റീൽസ് താരത്തിനൊപ്പം തൊട്ടുരുമ്മി റൊമാന്റിക്ക് വീഡിയോ, ഇതിനൊക്കെ ഭാര്യയുടെ സമ്മതമുണ്ടോ?; മറുപടിയുമായി സിജോ
യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ സിജോ ജോൺ കുടുംബപ്രേക്ഷകർക്ക് സുപരിചിതനാകുന്നത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായശേഷമാണ്. ആ സീസണിൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതുമായ മത്സരാർത്ഥിയുമാണ് സിജോ. കാരണം ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ സഹമത്സരാർത്ഥിയിൽ നിന്ന് സിജോയെപ്പോലെ ക്രൂരമായ ശാരീരിക മർദ്ദനം ഏറ്റ് വാങ്ങിയ മറ്റൊരു മത്സരാർത്ഥിയുണ്ടാകില്ല.
സീസൺ ആറ് രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോഴാണ് വാക്ക് തർക്കത്തിനിടെ അസി റോക്കി എന്ന മത്സരാർത്ഥി സിജോയുടെ മുഖത്ത് ഇടിച്ചത്. മർദ്ദനത്തിൽ താടിയെല്ലിന് സാരമായി പരിക്കേറ്റ സിജോ സർജറിക്ക് വിധേയനായിരുന്നു. മാത്രമല്ല ആ സംഭവത്തിനുശേഷം ഷോയിൽ നന്നായി മത്സരിക്കാനും സിജോയ്ക്ക് സാധിച്ചിരുന്നില്ല.

പക്ഷെ സീസൺ ആറിൽ ജനപ്രീതി നേടിയ മത്സരാർഥികളുടെ പട്ടികയിലാണ് സിജോയുടേയും സ്ഥാനം. അടുത്തിടെയായിരുന്നു സിജോയുടെ വിവാഹം. ലിനുവാണ് സിജോയുടെ ഭാര്യ. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ബിഗ് ബോസ് താരങ്ങൾ എല്ലാം ഒത്തുകൂടിയ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. യുട്യൂബർ കൂടിയായ സിജോ വിവാഹശേഷം ഭാര്യ ലിനുവിനെ കൂടി ഉൾപ്പെടുത്തി വ്ലോഗുകൾ പങ്കുവെക്കാറുണ്ട്.
ബിഗ് ബോസിനുശേഷമാണ് റീൽ വീഡിയോകളുമായി സിജോ കൂടുതൽ സജീവമായി തുടങ്ങിയത്. വിവാഹത്തിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ജാസ്മിൻ ജാഫറുമായി ചേർന്ന് സിജോ ചെയ്ത കപ്പിൾ റീൽ വീഡിയോ വൈറലായിരുന്നു. അജയന്റെ രണ്ടാം മോഷണം സിനിമയിലെ പാട്ട് രംഗത്തിലെ സീൻ റീക്രിയേറ്റ് ചെയ്യുകയാണ് ഇരുവരും ചെയ്തത്.
ഇപ്പോഴിതാ യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ആൻസി ആന്റണിക്കൊപ്പം സിജോ ചെയ്ത റൊമാന്റിക്ക് റീൽ വീഡിയോയും അതിന് സിജോയുടെ ഭാര്യ കൊടുത്ത പ്രതികരണവുമാണ് വൈറലാകുന്നത്. കാലാപാനിയിലെ ചെമ്പൂവേ എന്ന ഗാനത്തിനാണ് സിജോയും ആൻസിയും ചേർന്ന് റൊമാന്റിക്ക് റീൽ ചെയ്തത്. ആദ്യമായാണ് മറ്റൊരു പെൺകുട്ടിക്കൊപ്പം ഇന്റിമേറ്റ് റൊമാന്റിക്ക് റീൽ സിജോ ചെയ്യുന്നത്.
അതുകൊണ്ട് തന്നെ വീഡിയോ കണ്ടശേഷമുള്ള ഭാര്യ ലിനുവിന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് വീഡിയോയായി പങ്കുവെക്കണമെന്നാണ് ആരാധകർ ആവശ്യപ്പെട്ടത്. രസകരമായ വീഡിയോയാണ് സിജോ പങ്കുവെച്ചത്. റീലെന്നും പറഞ്ഞ് കണ്ട പെണ്ണുങ്ങളെ കെട്ടിപിടിച്ചും ഉമ്മ വെച്ചുമാണോ വീഡിയോ എടുക്കുന്നത്? എന്ന് ചോദിച്ചാണ് ലിനു പ്രതികരിച്ച് തുടങ്ങിയത്.

അതൊരു കലാസൃഷ്ടിയല്ലേ. ഒരു കലാകാരനെ മുളയിലെ നുള്ളുന്നത് ശരിയല്ലല്ലോ എന്നായിരുന്നു സിജോയുടെ മറുപടി. എന്നാൽ മറുപടി കേട്ട് കലി വന്ന സിജോയെ തല്ലുന്നതും വീഡിയോയിൽ കാണാം. തല്ല് കിട്ടിയിട്ടും ഭാര്യ തനിക്ക് സപ്പോർട്ടാണെന്ന് തന്നെയാണ് സിജോ ആവർത്തിച്ച് പറഞ്ഞത്. ഞാൻ മറ്റ് പെൺകുട്ടികൾക്കൊപ്പം റീൽ വീഡിയോ ചെയ്താൽ എന്റെ ഭാര്യ പ്രശ്നമുണ്ടാക്കുമോയെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. അച്ചുവിന് അങ്ങനൊരു പ്രശ്നമേയില്ല.
മാത്രമല്ല ഞാൻ വീഡിയോ ചെയ്ത് കഴിഞ്ഞ് തിരികെ വരുമ്പോൾ അച്ചു എന്നെ കെട്ടിപിടിച്ച് ഉമ്മയൊക്കെ തരാറുണ്ട്. ഇത്രയും നല്ല ഭാര്യയെ കിട്ടിയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് എന്നാണ് സിജോ പറഞ്ഞത്. അച്ച ഇതുപോലെ തന്നെ അടുത്തയാഴ്ചയും ചെയ്യണമെന്ന് ഇന്ന് കൂടി ഞാൻ പറഞ്ഞതേയുള്ളു. അച്ച ഇങ്ങനെയുള്ള വീഡിയോസ് ചെയ്യുന്നത് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്.
പ്രോത്സാഹിപ്പിക്കുക മാത്രമെ ഞാൻ ചെയ്യാറുള്ളു. ഫോട്ടോയും പോസ്റ്റുമെല്ലാം വേണമെന്ന് തന്നെയാണ് എനിക്ക് എന്നാണ് ലിനു പറഞ്ഞത്. രസകരമായ വീഡിയോ വൈറലായതോടെ ആരാധകരും ബിഗ് ബോസിലെ സഹതാരങ്ങളുമെല്ലാം കമന്റുകളുമായി എത്തി. ഡോക്ടറുടെ നമ്പർ കയ്യിലുണ്ടോയെന്നാണ് ബിഗ് ബോസ് താരം നിഷാന സിജോയോട് ചോദിച്ചത്.


Click it and Unblock the Notifications











