമാര്‍. ഷോയിലുണ്ടായിരുന്ന സമയത്ത് വലിയ പ്രേക്ഷക പിന്തുണയാണ് അധ്യാപകനും പ്രഭാഷകനുമായ രജിത്തിന് ലഭിച്ചത്. അദ്ദേഹത്തിന് പുറത്തുനിന്നുമുളള പിന്തുണ മറ്റു മല്‍സരാര്‍ത്ഥികളെയും അസ്വസ്ഥരാക്കിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിന്റെ വിജയി ആയി പലരും പ്രവചിച്ചത് രജിത്ത് കുമാറിന്റെ പേരായിരുന്നു.
കൃത്യമായ ഗെയിം പ്ലാനോടു കൂടിയാണ് ഡോക്ടര്‍ ഷോയില്‍ മുന്നേറിയത്. എന്നാല്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവം അദ്ദേഹത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം നാട്ടിലെത്തിയ രജിത്തിന് ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയിരുന്നത്.

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് രജിത്ത് കുമാര്‍ ശ്രദ്ധേയനായിരുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ നിരന്തരം അദ്ദേഹം വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് ഡിആര്‍കെ ഫാന്‍സ് ഒന്നടങ്കം ഏറ്റെടുക്കാറുമുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ബിഗ് ബോസ് എപ്പിസോഡുകള്‍ കണ്ട് മറ്റു മല്‍സരാര്‍ത്ഥികളെക്കുറിച്ചുളള അഭിപ്രായവും രജിത്ത് കുമാര്‍ പങ്കുവെച്ചിരുന്നു.

ലോക് ഡൗണ്‍ കാലത്ത് കൊറോണയെക്കുറിച്ചുളള ബോധവല്‍ക്കരണവും ഡോക്ടര്‍ നടത്തിയിരുന്നു. അധ്യാപനത്തിനൊപ്പം സാമൂഹിക സേവനവും തനിക്ക് ഇഷ്ടമാണെന്ന് അടുത്തിടെ രജിത്ത് വെളിപ്പെടുത്തിയിരുന്നു. ജനങ്ങളെ സഹായിക്കുന്നത് തുടരുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താന്‍ പലപ്പോഴും പങ്കാളിയാകാറുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് രജിത്ത് കുമാര്‍ അറിയിച്ചിരിക്കുകയാണ്. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇതേ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ഡിആര്‍കെ. ത്യാഗം- കൊറോണ ബാധിച്ച സമൂഹത്തെ സഹായിക്കാന്‍ സാലറി ചലഞ്ച് എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് അദ്ദേഹം താന്‍ ചലഞ്ച് ഏറ്റെടുത്തതായി യൂടൂബ് വീഡിയോയിലൂടെ പറയുന്നത്. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. രജിത്ത് കുമാറിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് പ്രഭാഷണങ്ങളിലൂടെയാണ് രജിത്ത് കുമാര്‍ ശ്രദ്ധേയനായത്. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ മുന്‍പ് വിവാദമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ എത്തിയ ശേഷം വിമര്‍ശിച്ചവരടക്കം രജിത്ത് കുമാറിന്റെ ആരാധകരായി മാറിയിരുന്നു. ഡോക്ടറുടെ പേരില്‍ നിരവധി ആര്‍മി ഗ്രൂപ്പുകളും ഫാന്‍സ് ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം ആരാധകര്‍ക്കുളള നന്ദിയും ഡോക്ടര്‍ അറിയിച്ചിരുന്നു.


Click it and Unblock the Notifications