ജോജു ചേട്ടൻ ചെയ്യേണ്ടതായിരുന്നു, എനിക്ക് അന്ന് ചോക്ലേറ്റ് ലുക്ക്, സംവിധായകൻ റിജക്ട് ചെയ്തു, നിർമാതാവ് ചെയ്തത്!
ഷാനവാസ് എന്നും മലയാളികൾക്ക് കുങ്കുമപ്പൂവിലെ രുദ്രനാണ്. താരത്തിന്റെ സീരിയൽ കരിയറിലെ നാഴികകല്ലായിരുന്നു രുദ്രൻ എന്ന കഥാപാത്രം. പക്ഷെ ഓഡീഷന് പോയപ്പോൾ ആദ്യം റിജക്ഷനാണ് നടന് ലഭിച്ചത്. കുങ്കുമപ്പൂവ് സീരിയലിന്റെ ഭാഗമായ കഥ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പുതിയ അഭിമുഖത്തിൽ താരം പങ്കുവെച്ചു. താടിയും മീശയും വളർന്നിട്ടില്ലാത്ത പ്രായത്തിലാണ് ഗുണ്ട രുദ്രനായി ഷാനവാസ് ആരാധകരെ സമ്പാദിച്ചത്. എനിക്ക് കിട്ടുന്ന സ്വീകാര്യതയെ കുറിച്ച് ഞാൻ അവയർ അല്ല.
ജന മനസിൽ സ്വീകാര്യത കിട്ടുക എന്നത് ആരാണ് ആഗ്രഹിക്കാത്തത്. സന്തോഷത്തോടെ അത് നോക്കി കാണുന്നു. ബിഗ് ബോസ് വൻ റീച്ചുള്ള ഷോയാണ്. അതിനൊപ്പം ഞങ്ങൾക്കും റീച്ച് കിട്ടി. പണ്ട് ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ആദ്യം വലിയൊരു അവസരം കിട്ടിയത്. അതിലൂടെ ഒരുപാട് സ്നേഹവും സ്വീകാര്യതയും കിട്ടി.

കുറച്ച് വർഷങ്ങൾക്കുശേഷം വീണ്ടും ഏഷ്യാനെറ്റിലൂടെ അതിലും വലിയൊരു റീച്ച് കിട്ടി. അന്ന് കുങ്കുമപ്പൂവ് എല്ലാ വിഭാഗം ആളുകളും കണ്ടിരുന്ന സീരിയലായിരുന്നു. രുദ്രൻ ഒരു പവർഫുൾ ക്യാരക്ടറായതുകൊണ്ട് എല്ലാവരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റേറ്റിങ് ഉള്ള സീരിയലായിരുന്നു കുങ്കുമപ്പൂവ്. രുദ്രന്റെ ലുക്ക് എന്റെ ഐഡിയ ആയിരുന്നില്ല. മീശയോ താടിയോ ഒന്നും അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. ഓഡീഷന് ഞാൻ പോയത് ഒരു ചോക്ലേറ്റ് ലുക്കിലായിരുന്നു.
ഗുണ്ട നേതാവാണ് രുദ്രൻ എന്ന കഥാപാത്രം. ഞാൻ ഒരിക്കൽ സിനിമാ നടൻ ജോജു ജോർജിനെ സുരാജ് വെഞ്ഞാറമൂട് ചേട്ടന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നു. എന്നെ കണ്ടപ്പോൾ ജോജു ചേട്ടൻ പറഞ്ഞു... നീ ചെയ്ത രുദ്രൻ എന്ന കഥാപാത്രം ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഞാൻ കമ്മിറ്റ് ചെയ്ത സീരിയലായിരുന്നു അത്.
പക്ഷെ എനിക്ക് അതിനിടയിൽ ഒരു സിനിമ അവസരം വന്നപ്പോൾ ഇത് വേറെ ആരെയെങ്കിലും വെച്ച് ചെയ്യിപ്പിക്കൂവെന്ന് പറഞ്ഞ് ഞാൻ സിനിമയിലേക്ക് പോവുകയായിരുന്നുവെന്ന് ജോജു ചേട്ടൻ പറഞ്ഞു. അതുകൊണ്ട് ചേട്ടൻ സിനിമയിലൂടെ രക്ഷപ്പെട്ടു... ഞാൻ ഒരു പാവം സീരിയലിലൂടെ രക്ഷപ്പെട്ടുവെന്ന് ഞാനും അദ്ദേഹത്തോട് പറഞ്ഞു. ജോജു ചേട്ടനെ പോലൊരു ആള് ചെയ്യേണ്ട കഥാപാത്രമായിരുന്നു രുദ്രൻ.
എന്റെ ചോക്ലേറ്റ് ലുക്കുമായി ഓഡീഷന് ചെന്നപ്പോൾ വിജയകുമാർ സാറിന്റെ അനിയൻ ജയകുമാർ സാറായിരുന്നു നിർമ്മാണം. ഞാൻ ഓഡീഷനിടയിൽ തന്ന സീനൊക്കെ അഭിനയിച്ച് കാണിച്ച് കൊടുത്തു. സംവിധായകനും നിർമാതാവിനും എല്ലാം ഇഷ്ടപ്പെട്ടു.

പക്ഷെ അവസാനം സംവിധായകൻ എന്നെ റിജക്ട് ചെയ്തു. ഈ ലുക്കല്ല ക്യാരക്ടറിന് വേണ്ടത് എന്നാണ് പറഞ്ഞത്. പക്ഷെ നിർമാതാവിന് എന്നെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. കുറുപ്പ് മാരാരിക്കുളം ആയിരുന്നു സംവിധായകൻ. അങ്ങനെ സംവിധായകനോട് അൽപ്പം സമയം ചോദിച്ച് നിർമാതാവ് എന്നേയും വിളിച്ച് മേക്കപ്പ് മാന്റെ അടുത്തേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് ജെല്ലിട്ട് മുടിയൊക്കെ മുകളിലേക്ക് ചീകിയൊതുക്കി റാംജി റാവു സ്പീക്കിങിലെ വിജയരാഘവന്റെ ലുക്കാക്കി മാറ്റി. ശേഷം മോണിറ്ററിന് മുന്നിൽ കൊണ്ടുവന്ന് നിർത്തി വീണ്ടും ഓഡീഷൻ എടുത്തു. അതോടെ സംവിധായകനും എന്നെ ആ റോളിലേക്ക് എടുക്കാൻ താൽപര്യമായി. അങ്ങനെയാണ് രുദ്രന്റെ ലുക്ക് പിറക്കുന്നതെന്ന് ഷാനവാസ് പറഞ്ഞു.
ഇരുപത് വർഷത്തോളമായി അഭിനയരംഗത്ത് സജീവമാണ് ഷാനവാസ്. സീത അടക്കം നിരവധി ഹിറ്റ് സീരിയലുകളിൽ നടൻ ലീഡ് റോൾ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് ടോപ്പ് ഫൈവിലും നടൻ ഇടം പിടിച്ചിരുന്നു. സെക്കന്റ് റണ്ണറപ്പായിരുന്നു താരം.


Click it and Unblock the Notifications











