അപ്രതീക്ഷിത അട്ടിമറി..., നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട് ശോഭ, പറഞ്ഞതുപോലെ താരം ധരിച്ചത് മുഹൂർത്തപ്പട്ട്!
ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരാർത്ഥിയായി പ്രവേശിച്ച ആദ്യദിനം മുതൽ ശോഭ വിശ്വനാഥ് സ്വപ്നം കാണുന്നതാണ് സീസൺ ഫൈവ് ടൈറ്റിൽ. അന്നേ ദിവസം ഉടുക്കാനായി തനിക്ക് ഒരുപാട് വേദനകൾ സമ്മാനിച്ച ഒരു സാരി താൻ കൊണ്ടുവന്നിട്ടുണ്ടെന്നും ഗ്രാന്റ് ഫിനാലെ വേദിയിൽ ആ സാരി ഉടുത്ത് നിന്ന് അതിനെ മഹത്വമുള്ള ഒന്നാക്കി മാറ്റാൻ താൻ ആഗ്രഹിക്കുന്നതായും ശോഭ പറഞ്ഞിരുന്നു.
പറഞ്ഞത് പോലെ തന്നെ ശോഭ സ്വന്തം മുഹൂർത്തപ്പട്ട് ധരിച്ചാണ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്തത്. ഒന്നെങ്കിൽ വിജയി അല്ലെങ്കിൽ രണ്ടാം സ്ഥാനം ഇതിൽ ഏതെങ്കിലും തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷ ശോഭയ്ക്കുണ്ടായിരുന്നു.
ടോപ്പ് 2വിനെ ഹൗസിൽ നിന്നും മോഹൻലാൽ കൈപിടിച്ച് ഇറക്കി കൊണ്ടുപോകുമ്പോൾ അതിൽ ഒരാൾ താൻ ആയിരിക്കുമെന്ന് ശോഭ സഹമത്സരാർത്ഥികളോട് പറയാറുണ്ടായിരുന്നു. പക്ഷെ പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചത്.
ഗ്രാന്റ് ഫിനാലെ ആയപ്പോൾ വലിയൊരു അട്ടിമറി നടക്കുകയും നാലാം സ്ഥാനത്തേക്ക് ശോഭ പിന്തള്ളപ്പെടുകയും ചെയ്തു. മൂന്നാം സ്ഥാനം ശോഭയ്ക്കായിരിക്കുമെന്നാണ് പ്രേക്ഷകരിൽ ഏറെപ്പേരും പ്രവചിച്ചിരുന്നത്.

പക്ഷെ ജുനൈസ് വോട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തേക്ക് കയറിയതോടെ ശോഭ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രണ്ടാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മത്സരാര്‍ത്ഥിയായിരുന്ന ശോഭയെ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യയാണ് വീട്ടില്‍ എത്തി നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പുറത്തേയ്‍ക്ക് കൊണ്ടുപോയത്. പ്രതീക്ഷിച്ചത് ലഭിക്കാതിരുന്നതിന്‍റെ സങ്കടം ഉള്ളിലൊതുക്കിയാണ് ശോഭ ഹൗസിൽ നിന്നും പുറത്തേക്ക് വന്നത്.
നാലാം സ്ഥാനം നേടി ശോഭ ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് വന്നപ്പോൾ സഹമത്സരാർത്ഥികളും മോഹൻലാലും നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. ബിഗ് ബോസ് തന്‍റെയൊരു പുതിയ തുടക്കമാണെന്ന് വിശ്വസിക്കുന്നുവെന്നാണ് വേദിയിൽ വെച്ച് സംസാരിക്കവെ ശോഭ പറഞ്ഞത്.
'നൂറ് ദിവസം നില്‍ക്കുമെന്ന് ഞാന്‍ പറഞ്ഞു. നൂറ് ദിവസം വിജയകരമായി നിന്നു. ഇതെന്‍റെ മുഹൂർത്തപ്പട്ടാണ്. ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്. ഓരോന്നും എനിക്കൊരു കഥയാണ്. ഈ സാരി എന്‍റെ വിജയഗാഥയുടെ ഒരു തുടക്കമാണ്. ഈ സാരി ഇനി ഞാന്‍ ഉടുക്കും', എന്നാണ് മോഹന്‍ലാലിനോട് ശോഭ പറഞ്ഞത്.
എവിക്ഷൻ അപ്രതീക്ഷിതമായിരുന്നോയെന്ന് മോഹന്‍ലാൽ ചോദിച്ചപ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവെന്നതായി ശോഭ വെളിപ്പെടുത്തി. 'ടോപ്പ് 2 ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഈ അഞ്ച് പേരും ഇവിടെ ഇരിക്കുന്ന 21 പേരും വിജയികളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ടോപ്പ് ഫൈവിൽ വരാന്‍ പറ്റി. ഭയങ്കര ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു. മൂന്നര കോടി ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും കൂടെ ഉണ്ടാകുമെന്ന് എനിക്കറിയാം.'

'ഒരു സന്ദേശം കൊടുക്കാനാണ് ഇവിടെ വന്നത്. ജീവിതത്തില്‍ തോറ്റുപോയി... വീണുപോയി എന്ന് വിചാരിക്കുന്ന സ്ഥലത്ത് നമ്മള്‍ വീണിട്ടില്ല... അവിടെ നിന്ന് തുടങ്ങണം. ഇത് എന്‍റെയൊരു പുതിയ തുടക്കമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു', എന്നാണ് ശോഭ പറഞ്ഞത്. 'നിങ്ങളുടെ സ്വപ്നങ്ങളില്‍ വിശ്വസിക്കുക. നിങ്ങളുടെ നൂറ് ശതമാനം നല്‍കുക. ഒരിക്കലും പിന്മാറരുത്.'
'ഞാന്‍ ഇവിടെ നില്‍ക്കുന്നതും സ്വപ്നത്തിന്‍റെ പുറത്താണ്. ഞാനൊരു ഇരയല്ല.... സ്വപ്നം കാണുന്നയാളാണ്. ഉറങ്ങുന്നതിന് മുമ്പ് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി... വോട്ട് ചെയ്യാത്തവരോടും. നെയ്ത്തുകാരോടും ഗുരുക്കന്മാരോടും അച്ഛനമ്മമാരോടും നന്ദി എന്നും', ശോഭ കൂട്ടിച്ചേർത്തു. തന്റെ പുതിയ സംരഭത്തിലേക്കായി മോഹൻലാലിൽ നിന്നും ഒറ്റ രൂപ നാണയം കൂടി വാങ്ങിയാണ് ശോഭ വേദി വിട്ടത്.


Click it and Unblock the Notifications