'കള്ളം പറഞ്ഞ് ഫോൺ തട്ടിയെടുത്തു'; നടുറോഡിൽ നിന്ന് കരഞ്ഞതിനെ കുറിച്ച് ബിഗ് ബോസ് താരം!
ബിഗ് ബോസ് ഹിന്ദി ഏഴാം സീസണിലെ വിജയിയാണ് നടിയും മോഡലുമായ ഗൗഹർ ഖാൻ. ഒരിടക്ക് ശ്രീശാന്തിനെതിരെ ആരോപണവുമായി എത്തി വാർത്തകളിൽ നിറഞ്ഞ താരം കൂടിയായിരുന്നു ഗൗഹർ ഖാൻ. ബിഗ് ബോസിൽ അതിഥിയായി എത്തിയപ്പോൾ ശ്രീശാന്ത് തന്നോട് മോശമായി പെരുമാറിയെന്നും സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നുമായിരുന്നു അന്ന് ഗൗഹർ ഖാൻ ആരോപിച്ചിരുന്നത്. ഈ സംഭവത്തിന്റെ പേരിൽ പിന്നീട് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും ഗൗഹർ ഖാനും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും ചെയ്തിരുന്നു. മോഡലായിട്ടാണ് ഗൗഹർ ഖാൻ ജീവിതം ആരംഭിച്ചത്.

ഗൗഹർ ഖാന്റെ ഏറ്റവും പുതിയ വിശേഷം ഷരീബ് ഹാഷ്മിയോടൊപ്പം ചേർന്ന് അഭിനയിക്കുന്ന ആമസോൺ മിനി ടിവിയിലെ സോറി ഭായിസാബ് എന്ന ഷോർട്ട് ഫിലിമാണ്. കാർ മോഷണം പോകുന്ന ഒരു ദമ്പതികളുടെ കഥയാണ് സിനിമയുടെ പ്രമേയം. സിനിമയെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ തന്റെ വിലപിടിപ്പുള്ള ഒരു സംഭവം ഒരു കൗമാരക്കാരനായ ആൺകുട്ടി കുതന്ത്രത്തിലൂടെ തട്ടിയെടുത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഗൗഹർ ഖാൻ.
പതിനഞ്ച് വർഷം മുമ്പ് ഒരു കുട്ടി തന്റെ ഫോൺ കള്ളത്തരങ്ങൾ പറഞ്ഞ് മോഷ്ടിച്ചതിനെ കുറിച്ചാണ് ഗൗഹർ ഖാൻ തുറന്ന് പറഞ്ഞിരിക്കുന്നത്. 'ഒരിക്കൽ ലോകണ്ഡവാലെ മാർക്കറ്റിലൂടെ ഞാൻ നടക്കുകയായിരുന്നു. അന്ന് എന്റെ കൈയ്യിൽ നോക്കിയയുടെ ഒരു ഫോണുണ്ട്. അന്ന് ആ ഫോണിന് 20000 രൂപ വിലയുണ്ട്. പെട്ടന്ന് ഒരു കുട്ടി പരിഭ്രമിച്ച് കൊണ്ട് എന്റെ അടുത്തേക്ക് എത്തി. എന്റെ ഫോണിലേക്ക് നോക്കിയ ശേഷം ഇങ്ങനെ പറഞ്ഞു. എനിക്കും ഇതുപോലെ ഒരു ഫോണുണ്ട്. പക്ഷെ അത് എന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടു. അതില്ലാതെ വീട്ടിലേക്ക് പോകാൻ പറ്റില്ല. അതുകൊണ്ട് എന്റെ വീടിന്റെ അവിടെ വരെ ഒന്ന് വരണം. ഞാൻ ഈ ഫോൺ അമ്മയെ കാണിച്ചശേഷം വേഗം തിരിച്ച് ഏൽപ്പിക്കാം. ഒരു കൗമാരക്കാരനാണല്ലോ ഇങ്ങനെ അപേക്ഷിക്കുന്നത് എന്ന് ചിന്തിച്ച് ഞാൻ അവനൊപ്പം അവന്റെ വീട്ടിലേക്ക് പോയി ഫോൺ നൽകി വഴിയിൽ കാത്തുനിന്നു. ഫോൺ കൊടുത്ത ശേഷം ഒന്നുകൂടി ചിന്തിച്ചപ്പോഴാണ് ചെയ്തത് മണ്ടത്തരമായി പോയി എന്ന് എനിക്ക് തോന്നിയത്. പിന്നീട് ആ കുട്ടി തിരികെ വന്നില്ല. അവൻ എവിടേക്കാണ് പോയത് എന്ന് പോലും എനിക്ക് കണ്ടുപിടിക്കാനായില്ല' ഗൗഹർ ഖാൻ പറയുന്നു.
അത്ര വിലയുള്ള ഫോൺ നഷ്ടപ്പെട്ടതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ നടുറോഡിൽ നിന്ന് നിലവിളിച്ച് കരഞ്ഞുവെന്നും ഗൗഹർ ഖാൻ പറയുന്നു. സംഭവത്തിൽ താൻ ഇപ്പോഴും ഖേദിക്കുന്നുവെന്നും തന്നെ ശാന്തമാക്കാൻ ഒരു പുതിയ ഫോൺ വാങ്ങിക്കാൻ തന്റെ സഹോദരങ്ങൾ എങ്ങനെയൊക്കെ കഷ്ടപ്പെട്ടുവെന്നത് തനിക്ക് മാത്രമെ അറിയൂവെന്നും ഗൗഹർ ഖാൻ പറയുന്നു. തുടർന്ന് സിനിമാ ജീവിതത്തെ കുറിച്ചും ഗൗഹർ ഖാൻ തുറന്ന് പറഞ്ഞു. 'സിനിമാ നിർമ്മാതാക്കൾ എപ്പോഴും എന്നിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. താണ്ഡവ് എന്റെ കരിയറിന് പുതിയ മാനങ്ങൾ നൽകിയെന്ന് ഞാൻ കരുതുന്നു. നിരവധി അവസരങ്ങൾ താണ്ഡവിന് ശേഷം വന്ന് തുടങ്ങി. ഞാൻ ഇപ്പോൾ ഒരു ആക്ഷൻ ഷോയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഞാൻ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ്. എന്റേതായ വഴികൾ സിനിമയിൽ സൃഷ്ടിച്ചെടുക്കണം എന്നത് എന്റെ എക്കാലത്തേയും മോഹമാണ്. അതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്' ഗൗഹർ ഖാൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications