'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'
ബിഗ് ബോസ് മലയാളം സീസൺ ആറ് ഏഴാം ആഴ്ചയിലേക്ക് എത്തിയപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പതിനേഴ് മത്സരാർത്ഥികളാണ്. പക്ഷെ വീക്കെന്റ് എപ്പിസോഡിനുശേഷം സിബിൻ ഒതുങ്ങിപ്പോയതിനാലും മത്സരിക്കാൻ താൽപര്യം കാണിക്കാത്തതിനാലും വീട് ഉറങ്ങിയ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പോലും കാര്യമായ കണ്ടന്റുകൾ ഇല്ലാത്തത് പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.
അതേസമയം മണ്ടനെന്ന് ഒരു വിഭാഗം പ്രേക്ഷകരും മത്സരാർത്ഥികളിൽ ചിലരും മുദ്രകുത്തിയ മത്സരാർത്ഥി ജിന്റോയാണ് ഇപ്പോൾ ഹൗസിൽ ഏറ്റവും നന്നായി ഗെയിം സ്പിരിറ്റോടെ വീട്ടിൽ നിൽക്കുന്നതും സഹമത്സരാർത്ഥികൾക്ക് എതിരെ കരുക്കൾ നീക്കുന്നതും. ഇന്നത്തെ മോണിങ് ടാസ്ക്കിൽ കോമണറായ മത്സരാർത്ഥി രസ്മിൻ ഭായിയെ ജിന്റോ മൈന്റ് ഗെയിമിലൂടെ തകർത്തു. ഒട്ടും പ്രതീക്ഷിക്കാത്തൊരു നീക്കമായിരുന്നു ജിന്റോയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

ഹൗസിലുള്ള ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും കള്ളത്തരം പറയണം എന്നതായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ മോണിങ് ടാസ്ക്ക്. എല്ലാവരും തങ്ങളുടേതായ രീതിയിൽ ടാസ്ക്ക് അവതരിപ്പിച്ചു. എന്നാൽ ഏറ്റവും മനോഹരമായി ആ ടാസ്ക്ക് ഉപയോഗിച്ചത് ജിന്റോയാണ്. ജിന്റോ പറഞ്ഞ കള്ളം ഇങ്ങനെയായിരുന്നു...
രസ്മിൻ ഹോസ്പിറ്റലിൽ പോയി വന്നതിനുശേഷം അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിൻ-ഗബ്രി കോംമ്പോയ്ക്ക് നെഗറ്റീവാണെന്നും ടിഷ്യു പേപ്പറിൽ ക്യൂട്ടക്‌സ് കൊണ്ട് എഴുതി ടോയ്ലെറ്റിലെ ബാസ്ക്കറ്റിന് അടിയിൽ ഒളിപ്പിച്ച് വെച്ച് കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടില്ലെന്നാണ് ജിന്റോ പറഞ്ഞത്. ജിന്റോയുടെ വെളിപ്പെടുത്തൽ ഒരു നിമിഷം രസ്മിനെ സ്തംഭിപ്പിച്ചു. എങ്ങനെ പ്രതികരിക്കണമെന്ന് പോലും രസ്മിന് മനസിലായില്ല.
മാത്രമല്ല ഈ വിഷയത്തിൽ തന്റെ ഭാഗം ന്യായീകരിക്കാനോ ജിന്റോയോട് തർക്കിക്കാനോ രസ്മിൻ നിന്നില്ല. എന്നാൽ ശ്രീതു ജിന്റോയോട് കയർത്തു. ജിന്റോയുടെ വെളിപ്പെടുത്തൽ വലിയ രീതിയിൽ ഹൗസിൽ ചർച്ചയായി മാറിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പനി ബാധിച്ച് രസ്മിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലേക്ക് പോയ സ്വഭാവത്തോടെയല്ല രസ്മിൻ തിരികെ വന്നത്. പൊതുവെ എല്ലാത്തിലും കേറി ഇടപെട്ട് വാദിക്കാറുള്ള രസ്മിൻ ഇപ്പോൾ ഹൗസിൽ വളരെ നിശബ്ദതയോടെയാണ് ഇരിക്കുന്നത്. മാത്രമല്ല ഹൗസിൽ രസ്മിന് ഒരു ഗെയിം പോലും ഇല്ല. അതുപോലെ തന്നെ രസ്മിൻ ഇതൊക്കെ അറിയിച്ചശേഷം അർജുനും ശ്രീതുവും തങ്ങളുടെ കോംമ്പോ കുറച്ച് കൂടി ശക്തമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. രസ്മിനുണ്ടായ മാറ്റങ്ങൾ പ്രേക്ഷകരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അതിനിടയിലാണ് ജിന്റോയുടെ വെളിപ്പെടുത്തൽ വന്നത്. ജിന്റോയുടെ വെളിപ്പെടുത്തൽ വന്നതോടെ അപ്സര അടക്കമുള്ളവർ ഇതുമായി ബന്ധപ്പെട്ടുള്ള ഗെയിം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇപ്പോൾ ഹൗസിലെ ക്യാപ്റ്റൻ ശ്രീതുവാണ്. ഇപ്പോഴാണ് ശ്രീതുവിന്റേതായിട്ടുള്ള കണ്ടന്റുകൾ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. അർജുനാണ് ഹൗസിൽ ഏറ്റവും മോശം ഗെയിം കാഴ്ചവെക്കുന്ന ഒരു മത്സരാർത്ഥി. ശ്രീതുവുമായുള്ള കോംമ്പോ കണ്ടന്റ് അല്ലാതെ മറ്റൊന്നും അർജുനില്ല.
അതുപോലെ ഇത്തവണത്തെ എവിക്ഷനിലൂടെ രസ്മിൻ പുറത്ത് പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പവർ ടീം അംഗങ്ങളും ക്യാപ്റ്റനും ഒഴികെ മറ്റെല്ലാവരും ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുപോലെ അച്ചടക്ക നടപടിയുടെ ഭാഗമായി മോഹന്‍ലാല്‍ സിബിനെ പവര്‍ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.
ജാന്‍മോണി പോയ സമയത്ത് അവരുടെ ഇഷ്ടപ്രകാരം ശ്രീരേഖയെ പവര്‍ ടീമിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സിബിന്‍റെ ഒഴിവ് നികത്തപ്പെടാതെ കിടപ്പുണ്ടായിരുന്നു. ഇന്നലെ ബിഗ് ബോസ് അത് നികത്തി. ഗബ്രിയാണ് പവർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ മത്സരാർത്ഥി. അഭിഷേക്, ജിന്റോ, നന്ദന എന്നിവരായിരുന്നു ഗബ്രിക്കൊപ്പം ടാസ്ക്ക് കളിച്ചത്. അതിൽ ഗബ്രി വിജയിക്കുകയായിരുന്നു.


Click it and Unblock the Notifications