'നിന്റെ മോന്ത കാണുമ്പോൾ ടിവി എറിഞ്ഞ് പൊട്ടിക്കാൻ തോന്നും'; ഈ സീസണിലെ ഇര ജുനൈസ്, സൈബർ ആക്രമണം രൂക്ഷം!
ബിഗ് ബോസ് ഷോ അവസാനിച്ച് കഴിയുമ്പോൾ മത്സരാർത്ഥികൾക്ക് സൈബർ ബുള്ളിയിങ് ലഭിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. അർഹിക്കാത്ത വിജയമാണ് ലഭിച്ചതെന്ന് ആരോപിച്ച് സീസൺ ഫോർ കഴിഞ്ഞപ്പോൾ വിജയിയായി ദിൽഷ പ്രസന്നന് വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നു.
റോബിൻ രാധാകൃഷ്ണനുമായുള്ള സൗഹൃദം മറയാക്കി റോബിന്റെ ആരാധകരുടെ വോട്ട് നേടിയാണ് ദിൽഷ വിജയിച്ചതെന്നായിരുന്നു അന്ന് ഉയർന്ന പ്രധാന ആരോപണം.
കേരളത്തിലേക്ക് എത്തിയാൽ മാധ്യമങ്ങളുടെ വിചാരണ കൂടി നേരിടേണ്ടി വരുമെന്നതിനാൽ ദിൽഷയെ മുംബൈയിൽ എത്തി കുടുംബം കാർ മാർഗം ബാംഗ്ലൂരിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്.
ദിൽഷയുടെ ഓരോ സോഷ്യൽമീഡിയ പോസ്റ്റിന് താഴെയും ഇപ്പോഴും ഹേറ്റ് കമന്റുകൾ നിരവധി കാണാം. ദിൽഷയ്ക്ക് മാത്രമല്ല സീസൺ 2വിൽ ആര്യ ബഡായിക്കും മഞ്ജു പത്രോസിനും എല്ലാം സൈബർ ആക്രമണം വലിയ രീതിയിൽ ലഭിച്ചിട്ടുണ്ട്.

സീസൺ ഫൈവിൽ സൈബർ ആക്രമണം ഇപ്പോൾ നേരിടുന്നത് ജുനൈസാണ്. ഫിനാലെയില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് അതായത് മൂന്നാം സ്ഥാനം നേടിയാണ് ജുനൈസ് ഫിനിഷ് ചെയ്തിരിക്കുന്നത്. ടോപ്പ് ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ എല്ലാ ആവേശത്തോടെയുമാണ് ജുനൈസ് ഫിനാലെ വേദിയിൽ സംസാരിച്ചത്.
തനിക്കാണ് മൂന്നാം സ്ഥാനമെന്ന് അറിഞ്ഞപ്പോൾ ഹൗസിൽ അവശേഷിച്ച ടോപ്പ് ടുവായ അഖിലിനോടും റെനീഷയോടും ചെയ്ത കാര്യങ്ങളിൽ മാപ്പ് ചോദിച്ച് നല്ല സൗഹൃദം സൃഷ്ടിച്ച ശേഷമാണ് ഹൗസിന്റെ പടി കടന്ന് ജുനൈസ് പുറത്തേക്ക് വന്നത്.
എന്നാൽ ജുനൈസ് ഹൗസിൽ വെച്ച് പലപ്പോഴായി മത്സരത്തിനിടയിൽ പറഞ്ഞ കാര്യങ്ങൾ വെച്ച് വിലയിരുത്തിയാണ് താരത്തിന് എതിരെ സോഷ്യൽമീഡിയ ബുള്ളിയിങ് നടക്കുന്നത്. അഖിൽ മാരാരോട് എതിർത്താണ് ജുനൈസ് തുടക്കം മുതൽ അവസാനം വരെ കളിച്ചത്. ഹൗസിൽ നിന്നും ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് എല്ലാം പറഞ്ഞ് അവസാനിപ്പിച്ച് അഖിലുമായി രമ്യതയിലാവുകയും ചെയ്തിരുന്നു.
മത്സരം കഴിഞ്ഞുവെന്നും ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ മാത്രമായിരുന്നുവെന്ന് മനസിലാക്കാതെയുമാണ് ജുനൈസിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ ചിലർ ഹേറ്റ് കമന്റുകളും തെറി വിളികളും നടത്തുന്നത്. ജുനൈസിന്റെ മോന്ത കാണുമ്പോൾ ടിവി എറിഞ്ഞ് പൊട്ടിക്കാൻ തോന്നുന്നുവെന്നതടക്കമുള്ള കമന്റുകളാണ് വരുന്നത്.

'നിന്റെ മോന്ത കാണുമ്പോൾ തന്നെ ടിവി എറിഞ്ഞ് പൊട്ടിക്കാൻ തോന്നും... അത്രയ്ക്ക് നെഗറ്റീവ്, ബിഗ് ബോസിൽ ഏറ്റവും ടോക്സിക്കും പേടിതൊണ്ടനും ആയി പോയല്ലോ ഇക്കാ, വെറുക്കപ്പെട്ടവനാണ് നീ... ഫ്രണ്ട്ഷിപ്പ് എന്നൊന്ന് നിനക്കില്ല. വിഷം..., ഈ മണ്ടൻ മിക്കവാറും പുറത്തിറങ്ങി കഴിയുമ്പോൾ ഒരു പുതിയ പുസ്തകം ഇറക്കും... 101 പൊളിറ്റിക്കൽ കറക്ടനെസ്,'
'നിന്നെ പോലൊരു വൃത്തികെട്ട വ്യക്തിത്വത്തിന് ഉടമയെ മലയാളികൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല... അത്രയും വലിയ വിഷമാണ് നീ...', എന്നിങ്ങനെ നിരവധി ഹേറ്റ് കമന്റുകളാണുള്ളത്. അഖിൽ മാരാർക്ക് ട്രോഫി സമ്മാനിച്ചപ്പോൾ ജുനൈസിന്റെ മുഖത്ത് നിരാശയായിരുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്.
സൈബർ ആക്രമണത്തോട് തനിക്ക് ഭയമാണെന്ന് ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ ജുനൈസ് പറഞ്ഞിരുന്നു. തെറ്റ് കുറ്റങ്ങൾ ആരിൽ കണ്ടാലും സോഷ്യൽമീഡിയ തുറക്കാൻ കഴിയാത്ത വിധത്തിൽ സൈബർ ആക്രമണം നടത്തരുതെന്നും ജുനൈസ് മത്സരിക്കാൻ പോകും മുമ്പ് തന്റെ പ്രേക്ഷകരോടായി പറഞ്ഞിരുന്നു.
'നമ്മള്‍ എല്ലാവരും വിജയികളാണ്. ടോപ്പ് 3 എന്ന് പറയുന്നത് എന്‍റെ ജീവിതത്തിലെ വലിയ കയറ്റത്തിലേക്കുള്ള ആദ്യ പടിയൊന്നുമല്ല. ഏകദേശം പകുതിക്കുള്ള ഒരു പടിയാണ്. ഒരുപാട് നന്ദി...', എന്നാണ് എവിക്ടായ ശേഷം മോഹൻലാലിനോട് സംസാരിക്കവെ ജുനൈസ് പറഞ്ഞത്.


Click it and Unblock the Notifications